Wild boar issue kerala
Wild boar issue kerala

കാട്ടുപന്നികളെങ്ങനെ നാട്ടിലെത്തി?

കേരളത്തിലെ പതിനാല് ജില്ലകളിലെയും നൂറിലധികം വരുന്ന പഞ്ചായത്തുകളില്‍ കാട്ടുപന്നികളുടെ സജീവമായ സാന്നിദ്ധ്യം കൊണ്ടുള്ള പ്രശ്നങ്ങൾ നിലനില്‍ക്കുന്നു എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്
Published on

കാട്ടുപന്നികള്‍, അല്ല പേരുമാറ്റേണ്ടിവരും, നാട്ടില്‍ അത്രത്തോളമുണ്ട് കാട്ടുപന്നികള്‍. സംസ്ഥാനത്തെ നഗര ഗ്രാമ വ്യത്യാസമില്ലാതെ പലയിടങ്ങളിലും തെരുവ് നായകളെ പോലെ കാട്ടുപന്നികളെ കണ്ടേക്കാം. പലയിടങ്ങളിലും രാവെന്നെ പകലെന്നോ വ്യത്യാസമില്ലാതെ ഒരു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായേക്കാം.

കാട്ടുപന്നികള്‍ മണ്ണിനും പരിസ്ഥിതിക്കും ദോഷകരമാകുന്നതെങ്ങനെ?

കിഴങ്ങുകള്‍, പ്രാണികള്‍, വേരുകള്‍ എന്നിവയാണ് പന്നികളുടെ പ്രധാന ഭക്ഷണം. ഇവയ്ക്കായി എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്ന സ്വഭാവമാണ് പന്നികളുടേത്. ഏതെങ്കിലും പ്രദേശത്ത് ഒതുങ്ങാതെ നീങ്ങുന്ന പ്രകൃതം. ഇവയുടെ മൂക്കുകളും തേറ്റകളും മണ്ണിനെ ഇളക്കി മറിക്കാൻ ഉതകുന്നവയാണ്. ഈ കിളച്ചുമറിക്കല്‍ കൃഷിയിടങ്ങളും പുല്‍മേടുകളും നശിപ്പിക്കുന്നു. മണ്ണൊലിപ്പിനും ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. മണ്ണിന്റെ അടുക്കുകള്‍ക്ക് കോട്ടം വരുത്തി, വെള്ളം വലിച്ചെടുക്കാനുള്ള ശേഷി കുറയ്ക്കുന്നു.

ചെളിയുമായുള്ള പന്നികളുടെ സഹവാസം അവയുടെ ജീവിത രീതിയുമായി ബന്ധപ്പെട്ടതാണ്. ശരീരത്തില്‍ തണുപ്പ് നിലനിര്‍ത്താനും വിഷ ജന്തുക്കളുടെ കടിയേല്‍ക്കാതിരിക്കാനുമാണ് ചെളിമണ്ണിനെ ശരീരത്തിന്റെ ആവരണമായി ഇവ ഉപയോഗിക്കുന്നത്. ചെളിക്കുണ്ടുകള്‍ക്ക് നിരന്തരമായി ഉണ്ടാക്കുന്നതിലൂടെ ഇവയുടെ വാസകേന്ദ്രങ്ങള്‍ക്ക് സമീപം മണ്ണുറച്ച് പോകുന്ന (Soil compaction) നിലയുണ്ടാകുന്നു. ഭൂമിയിലെ സസ്യങ്ങളുടെ ആവരണം (vegetation cover) നഷ്ടപ്പെടുമെന്നതാണ് മറ്റൊരു വെല്ലുവിളി. ഇത് വലിയ തോതിലുള്ള മണ്ണൊലിപ്പും നീരൊഴുക്കും വര്‍ദ്ധിപ്പിക്കുന്നതായി ഇവയെ കുറിച്ചുള്ള പഠനങ്ങൾ അടിവരയിടുന്നു.

സസ്യങ്ങളുടെ വളര്‍ച്ച നശിപ്പിക്കുന്നു

നേര്‍ത്ത വേരുകള്‍ തേടിപ്പോലും വലിയ പ്രദേശത്തെ മണ്ണ് ഇടിച്ചു നിരത്തുന്നതാണ് പന്നികളുടെ ഇരതേടല്‍ രീതി. ഇത് സസ്യങ്ങളുടെ സ്വാഭാവിക പുനരുത്പാദനത്തെ തടസപ്പെടുത്തുന്നു. കുത്തിമറിക്കപ്പെട്ട സസ്യങ്ങള്‍ക്ക് വീണ്ടും വളരാന്‍ കഴിയാത്ത വിധത്തില്‍ നശിപ്പിക്കപ്പെടും, അല്ലെങ്കില്‍ വീണ്ടും മുളപൊട്ടാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കും. . ഋതുക്കള്‍ മാറുമ്പോള്‍ ഉണ്ടാകേണ്ടവളര്‍ച്ചയും മാറ്റങ്ങളും എത്തിച്ചേരാതെ സസ്യങ്ങളുടെ അകാല നാശത്തിലേക്കാണ് ഈ സാഹചര്യം കൊണ്ടെത്തിക്കുന്നതെന്ന് വയനാട്ടിലെ കർഷകനായ രജീഷ് പറയുന്നു.

Wild boar issue kerala
കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
നിയന്ത്രിത വേട്ടകള്‍ക്ക് അനുമതി നല്‍കുമ്പോൾ എത്ര വന്യമൃഗങ്ങളെ കൊല്ലണമെന്നതിന്റെ കൃത്യമായ കണക്കുകള്‍ ആവശ്യമാണ്. ഇതില്‍ പരിസ്ഥിതി വനം മന്ത്രാലയം പ്രാദേശിക സമൂഹവുമായി ചര്‍ച്ച നടത്തണം.
മാധവ് ഗാഡ്ഗില്‍
Kerla Forest department
വനം വകുപ്പിലെ കണക്ക്

ക്ഷുദ്രജീവിയും ഉന്മൂലനവും, വിഷയം സങ്കീര്‍ണം

കാട്ടുപന്നികളുടെ പ്രതിരോധം എന്നത് മനുഷ്യ വന്യജീവി സംഘര്‍ഷത്തിലെ സങ്കീര്‍ണമായ വിഷയമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കാട്ടുപന്നികളെ സംരക്ഷിത ഇനമായാണ് കണക്കാക്കുന്നത്. അതിനാല്‍ കൊല്ലുന്നതിനും/കെണിയിലാക്കുന്നതിനും അനുമതി ആവശ്യമാണ്.

കേവലം ഉന്മൂലനത്തിന് അപ്പുറത്ത് സന്തുലിതമായതും ശാസ്ത്രീമായതുമായതുമായ നിയന്ത്രണ രീതിയാണ് വേണ്ടത്. ഇതുപരിഗണിക്കാതെയുള്ള ഉന്മൂലനം മറ്റ് വന്യ മൃഗങ്ങള്‍ പെരുകുന്നതിലേക്ക് നയിച്ചേക്കാം. പ്രാദേശിക കര്‍ഷക സഹകരണമില്ലാതെ നടപ്പാക്കുന്ന നിയന്ത്രണങ്ങളിലെ ചെറിയ പിഴവുകള്‍ പോലും വലിയ ലക്ഷ്യത്തെ അട്ടിമറിച്ചേക്കാം. കേരളത്തില്‍ കാട്ടുപന്നി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും വിവിധ വാദങ്ങളും ഇത്തരത്തിലാണ്.

വന്യജീവികളിലും ജൈവവൈവിധ്യത്തിലുമുണ്ടാകുന്ന ആഘാതം (Impact on Wildlife and Biodiversity)

ചെറു ജീവികളെയും പന്നികള്‍ ഭക്ഷണമാക്കാറുണ്ട്. നിലത്തു കൂടുകൂട്ടുന്ന പക്ഷികളുടെയും, ഉരഗങ്ങളുടെയും, ഉഭയജീവികളുടെയും (amphibian) വാസസ്ഥലങ്ങൾ ഉള്‍പ്പെടെ പന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്. ഇതിനൊപ്പം ഉള്‍ക്കാടുകളിലെ പുല്‍മേടുകളില്‍ നശിപ്പിക്കുകയും ഇതിലൂടെ മാന്‍ പോലുള്ള സസ്യാഹാരികളുടെ ഭക്ഷണ സ്രോതസ്സുകളെയും പന്നികളുടെ ഇടപെടല്‍ നശിപ്പിക്കുന്നു. ഇരതേടി മാനുകളുൾപ്പെടെ കാടിറങ്ങുന്നതിന് ഭക്ഷ്യ ക്ഷാമം വഴിവയ്ക്കുന്നു.

ഒച്ചുകള്‍, പുഴുക്കള്‍ എന്നിവ ഉൾപ്പടെയുള്ള ചെറിയ ജീവികളെ (invertebrates) എന്നിവയെയും പന്നി ഭക്ഷണമാക്കാറുണ്ട്. തദ്ദേശീയ ജീവിവര്‍ഗ്ഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിലേക്കാണ് ഈ പ്രവണത വഴിവയ്ക്കുന്നത്. ഭക്ഷ്യശൃംഖലയെയും (food web) വനത്തിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും (ecological balance) ഇത് മാറ്റിമറിക്കുന്നു.

അധിനിവേശ സസ്യങ്ങളുടെ വ്യാപനവും പന്നികളിലൂടെ വളരെ വേഗത്തില്‍ നടക്കുന്നു. കാഷ്ടത്തിലൂടെയും രോമങ്ങളിലൂടെയും അധിനിവേശ സസ്യങ്ങളുടെ (invasive plant species) വിത്തുകളുടെ (non-native seeds) വ്യാപനം നടക്കുന്നത്.

ജല സ്രോതസുകള്‍ നശിപ്പിക്കുന്നു. (Water and Ecosystem Effects)

തണ്ണീര്‍ത്തടങ്ങളിലും (wetlands) പുഴയോരങ്ങളിലെയും ചെളിയാണ് പന്നികളുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍. പന്നികളുടെ ഇടപെടല്‍ നീരൊഴുക്കുകളില്‍ അടിഞ്ഞുകൂടുന്ന മണലിന്റെയും എക്കലിന്റെയും (sedimentation) അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് മൂലം ജലത്തിന്റെ ഗുണനിലവാരം കുറയുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. മത്സ്യങ്ങളുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നു.

wild Boar,Technopark, Man animal conflict
നഗരത്തിൽ കാട്ടുപന്നി ശല്യം

ആഘാതം മനുഷ്യരിലേക്ക്

കാര്‍ഷിക വിളകളെ വ്യാപകമായി നശിപ്പിക്കുന്ന പന്നികളുടെ ഇടപെടല്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. നെല്ല്, വാഴ, കിഴങ്ങുവിളകള്‍ എന്നിവയാണ് പന്നികളുടെ ആക്രമണത്തിന് പ്രധാനമായും ഇരയാകുന്നത്. ഇതിനൊപ്പം അതിരുകളും ജലസേചന സംവിധാനങ്ങളും നശിപ്പിക്കുന്നു. ഇവിടെയാണ് പന്നികള്‍ മനുഷ്യ വന്യ ജീവി സംഘര്‍ഷത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്നത്.

konni medical college
തെരുവ് പട്ടികള്‍ ഓടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നുവീഡിയോ സ്‌ക്രീന്‍ഷോട്ട്

പന്നികളുടെ എണ്ണത്തിലുണ്ടായ വര്‍ധന-

കാടിറങ്ങുന്നതും നാട്ടില്‍ പെറ്റുപെരുകുന്നതുമായ പന്നികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. ഇതിന് നിയമ പ്രശ്‌നങ്ങളും പാരിസ്ഥിതിക, മാനുഷിക വിഷയങ്ങളും ഉൾപ്പടെ നിരവധി കാരണങ്ങളുണ്ട്.

വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂള്‍ മൂന്നില്‍ ഉള്‍പ്പെടുന്ന ജീവികളാണ് പന്നികള്‍. അതിനാല്‍ തന്നെ അനുമതിയില്ലാതെ ഇവയെ കൊല്ലുന്നത് കുറ്റകരമാണ്. ഈ വ്യവസ്ഥ പന്നികളുടെ എണ്ണം പെരുകുന്നതിന് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. നേരത്തെ പന്നികളെ നിയന്ത്രിക്കുന്നതിന് കര്‍ഷകര്‍ക്ക് തങ്ങുളുടേതായ രീതികള്‍ ഉണ്ടായിരുന്നു, നിയമം ശക്തമാക്കിയതോടെ ഇതിന് സാധിക്കാതെയായി.

വന്യ ജീവികള്‍ കാടിറങ്ങുന്നതിന് പിന്നിലുള്ള പ്രധാന കാരണം ഭക്ഷണത്തിന്റെ കുറവാണ്. നാട്ടിൽ കാര്‍ഷിക വിളകളുടെ ലഭ്യതയാണ് പന്നികള്‍ ഉള്‍പ്പെടെയുള്ള ജീവികളെ ആകര്‍ഷിക്കുന്നത്. കപ്പ, ചേമ്പ്, വാഴ, നെല്ല് തുടങ്ങിയ കൃഷിഭൂമികള്‍ കാട്ടുപന്നികള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണ സ്രോതസ്സാണ്.

വനാതിര്‍ത്തിക്കടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും വര്‍ഷം മുഴുവനും അവയ്ക്ക് ഭക്ഷണം ഉറപ്പാക്കുന്നു. മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കാട്ടുപന്നികളെ ആകര്‍ഷിക്കുന്നു.

വനനശീകരണവും ആവാസവ്യവസ്ഥയിലെ മാറ്റവും, കൈയേറ്റം, കരിങ്കല്‍ ക്വാറികള്‍, എന്നിവ വനമേഖലയിലെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും കാട്ടുപന്നികളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. മറ്റ് പല വന്യജീവികളില്‍ നിന്നും വ്യത്യസ്തമായി പന്നികള്‍ വനം, തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിങ്ങനെയുള്ള ആവാസവ്യവസ്ഥകളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുന്നു.

ഉയര്‍ന്ന പ്രത്യുത്പാദന നിരക്ക്

അതിവേഗം പ്രജനനം നടത്തുന്ന ജീവികളാണ് കാട്ടുപന്നികള്‍. ഒരു വര്‍ഷം 2 തവണയാണ് ഇവയുടെ പ്രസവ കാലഘട്ടം. രണ്ട് പ്രസവത്തിലുമായി ശരാശരി 48 കുട്ടികള്‍ ജനിക്കുന്നു. 2022-23 ല്‍ പ്രസിദ്ധീകരിച്ച കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സില്‍ കാട്ടുപന്നികളുടെ വളർച്ചയുടെ തോത് വ്യക്തമാക്കുന്നുണ്ട്.

Indian Environmentalist Madhav Gadgil
Indian Environmentalist Madhav Gadgil

പെരുകിയാല്‍ കൊന്ന് നിയന്ത്രിക്കണം?

ഇന്ത്യയിലെ ദേശീയ പാര്‍ക്കുകളില്‍ ഉള്‍പ്പെടെ നിയന്ത്രിത വേട്ട അനുവദിക്കാവുന്നതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. 2023 ല്‍ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടും അദ്ദേഹം ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. യുഎസ്, ആഫ്രിക്ക, ബ്രിട്ടന്‍, ചില സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളിൽ ഇത്തരത്തില്‍ മൃഗവേട്ട അനുവദനീയമാണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളെ നാട്ടുകാര്‍ക്ക് ഭക്ഷിക്കാനായി നല്‍കുന്ന രീതിയും നിലനില്‍ക്കുണ്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ നിയന്ത്രിത വേട്ടകള്‍ക്ക് അനുമതി നല്‍കുമ്പോൾ എത്ര വന്യമൃഗങ്ങളെ കൊല്ലണമെന്നതിന്റെ കൃത്യമായ കണക്കുകള്‍ ആവശ്യമാണ്. ഇതില്‍ പരിസ്ഥിതി വനം മന്ത്രാലയം പ്രാദേശിക സമൂഹവുമായി ചര്‍ച്ച നടത്തണം. ലൈസന്‍സ് രീതി കൃത്യമായിരിക്കണം,' എന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെടുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമം (ഡബ്ല്യുപിഎ) റദ്ദാക്കണമെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

''പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ തദ്ദേശീയര്‍ക്ക് അധികാരം നല്‍കുന്ന 2002 ലെ ജൈവവൈവിധ്യ നിയമം നടപ്പിലാക്കണം, വേട്ടയാടലിനെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വംശനാശ ഭീഷണി നേരിടുന്ന കടുവ പോലുള്ള ജീവികള്‍ ആണ് മനുഷ്യന് ഭീഷണിയാകുന്നത് എങ്കില്‍ അവയെ പിടികൂടി മറ്റിടങ്ങളിലേക്ക് മാറ്റാവുന്നതാണ്. കേരളത്തില്‍ കടുവകള്‍ കൂടുതലെങ്കില്‍ കടുവകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രാജസ്ഥാനിലെ സരിസ്‌ക നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റാവുന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്താവുന്നതാണെന്നും അഭിപ്രായം ശക്തമാണ്.

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് വന്യജീവിയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി (vermin) പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

ഇക്കാര്യം സജീവമായി പരിഗണിക്കപ്പെടേണ്ടതാണെന്ന് പൊതു പ്രവര്‍ത്തകനും മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളില്‍ സജീവമായി ഇടപെടുന്ന ജെയിംസ് വടക്കൻ അഭിപ്രായപ്പെടുന്നു. കാട്ടുപന്നികളെ ഉപദ്രവകാരികളായ ജീവി ആയി പ്രഖ്യാപിക്കുന്നതോടെ ഇവയുടെ നിയന്ത്രണത്തിലുള്ള ഇപ്പോഴത്തെ നിയമ പ്രശ്നങ്ങള്‍ നീങ്ങുന്ന നിലയുണ്ടാകും. പന്നികളെ കൊന്ന് ഭക്ഷിക്കാവുന്ന തരത്തില്‍ നിയമ വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ജെയിംസ് വടക്കന്‍ പറയുന്നു.

''കാട്ടുപന്നികള്‍ ഇപ്പോള്‍, കാടില്ലാത്ത ഇടങ്ങളില്‍ പോലും വ്യാപകമാണ്. പരിമിതമായ അളവിന് മുകളിലേക്ക് ജീവികള്‍ പെരുകിയാല്‍ കൊന്നൊടുക്കണം. സ്വിറ്റ്സര്‍ലന്റില്‍ ചെന്നായക്കളെ ഇത്തരത്തില്‍ നിയന്ത്രച്ചിട്ടുണ്ട്. സംരക്ഷിത വിഭാഗത്തിൽ പെട്ടവയുടെ എണ്ണമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. വനം വകുപ്പിന്റെ അധികാരം വനത്തിന് അകത്താണ്. ഒരു വന്യജീവി നാട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ അതിന് മുകളില്‍ വനം വകുപ്പിന് അധികാരം ഇല്ലാത്ത നിലയുണ്ടാകണം.'' വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ജെയിംസ് വടക്കന്‍ പറയുന്നു.

forest Department
forest Department

കാട്ടുപന്നികളെ കൊന്നതിന്റെ എണ്ണം (Culling Data)

ഓഗസ്റ്റ് 2025 വരെ, മനുഷ്യവാസ കേന്ദ്രങ്ങളിൽ ഭീഷണിയായി മാറിയ ഏകദേശം 4,734 കാട്ടുപന്നികളെ അനുമതിയോടെ കൊന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. പാലക്കാട് ജില്ലയിലാണ് (1,457 എണ്ണം) ഏറ്റവും കൂടുതല്‍ പന്നികളെ കൊന്നത്. മലപ്പുറം (826), തിരുവനന്തപുരം (796), കണ്ണൂര്‍ (677) ജില്ലകളാണ് പട്ടികയില്‍ തുടര്‍ന്നുവരുന്നത്.

കാട്ടുപന്നി നശിപ്പിച്ച കൃഷിയിടം
കാട്ടുപന്നി നശിപ്പിച്ച കൃഷിയിടം

ആവശ്യം ശാസ്ത്രീയമായ നിയന്ത്രണം

പ്രതിരോധം, നിരീക്ഷണം, ചിലപ്പോള്‍ നിയന്ത്രിത ഉന്മൂലനം എന്നിവ എന്നിവ സംയോജിപ്പിച്ച് ഫലപ്രദമായ പ്രതിരോധ, നിയന്ത്രണ സംവിധാനമാണ് കേരളത്തിലെ കാട്ടുപന്നി പ്രതിരോധത്തിന് അനുയോജ്യമായ രീതി. സംസ്ഥാനം പുറത്തിറക്കിയ നയരേഖയിലും ഇക്കാര്യങ്ങള്‍ പരിഗണിച്ച് കൊണ്ടുള്ള നിയന്ത്രണ രീതികള്‍ ആണ് ശുപാര്‍ശ ചെയ്യുന്നത്. ഡോ. പി ഒ നമീർ (പ്രൊഫസർ,വൈൽഡ് ലൈഫ് സ്റ്റഡീസ്, കേരള അഗ്രിക്കൾചർ കോളജ്) കേരള വനം വകുപ്പിന്റെ പ്രസിദ്ധീകരണമായ രണ്യത്തിലെ ലേഖനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

1. ആവാസ വ്യവസ്ഥയും ഭൂവിനിയോഗ മാനേജ്മെന്റും

കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ ഹോട്ട്-സ്പോട്ടുകള്‍ തിരിച്ചറിയുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യുകയാണ് ഇതിലെ ആദ്യഘട്ടം. വനത്തോട് ചേര്‍ന്ന കാര്‍ഷിക മേഖലകള്‍, പഴയ റബ്ബര്‍/തോട്ടം തരിശുഭൂമികള്‍ തുടങ്ങി പന്നികളുടെ പ്രജനനത്തിനും സഞ്ചാരത്തിനും സഹായിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുക എന്നതാണ് ഇതില്‍ പ്രധാനം. കൃഷിയിടങ്ങള്‍ക്കും ആവാസ വ്യവസ്ഥയ്ക്കും സമീപമുള്ള കുറ്റിക്കാടുകള്‍ ഉള്‍പ്പെടെ കാര്യക്ഷമായി കൈകാര്യം ചെയ്യുക.

വനാതിര്‍ത്തികളില്‍ പന്നികളെ ആകര്‍ഷിക്കുന്ന കൃഷികള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുകയാണ് മറ്റൊരു മാര്‍ഗം.

2. വേലി

കൃഷിയിടങ്ങള്‍ക്ക് ചുറ്റും ഫലപ്രദമായ ഭൗതിക തടസ്സങ്ങള്‍ സ്ഥാപിക്കുക. ശക്തമായ വേലികള്‍ (ലോഹ-വയര്‍, കോണ്‍ക്രീറ്റ് പോസ്റ്റുകള്‍) എന്നിവ ഇതിനായി ഉപയോഗിക്കാം. ശല്യം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കാം. പന്നികളുടെ സഞ്ചാരം വിലയിരുത്തി പ്രവര്‍ത്തിക്കുന്ന സെന്‍സറുകള്‍, ലൈറ്റിങ്, അലാറങ്ങള്‍, റിഫ്ളക്ടർ സ്ട്രിപ്പുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ഒപ്പം കാവല്‍ നായ്ക്കളെ വളര്‍ത്തുന്നതും പ്രതിരോധ മാര്‍ഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. വേലികളുടെ ശരിയായ പരിപാലനവും പ്രധാനമാണ്.

3. നിരീക്ഷണം, മുന്നറിയിപ്പ് & കമ്മ്യൂണിറ്റി ജാഗ്രത

പന്നികളുടെ സാന്നിധ്യം നല്‍കുന്ന അടയാളങ്ങള്‍, ഹോട്ട്സ്‌പോട്ട് പ്രദേശങ്ങളില്‍ ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. പന്നികളുടെ സാന്നിധ്യം സമൂഹത്തെ അറിയിക്കുന്നതിനമായി പ്രാദേശിക കര്‍ഷകരെയും കര്‍ഷക കൂട്ടായ്മകളെയും സജ്ജമാക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യാവുന്നതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 'കാട്ടുപന്നി നിരീക്ഷണ' ഗ്രൂപ്പുകള്‍ തയ്യാറാക്കി പന്നികളെ നിരീക്ഷിക്കുന്നതിന് യുവാക്കളുടെ പങ്കാളിത്തം ഉപയോഗപ്പെടുത്താം. പന്നികളുടെ ആവാസ മേഖകള്‍ ശുചീകരിക്കാന്‍ തൊഴില്‍ പദ്ധതികള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്താം. ക്ലബ്ബുകള്‍, തൊഴിലാളികള്‍ തുടങ്ങിയവയെ ഇതിനായി ഉപയോഗിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കരട് നയം ചൂണ്ടിക്കാട്ടുന്നു.

waist Managemnt
തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള്‍

4. മാലിന്യ സംസ്‌കരണം

കാട്ടുപന്നികളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഭക്ഷണ മാലിന്യങ്ങള്‍ ആണ്. ഇത്തരത്തില്‍ തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നത് ഒഴിവാക്കുക.

5. വിള സംരക്ഷണ നടപടികളും നഷ്ടം കുറയ്ക്കലും

വനാതിര്‍ത്തികളോട് ചേര്‍ന്ന് തടങ്ങള്‍, കിടങ്ങുകള്‍, കല്ല്/ചരല്‍ ബാന്‍ഡിങ് എന്നിവ തയ്യാറാക്കുന്നത് ഗുണം ചെയ്യും. വിളകളുടെ വിളവെടുപ്പ്, വിളനാശത്തിന് സമയബന്ധിതമായ ഇന്‍ഷുറന്‍സ്/നഷ്ടപരിഹാരം എന്നിവയും പ്രധാനമാണ്. പന്നികള്‍ കൂടുതല്‍ സജീവമാകുന്ന സീസണുകളില്‍ ( വരണ്ട കാലാവസ്ഥ, വനഭക്ഷണം കുറവുള്ളപ്പോള്‍) ജാഗ്രത പാലിക്കുക.

6. നിയമപരമായ കൊന്ന് നിയന്ത്രിക്കല്‍

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരത്തിന്‍ കീഴില്‍ ചില സാഹചര്യങ്ങളില്‍ (വിളനാശം, മനുഷ്യജീവന് ഭീഷണി) കാട്ടുപന്നികളെ കൊല്ലാന്‍ അനുവദിക്കുന്നതിനുള്ള ഒരു കരട് നയം കേരളത്തില്‍ ഉണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷ രേഖ പന്നികളെ ഡ്രോപ്പ്-ഡോര്‍ കൂടുകള്‍ ഉപയോഗിച്ച് പിടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

കേരളത്തില്‍ കാട്ടുപന്നികളുടെ ശല്യം ഗുരുതരമാണ്, പക്ഷേ വ്യവസ്ഥാപിതവും പ്രാദേശികമായി പൊരുത്തപ്പെടാത്തതുമായ സമീപനത്തിലൂടെ ഇവയെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് സിഎസ്ഐആർ നടത്തിയ പഠനങ്ങള്‍ ഉൾപ്പെടെ അടിവരയിടുന്നത്. ഭൂപ്രകൃതിക്ക് അനുസരിച്ചും കര്‍ഷകരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വനം, കൃഷി വകുപ്പുകളെയും സഹകരണം ഉറപ്പാക്കുക എന്നതാണ് ഇതില്‍ പ്രധാനം.

Summary

Wild boar attacks in Kerala cause significant damage to crops and pose a threat to human life, leading to economic hardship and fear in farming communities. This conflict is escalating due to factors like crop destruction and fear of attacks, impacting traditional agricultural cycles and causing shortages of crops

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com