ലോകാവസാന ഘടികാരം കൂടുതല്‍ അടുക്കുന്നു; പാരീസ് കരാര്‍ അട്ടിമറിക്കപ്പെടും; നോം ചോംസ്‌കി അന്നേ പറഞ്ഞു

പാരീസ് കരാറില്‍ നിന്ന് പിന്മാറാന്‍ ട്രംപ് തീരുമാനിച്ചതോടെ പരിസ്ഥിതി രംഗത്ത് ഭീതിദമായ സ്ഥിതിയാണ്. ഈ മുന്നറിയിപ്പു നേരത്തെ നല്‍കി ചോംസ്‌കി എഴുതിയ ലേഖനത്തിന്റെ പരിഭാഷ 
ലോകാവസാന ഘടികാരം കൂടുതല്‍ അടുക്കുന്നു; പാരീസ് കരാര്‍ അട്ടിമറിക്കപ്പെടും; നോം ചോംസ്‌കി അന്നേ പറഞ്ഞു

►ലോകാവസാന ഘടികാര(ഡൂംസ് ഡേ ക്‌ളോക്ക്)ത്തില്‍ അര്‍ദ്ധരാത്രിയിലേക്ക് ഇനി മൂന്നു മിനിറ്റു മാത്രമേയുള്ളു. സമയം നേരത്തെയാക്കിയതായി 2015 ജനുവരിയിലാണ് ആണവ ശാസ്ത്രജ്ഞരുടെ 'ദി ബുള്ളറ്റിന്‍' അറിയിച്ചത്. 30 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഭീതിദമായ അപകടനില.

മഹാവിപത്തിലേക്കു കേ്‌ളാക്ക് സൂചി കൂടുതല്‍ അടുപ്പിച്ചു വയ്ക്കാനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പില്‍ അതിജീവനം നേരിടുന്ന രണ്ടു ഭീഷണികള്‍ ചൂണ്ടിക്കാണിച്ചിരുന്നു: ആണവ ആയുധങ്ങളും അനിയന്ത്രിതമായ കാലാവസ്ഥാ മാറ്റവും. ഒഴിവാക്കാനാകാത്ത കൊടിയ വിപത്തില്‍നിന്നു പൗരന്മാരെ രക്ഷിക്കാനായി വേഗതയോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിക്കാത്ത ആഗോള ഭരണകര്‍ത്താക്കളെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ചെയ്യുന്നു ഈ കുറിപ്പ്. മാനവ സംസ്‌കാരത്തിന്റെ ആരോഗ്യവും ചേതനയും സംരക്ഷിക്കുക എന്ന അതിപ്രധാനമായ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ഓരോ പൗരനേയും ഈ നേതാക്കള്‍ അപകടത്തിലാക്കിയിരിക്കുന്നു എന്നു പറയാം. 

അന്നുമുതല്‍ അന്ത്യവിധിദിനത്തിലേക്കു ക്‌ളോക്കിന്റെ സൂചിക്കൈകള്‍ കൂടുതല്‍ അടുപ്പിക്കുന്നതിന് എല്ലാ കാരണങ്ങളും ഉണ്ടായിരുന്നു. എത്ര അപകടകരമായ സ്ഥിതിവിശേഷമാണെന്ന മുന്നറിയിപ്പു നല്‍കാതെ ഒരു ദിവസംപോലും കടന്നുപോകുന്നില്ല എന്ന സ്ഥിതി വന്നു. ഇതിനിടെ, 'അനിയന്ത്രിതമായ കാലാവസ്ഥാ മാറ്റ'മെന്ന ഗുരുതര പ്രശ്‌നത്തെ നേരിടുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി 2015 അവസാനിച്ചതോടെ ലോകനേതാക്കള്‍ പാരീസില്‍ ഒത്തുകൂടി.  ഇതിനു തൊട്ടുമുന്‍പ് ആകസ്മികമായി നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബില്‍നിന്ന് ഒരു പഠനം പ്രസിദ്ധീകരിച്ചു. ഉത്തരധ്രുവത്തിലെ മഞ്ഞുപാളികളെക്കുറിച്ചു ഗവേഷണം നടത്തുന്നവരെ അമ്പരപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നതായിരുന്നു വിവരം. സക്കറീ ഇസ്റ്റോം (Zachariae Isstorm) എന്നറിയപ്പെടുന്ന ഗ്രീന്‍ലന്‍ഡ് മഞ്ഞുപാളി സുരക്ഷിതമായ നിലയില്‍നിന്നു 2012-ല്‍ തെന്നിമാറിയെന്നും കൂടുതല്‍ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങിയെന്നുമായിരുന്നു കണ്ടെത്തല്‍–അപ്രതീക്ഷിതമായ, അത്യന്തം ആപല്‍ക്കരമായ ദുസ്‌സൂചനയായിരുന്നു അത്. പൂര്‍ണമായും ഉരുകിയാല്‍ ആഗോള സമുദ്രനിരപ്പിനെ 18 ഇഞ്ച് (46 സെന്റീമീറ്റര്‍) ഉയര്‍ത്താന്‍ പാകത്തിലുള്ള വെള്ളം ഈ മഞ്ഞുപാളിയില്‍ ഉണ്ട്. അതിപ്പോള്‍ സ്‌ഫോടനാത്മകമായി മെലിഞ്ഞുകൊണ്ടിരിക്കുകയാണ്–വര്‍ഷം നഷ്ടമാകുന്നത് 500 കോടി ടണ്‍ ഭാരം. ആ മഞ്ഞുമുഴുവന്‍ ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അടിഞ്ഞുകൂടുന്നു. 


ഈ മഹാവിപത്തില്‍നിന്നു മാനവരാശിയെ രക്ഷിക്കാന്‍ വേണ്ട വേഗത്തിലും ജാഗ്രതയിലും പാരീസില്‍ കൂടിയ ലോകനേതാക്കള്‍ പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ പ്രതീക്ഷയില്ലായിരുന്നു. ഇനി അവരുടെ കയ്യില്‍ എന്തെങ്കിലും അത്ഭുതം ഉണ്ടായിരുന്നെങ്കിത്തന്നെ അതു ഫലപ്രദവുമാകില്ലായിരുന്നു. അതിന്റെ കാരണങ്ങള്‍ ഏറെ അലോസരപ്പെടുത്തുന്നതാണ്. 


പാരീസില്‍ കരാര്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ ഫ്രെഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫേബിയസ് പറഞ്ഞത് ഇതു നിയമപരമായുള്ള ബാധ്യതയാണെന്നാണ്. അതായിരുന്നിരിക്കണം പ്രതീക്ഷ. പക്ഷേ, അവിടെ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട കുറേയേറെ പ്രതിബന്ധങ്ങളുണ്ട്. 


പാരീസ് കോണ്‍ഫ്രന്‍സിന്റെ വിശദമായ മാധ്യമറിപ്പോര്‍ട്ടുകള്‍ക്കിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വാചകം ന്യൂയോര്‍ക്ക് ടൈംസിന്റെ സുദീര്‍ഘമായ അവലോകനത്തിന്റെ അവസാന ഭാഗത്ത് അടക്കം ചെയ്തിരുന്നു: ''നിയമപരമായി നിലനില്‍ക്കുന്ന ഒരു കരാറിലേക്ക് അംഗരാഷ്ര്ടങ്ങളെ എത്തിക്കുക എന്നതിനാണ് പരമ്പരാഗതമായി മധ്യസ്ഥന്മാര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ അമേരിക്ക എന്ന രാജ്യം മൂലം അത്തരമൊരു നീക്കത്തിനു സാധ്യത ഉണ്ടായിരുന്നില്ല. റിപ്പബഌക്കന്മാര്‍ക്കു മേല്‍ക്കയ്യുള്ള സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടില്ല എന്നതിനാല്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ എത്തുമ്പോള്‍ത്തന്നെ ആ കരാറിനു ജീവന്‍ പോകുമായിരുന്നു. അതുകൊണ്ടാണു നിയമപരമായി ബാധ്യതപ്പെടുത്തുന്നതിനു പകരം രാജ്യങ്ങള്‍ ഇതു ചെയ്യാന്‍ സന്നദ്ധമാകണം എന്ന നിലയിലേക്കു കരാര്‍ മാറിയത്.'

സന്നദ്ധമായി ചെയ്യുക എന്നാല്‍ ഉറപ്പായും പരാജയപ്പെടുക എന്നാണ് അര്‍ത്ഥം. ''അമേരിക്ക എന്ന രാജ്യം മൂലം' –കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ റിപ്പബഌക്കന്‍ പാര്‍ട്ടി മൂലം, മാനവ അതിജീവനത്തിനു ഗുരുതരമായ ഭീഷണി ഉണ്ടായിരിക്കുന്നു.


പാരീസ് കരാറിന്റെ വ്യവസ്ഥകള്‍ ടൈംസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ അടിവരയിട്ടു നല്‍കിയിട്ടുണ്ട്. കോണ്‍ഫ്രന്‍സിന്റെ നേട്ടങ്ങളെ പുകഴ്ത്തുന്ന നീണ്ട റിപ്പോര്‍ട്ടിന്റെ അവസാനം ഇങ്ങനെ പറയുന്നു: ''ഈ നയങ്ങള്‍ നടപ്പാക്കേണ്ട ഭാവി ലോകനേതാക്കളുടെ നിലപാടിനെ അനുസരിച്ചാണ് ഇതിന്റെ നിലനില്‍പ്പ്. അമേരിക്കയില്‍ 2016–ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന എല്ലാ റിപ്പബഌക്കന്‍ സ്ഥാനാര്‍ത്ഥികളും കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രത്തെ ചോദ്യം ചെയ്തിട്ടുണ്ട്, പ്രസിഡന്റ് ഒബാമയുടെ കാലാവസ്ഥ വ്യതിയാന നയങ്ങളെ എതിര്‍ത്തിട്ടുമുണ്ട്. സെനറ്റില്‍ ഒബാമയുടെ കാലാവസ്ഥ വ്യതിയാന നയങ്ങള്‍ക്കെതിരായ പോരാട്ടം നയിച്ച റിപ്പബഌക്കന്‍ നേതാവ് മിച്ച് മക്കണല്‍ പറഞ്ഞത്, ''അദ്ദേഹത്തിന്റെ ആഗോള പങ്കാളികള്‍ ഷാംപെയിന്‍ പൊട്ടിക്കും മുന്‍പ് ഒരു കാര്യം മനസ്‌സിലാക്കണം, ഇത് നിയമവിരുദ്ധമായ, അസാധ്യമായ ഒരു കരാറാണ്. പകുതി സംസ്ഥാനങ്ങളും ഇതിനെതിരെ നിയമനടപടി തുടങ്ങിയതാണ്. കോണ്‍ഗ്രസ് വോട്ടിനിട്ടു തള്ളിയതുമാണ്.'


കഴിഞ്ഞ തലമുറയിലെ നവലിബറല്‍ കാലത്ത് ഇരുപാര്‍ട്ടികളും വലത്തേക്കു പോയിക്കഴിഞ്ഞിരുന്നു. മുഖ്യധാരാ ഡെമോക്രാറ്റുകള്‍ ഇപ്പോള്‍ മിതവാദി റിപ്പബഌക്കന്മാരായിരിക്കുന്നു. അതിനിടെ റിപ്പബഌക്കന്‍ പാര്‍ട്ടി വലിയ തോതില്‍ അവരുടെ വഴിയില്‍നിന്നു തെന്നിപ്പോയിരിക്കുന്നു. യാഥാസ്ഥിതിക രാഷ്ര്ടീയ നിരീക്ഷകരായ തോമസ് മാനും നോര്‍മന്‍ ഓന്‍സ്‌റ്റെയിനും വിശേഷിപ്പിച്ചതുപോലെ സാധാരണ പാര്‍ലമെന്ററി രാഷ്ര്ടീയം അസാധ്യമാക്കുന്ന 'സമ്പൂര്‍ണ കലാപത്തിലാണ്' ആ പാര്‍ട്ടി ഇപ്പോള്‍. വലത്തേക്കു മാറിയതോടെ റിപ്പബഌക്കന്‍ പാര്‍ട്ടിയുടെ സമ്പത്തിനും കുത്തക രാഷ്ട്രീയ അവകാശത്തിനുമുള്ള ആര്‍ത്തി അങ്ങേയറ്റത്ത് എത്തി.അതിന്റെ യഥാര്‍ത്ഥ നയങ്ങള്‍കൊണ്ടു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ല എന്നും വന്നു. അതുകൊണ്ടു ജനങ്ങളെ സംഘടിപ്പിക്കാന്‍ മറ്റു കാരണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. ക്രിസ്തുവിന്റെ രണ്ടാം വരവു പ്രതീക്ഷിച്ചിരിക്കുന്ന ഇവാന്‍ജലിക്കല്‍ ക്രിസ്ത്യാനികള്‍, 'അവര്‍' നമ്മുടെ രാജ്യത്തെ കവര്‍ന്നെടുക്കുന്നുവെന്നു ഭയപ്പെടുന്ന സ്വരാജ്യവാദക്കാര്‍, അസംഘടിതരായ വംശീയ വിരോധികള്‍, ശരിക്കും ദുരിതം അനുഭവിക്കുകയും കഷ്ടപ്പാടിന്റെ യഥാര്‍ത്ഥ കാരണം അറിയാതിരിക്കുകയും ചെയ്യുന്നവര്‍, പിന്നെ ഇതുപോലെ കവലപ്രസംഗക്കാര്‍ക്ക് എളുപ്പം വഴിപ്പെട്ടുപോകുന്ന അനേകര്‍ എന്നിവരെല്ലാം ഈ സമ്പൂര്‍ണ കലാപത്തില്‍ അണിചേര്‍ക്കപ്പെടാം എന്നു തിരിച്ചറിയപ്പെട്ടു. 


സമീപകാലത്തു റിപ്പബഌക്കന്‍ സംവിധാനം അതിന്റെ യഥാര്‍ത്ഥ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ശബ്ദത്തെ മറികടക്കുന്നതില്‍ വിജയിച്ചു. പക്ഷേ, ഏറെക്കഴിയും മുന്‍പ് 2015 അവസാനത്തോടെ അണികള്‍ കടുത്ത നിരാശ നേരിട്ടുതുടങ്ങുകയും അതിന്റെ താല്‍പ്പര്യങ്ങള്‍ നിയന്ത്രണം വിട്ടുപോവുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട റിപ്പബഌക്കന്‍ പ്രതിനിധികളും പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കുന്നവരും പാരീസ് സമ്മേളനത്തെ പരസ്യമായി തള്ളിപ്പറയുക മാത്രമല്ല ചെയ്തത്, ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍പോലും വിസമ്മതിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു മുന്‍നിരയില്‍ ഉണ്ടായിരുന്ന മൂന്നു സ്ഥാനാര്‍ത്ഥികളും ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും ബെന്‍ കാര്‍സനും ഇവാന്‍ജലിക്കല്‍ ക്രിസ്ത്യാനികളുടെ നിലപാടാണു സ്വീകരിച്ചിരുന്നത് 'ആഗോള താപനത്തില്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍ത്തന്നെ) മനുഷ്യന് ഒരു പങ്കുമില്ലെന്ന നിലപാട്. 


പ്രശ്‌നത്തില്‍ ആഗോള ഇടപെടലിനുള്ള സേനാമുഖത്ത് അമേരിക്കയുണ്ടാകുമെന്ന ബരാക് ഒബാമയുടെ പാരീസ് പ്രസംഗത്തിനു തൊട്ടുപിന്നാലെ മറ്റൊന്നു സംഭവിച്ചു. കാര്‍ബണ്‍ പുറംതള്ളുന്നതു തടയുന്നതിനായി കൊണ്ടുവന്ന പരിസ്ഥിതി സംരക്ഷണ ഏജന്‍സി ചട്ടങ്ങള്‍ റിപ്പബഌക്കന്മാര്‍ക്കു മേല്‍ക്കൈ ഉള്ള കോണ്‍ഗ്രസ് വോട്ടിനിട്ടു തള്ളി. മാദ്ധ്യമ വാര്‍ത്തകള്‍ അനുസരിച്ച് ഇത് അമേരിക്കന്‍ പ്രസിഡന്റിനു കാലാവസ്ഥാ നയങ്ങളില്‍ ഭരണകൂടത്തിന്റെ പിന്തുണയില്ലെന്ന സന്ദേശം നല്‍കി. സമ്മേളനത്തില്‍ പങ്കെടുത്ത 100 ആഗോള നേതാക്കന്മാരെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു. യഥാര്‍ത്ഥത്തില്‍ ആ വിലയിരുത്തല്‍ ഒരു ന്യൂനോക്തി മാത്രമേ അകുന്നുള്ളു. ഇതിനിടെ കോണ്‍ഗ്രസിലെ ശാസ്ത്ര - ബഹിരാകാശ - സാങ്കേതിക സമിതിയിലെ റിപ്പബ്‌ളിക്കന്‍ തലവനായ ലേമര്‍ സ്മിത്ത് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ക്കെതിരായ തന്റെ 'ജിഹാദു'മായി മുന്നോട്ടു പോയിക്കൊണ്ടുമിരുന്നു. 


സന്ദേശം വളരെ കൃത്യമാണ്. അമേരിക്കന്‍ പൗരന്മാര്‍ സ്വന്തം നാട്ടില്‍ വലിയ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു.


ന്യൂയോര്‍ക്ക് ടൈംസിലെ ഒരു വാര്‍ത്ത പറയുന്നത് ''ഹരിതഗൃഹവാതകം പുറംതള്ളുന്നതു തടയാനുള്ള രാജ്യാന്തര കരാര്‍ ഉണ്ടാക്കുന്നതില്‍ അമേരിക്കയും ചേരുന്നതിനെ മൂന്നില്‍ രണ്ട് പൗരന്മാരും പിന്തുണയ്ക്കുന്നു' എന്നാണ്. സാമ്പത്തികനയത്തേക്കാള്‍ പ്രധാനപ്പെട്ടത് പരിസ്ഥിതിയാണെന്ന് അഞ്ചില്‍ മൂന്നു പൗരന്മാരും വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷേ, അതാരും കാര്യമാക്കുന്നില്ല. പൊതുജനാഭിപ്രായം റദ്ദാക്കപ്പെട്ടിരിക്കുന്നു. അത്, ഒരിക്കല്‍കൂടി അമേരിക്കക്കാര്‍ക്ക് ശക്തമായ സന്ദേശം നല്‍കുകയാണ്. ജനാഭി്രപായത്തിനു സ്ഥാനമില്ലാത്ത, പ്രവര്‍ത്തനക്ഷമമല്ലാത്ത രാഷ്ര്ടീയ സംവിധാനത്തെ ചികില്‍സിക്കാനുള്ള അവസരമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. നയവും ജനഹിതവും തമ്മിലുള്ള ഈ അന്തരത്തിന് ലോകത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്.


നമുക്കു തീര്‍ച്ചയായും പഴയ 'സുവര്‍ണകാലത്തെ'ക്കുറിച്ച് ഇനി വ്യാമോഹങ്ങളൊന്നുമില്ല. ഇപ്പോഴെടുത്ത നടപടികള്‍ വലിയ മാറ്റം ഉണ്ടാക്കാനും പോകുന്നില്ല. ജനാധിപത്യം നശിക്കാനുള്ള പ്രധാന കാരണം കഴിഞ്ഞ തലമുറയില്‍ ലോകജനതയ്ക്കുമേല്‍ നടന്ന നവലിബറല്‍ കടന്നാക്രമണമാണ്. ഇത് അമേരിക്കയില്‍ മാത്രമല്ല സംഭവിക്കുന്നത്; യൂറോപ്പില്‍ പ്രത്യാഘാതം കൂടുതല്‍ കഠിനമായേക്കാം. 

നമ്മള്‍ കാണാത്ത 
കറുത്ത അരയന്നം

നമുക്ക് ഡൂംസ് ഡേ ക്‌ളോക്കു തിരിച്ചുവച്ച പരമ്പരാഗത പക്ഷത്തുള്ള ശാസ്ത്രജ്ഞരെ നോക്കാം–അവരുടെ ആശങ്ക ആണവായുധങ്ങളാണ്. ആണവയുദ്ധം നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് 2015-ല്‍ അവര്‍ കേ്‌ളാക്ക് രണ്ടു മിനിറ്റു നേരത്തെയാക്കാന്‍ തീരുമാനിച്ചത്. 
ഇതിനു മുന്‍പ് അന്ത്യവിധിദിന ക്‌ളോക്ക് അര്‍ദ്ധരാത്രിയോടു മൂന്നു മിനിറ്റ് അടുത്ത് എത്തിയത് 1983–ലാണ്. റീഗന്‍ ഭരണകാലത്തെ ഏബിള്‍ ആര്‍ച്ചര്‍ സന്നാഹം നടക്കുമ്പോള്‍. അമേരിക്കയുടെ സൈനിക അഭ്യാസങ്ങള്‍ മൂലം സോവിയറ്റ് യൂണിയനു  ആയുധശേഷി പുന:പരിശോധിക്കേണ്ടി വന്നു. അടുത്തകാലത്തു പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്ന ത് റഷ്യ കടുത്ത ആശങ്കയില്‍ ആയിരുന്നെന്നും തിരിച്ചടിക്കു തയ്യാറെടുക്കുകയായിരുന്നുവെന്നുമാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതാകുമായിരുന്നു എല്ലാത്തിന്റെയും അവസാനം-ദി എന്‍ഡ്.
ഇത്തരം മേല്‍കീഴ് ചിന്തയില്ലാത്ത സൈനിക അഭ്യാസങ്ങളെക്കുറിച്ചു നമ്മള്‍ കൂടുതല്‍ അറിഞ്ഞത് അക്കാലത്ത് സോവിയറ്റ് യൂണിയന്‍ കാര്യങ്ങള്‍ നോക്കിയിരുന്ന സി.ഐ.എ ഡിവിഷന്‍ തലവനും സീനിയര്‍ അനലിസ്റ്റുമായിരുന്ന മെല്‍വിന്‍ ഗുഡ്മാനില്‍നിന്നാണ്. ''ക്രംലിനെ ഭയപ്പെടുത്തിയ ഏബിള്‍ ആര്‍ച്ചര്‍ സൈനിക അഭ്യാസത്തിനു പുറമെ  റീഗന്‍ ഭരണകൂടം റഷ്യന്‍ അതിര്‍ത്തിയില്‍ അസാധാരണമായ സൈനിക അഭ്യാസത്തിനും അനുമതി നല്‍കിയിരുന്നു. ചിലപ്പോഴൊക്കെ അതു സോവിയറ്റ് യൂണിയന്റെ അതിര്‍ത്തി ലംഘിച്ചു. സോവിയറ്റ് റഡാറിന്റെ ശേഷി പരിശോധിക്കുന്നതിനായി ഉത്തരധ്രുവത്തിലേക്ക് യു.എസ് ബോംബര്‍ വിമാനങ്ങള്‍ അയയ്ക്കുന്നതിലേക്കുവരെ പെന്റഗണിന്റെ സാഹസം എത്തി. സോവിയറ്റ് അതിര്‍ത്തിയില്‍ അമേരിക്കയുടെ കപ്പലുകള്‍ നേരത്തെ പ്രവേശിച്ചിട്ടില്ലാത്ത ഇടങ്ങളിലേക്കു കടന്നുകയറി. ഇതിനെല്ലാം ഉപരിയായി സോവിയറ്റ് ലക്ഷ്യസ്ഥാനങ്ങളില്‍ നാവിക ആക്രമണത്തിനുള്ള ചില രഹസ്യ നീക്കങ്ങളും നടത്തി.''
ഇപ്പോള്‍ നമുക്കറിയാം അന്നു ലോകം വലിയൊരു ആണവ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത് സ്റ്റാനിസഌവ് പെട്രോവ് എന്ന റഷ്യന്‍ ഉദ്യോഗസ്ഥന്റെ ഒറ്റ തീരുമാനം കൊണ്ടാണെന്ന്. സോവിയറ്റ് യൂണിയനുമേല്‍ മിസൈല്‍ ആക്രമണ സാധ്യതയുണ്ടെന്ന വിവരം മുകളിലേക്ക് അറിയിക്കേണ്ടെന്ന അദ്ദേഹത്തിന്റെ തീരുമാനമാണ് വലിയ ദുരന്തം ഇല്ലാതാക്കിയത്. 1962-ലെ ക്യൂബന്‍ മിസൈല്‍ ഘട്ടത്തില്‍ അമേരിക്കയ്ക്ക് എതിരെ ആണവ ടൊര്‍പിഡോകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കാതിരുന്ന റഷ്യന്‍ സബ്മറൈന്‍ കമാന്‍ഡര്‍ വാസിലി അര്‍ഖിപ്പോവിനൊപ്പമാണ് ഇപ്പോള്‍ പട്രോവിന്റെ സ്ഥാനം. 
അടുത്തകാലത്തു പുറത്തുവന്ന മറ്റുചില രേഖകളും ഈ പേടിപ്പിക്കുന്ന വിവരങ്ങള്‍ ശരിവയ്ക്കുന്നു. ആണവ സുരക്ഷാ വിദഗ്ധന്‍ ബ്രൂസ് ബ്‌ളെയര്‍ പറയുന്നു: ''1979-ല്‍ പ്രസിഡന്റിന്റെ അശ്രദ്ധമായ ഒരു തീരുമാനത്തിലൂടെ രഹസ്യാക്രമണ നീക്കത്തിന് അമേരിക്ക ഒരുങ്ങി. റഷ്യയുടെ സൈനികനീക്കത്തെക്കുറിച്ചു പറയുന്ന വസ്തുനിഷ്ഠമല്ലാത്ത നോറാഡ് (നോര്‍ത്ത് അമേരിക്കന്‍ ഏറോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡ്) ട്രെയിനിങ് ടേപ്പ് അബദ്ധത്തില്‍ യഥാര്‍ത്ഥ സുരക്ഷാ മുന്നറിയിപ്പു സംവിധാനത്തില്‍ എത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സിഗ്ന്യൂ ബ്രസസിന്‍സ്‌കി രാത്രിയില്‍ രണ്ടുതവണ വിളിച്ച് അമേരിക്ക ആക്രമിക്കപ്പെടുകയാണ് എന്ന് അറിയിക്കുകയായിരുന്നു. പ്രസിഡന്റ് കാര്‍ട്ടറോട് ഒരു സമ്പൂര്‍ണ തിരിച്ചടിക്ക് അനുമതി ആവശ്യപ്പെട്ട ആ ഫോണ്‍ വിളികള്‍ക്കു പിന്നാലെ മൂന്നാമതൊരു ഫോണ്‍ കൂടി വന്നു ''അതൊരു തെറ്റായ സന്ദേശമായിരുന്നു എന്ന് അറിയിച്ചുകൊണ്ട്.''
ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ട ഈ ഉദാഹരണങ്ങള്‍ 1995-ല്‍ നടന്ന മറ്റൊരു സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നു: ശാസ്ത്ര ഉപകരണങ്ങളുമായി പോയ അമേരിക്കന്‍–നോര്‍വീജിയന്‍ റോക്കറ്റിന് ഒരു ആണവ മിസൈലിന്റെ സഞ്ചാരപഥവുമായി സാദൃശ്യം ഉണ്ടായതായിരുന്നു കാരണം. റഷ്യന്‍ നേതൃത്വത്തിന്റെ ഭയാശങ്ക പെട്ടെന്നു പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിനില്‍ എത്തി-ഒരു ആണവയുദ്ധത്തിന് അനുമതി നല്‍കണോ നിഷേധിക്കണോ എന്നായിരുന്നു അദ്ദേഹത്തിനു തീരുമാനിക്കാന്‍ ഉണ്ടായിരുന്നത്. 


ബെ്‌ളയര്‍ സ്വന്തം അനുഭവങ്ങളില്‍നിന്നു മറ്റ് ഉദാഹരണങ്ങളും നല്‍കുന്നു. 1967-ലെ മധ്യകിഴക്കന്‍ യുദ്ധകാലത്തെ ഒരു സംഭവത്തില്‍ ''ആണവ വാഹകസംഘത്തിലെ വൈമാനികര്‍ക്ക് സൈനിക അഭ്യാസ ഉത്തരവിനു പകരം യഥാര്‍ത്ഥ ആക്രമണം നടത്താനുള്ള ഉത്തരവ് നല്‍കി.' കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം 1970–കളുടെ ആദ്യം ഒമാഹയിലെ തന്ത്രപ്രധാനമായ എയര്‍ക്കമാന്‍ഡ് ''തങ്ങള്‍ക്കു ലഭിച്ച സൈനിക അഭ്യാസത്തിനുള്ള ഓര്‍ഡര്‍ യഥാര്‍ത്ഥ യുദ്ധത്തിനുള്ള ഉത്തരവായി കൈമാറി.' രണ്ടു സംഭവങ്ങളിലും രഹസ്യക്കോഡുകള്‍ പരാജയപ്പെട്ടു. മാനുഷിക ഇടപെടല്‍ യുദ്ധത്തെ തടഞ്ഞു. ''പക്ഷേ, സംഭവം പിടിവിട്ടുപോകുന്നതു നിങ്ങള്‍ക്കിവിടെ മനസ്‌സിലാകും'', ബ്‌ളെയര്‍ തുടരുന്നു. ''ഇത്തരം കുഴപ്പങ്ങള്‍ അസാധാരണമല്ല.''
എയര്‍മാന്‍ ജോണ്‍ ബോര്‍ഡ്‌നേയുടെ റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു ബ്‌ളെയര്‍. യു.എസ് വ്യോമസേന ഈയിടെയാണ് അതു പുറത്തുവിട്ടത്. ബോര്‍ഡ്‌നെ 1962 ഒകേ്ടാബറിലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധികാലത്തും ഏഷ്യന്‍ യുദ്ധസന്നാഹ കാലത്തും ഒക്കിനാവയിലെ യു.എസ് മിലിറ്ററി ആസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു.

അന്ന് യു.എസ്. ആണവ സുരക്ഷാ സംവിധാനം ഡെഫ്‌കോണ്‍–രണ്ട് എന്ന നിലയിലേക്ക് ഉയര്‍ത്തിയിരുന്നു. ആണവ മിസൈലുകള്‍ പ്രയോഗിക്കാന്‍ അനുമതി നല്‍കുന്ന ഡെഫ്‌കോണ്‍–ഒന്നിന് ഒരുപടി താഴെ. ഈ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചു നിന്ന ഒകേ്ടാബര്‍ 28-ന് മിസൈല്‍ സംഘത്തിന് ആണവ മിസൈല്‍ ഉപയോഗിക്കാനുള്ള അനുമതി അബദ്ധത്തില്‍ ലഭിച്ചു. അവര്‍ സൈനിക പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ഉത്തരവു പാലിക്കേണ്ടെന്നു തീരുമാനിച്ചതോടെ പെട്രോവിന്റെയും അര്‍ഖിപ്പോവിന്റെയും ഗണത്തിലേക്ക് ഉയരുകയായിരുന്നു. ബ്‌ളെയര്‍ നിരീക്ഷിച്ചതുപോലെ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ല. 1977 മുതല്‍ 1983 വരെയുള്ള കാലത്ത് ഡസന്‍കണക്കിനു തെറ്റായ സന്ദേശങ്ങള്‍ വര്‍ഷം തോറും വന്നിരുന്നതായി ഒരു വിദഗ്ദ്ധപഠനം പുറത്തുകൊണ്ടുവന്നു. വര്‍ഷം 43 മുതല്‍ 255 വരെ അബദ്ധസന്ദേശങ്ങളാണ് ഉണ്ടായത്. ഈ പഠനം നടത്തിയ സേത് ബൗം കൃത്യമായ വാക്കുകളില്‍ അത് ഉപസംഹരിക്കുന്നു:

''ആണവ യുദ്ധമെന്നാല്‍ നാം കൊല്ലപ്പെടുന്ന ആ ഹൃസ്വനിമിഷത്തിലല്ലാതെ നമുക്കു കാണാന്‍ കഴിയാത്ത കറുത്ത അരയന്നമാണ്. നമ്മുടെ തന്നെ നാശത്തിനു വഴയൊരുക്കി നാം അത് ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവഗണിക്കുന്നു. ഇതാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശരിയായ സമയം. കാരണം നാം ഇപ്പോഴും ജീവിച്ചിരിക്കുന്നു.''


എറിക് സ്‌ക്‌ളോസറുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ എന്ന പുസ്തകത്തില്‍ ഉള്ളതുപോലെ ഈ റിപ്പോര്‍ട്ടുകളും അമേരിക്കന്‍ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. റഷ്യന്‍ സംവിധാനം കൂടുതല്‍ തകരാറിനു സാധ്യതയുള്ളതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, മറ്റു രാഷ്ര്ടങ്ങളുടെ സംവിധാനം ഉയര്‍ത്തുന്ന ഭീഷണി ചെറുതായി കാണുന്നുമില്ല-പ്രത്യേകിച്ചു പാകിസ്താന്റെ. 

ഒരു യുദ്ധം 
അചിന്തനീയമല്ല

ചില സമയങ്ങളില്‍ ഭീഷണി ഉണ്ടായത് അബദ്ധത്തില്‍നിന്ന് ആയിരുന്നില്ല; ഏബിള്‍ ആര്‍ച്ചര്‍ സംഭവത്തില്‍ എന്നതുപോലെ സാഹസത്തില്‍നിന്നുമായിരുന്നു. അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥ 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ കാലത്തായിരുന്നു-നാശം അന്നു ശരിക്കും സംഭവിക്കേണ്ടതായിരുന്നു. അന്നതു കൈകാര്യം ചെയ്ത രീതി ഞെട്ടിപ്പിക്കുന്നതാണ്; അതുപോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് ഇന്നതിനെ വ്യാഖ്യാനിക്കുന്ന രീതിയും. 


ഈ ഭയാനകമായ സംഭവങ്ങള്‍ മനസ്‌സില്‍ വച്ചുകൊണ്ടു തന്ത്രപരമായ നീക്കങ്ങളെയും ആസൂത്രണങ്ങളേയും വിലയിരുത്തുന്നതു നന്നായിരിക്കും. 1995-ലെ കഌന്റണ്‍ കാലത്തുള്ള സ്ട്രാറ്റ്‌കോം (യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സ്ട്രാറ്റജിക് കമാന്‍ഡ്) പഠനമായ 'എസന്‍ഷ്യല്‍സ് ഓഫ് പോസ്റ്റ് കോള്‍ഡ് വാര്‍ ഡിറ്ററന്‍സ്' ഭയപ്പെടുത്തുന്ന ഒരുദാഹരണമാണ്. ആണവശക്തിയില്ലാത്ത രാജ്യങ്ങള്‍ക്കു നേരെയും അമേരിക്ക ആദ്യം ആക്രമണം നടത്തേണ്ടതിനെക്കുറിച്ചാണ് ഈ പഠനം ഊന്നിപ്പറയുന്നത്. ആണവായുധങ്ങള്‍ സ്ഥിരമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് ഇതു വിശദീകരിക്കുന്നത്, എന്നുപറഞ്ഞാല്‍ ''ഏതു പ്രതിസന്ധിക്കും യുദ്ധത്തിനും മുകളില്‍ എപ്പോഴും ആണവായുധം ഭീഷണിനിഴല്‍പോലെ നില്‍ക്കുന്നു.'' ലോകത്തെ ഭയപ്പെടുത്തുന്ന പ്രതികാരേച്ഛയുള്ള ഒരു ദേശീയ പ്രതിച്ഛായ വളര്‍ത്താനും പഠനം നിര്‍ദേശിക്കുന്നുണ്ട്. 
ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ജേണലിലെ മുഖ്യലേഖനം ഈ സിദ്ധാന്തത്തെ ആഴത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ആദ്യം ആക്രമിച്ചു തന്ത്രപരമായ അധീശത്വം നേടുക എന്ന ലക്ഷ്യവുമായി അമേരിക്ക കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് അതിന്റെ ലേഖകര്‍ പറയുന്നു. അത് തിരിച്ചടികള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധം കൂടിയാണ്. ഇതാണ് ഒബാമയുടെ പുതിയ 'ത്രയം (ഒബാമ ട്രയാഡ്-മുങ്ങിക്കപ്പല്‍ ശേഷിയും ഭൂതല മിസൈല്‍ ശേഷിയും ബോംബര്‍ വിമാന ശേഷിയും)ത്തിനു പിന്നിലുള്ള ചേതോവികാരം. തന്ത്രപരമായ മേധാവിത്തം നേടാനുള്ള അമേരിക്കയുടെ ഈ നീക്കം ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന നയം പുനഃപരിശോധിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുമെന്നു ലേഖകര്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ചൈന ചെയ്യില്ലെന്നു ലേഖകര്‍ ആത്മവിശ്വാസം കൊള്ളുമ്പോഴും സാധ്യതകള്‍ അനിശ്ചിതമായി തുടരുന്നു. 
സോവിയറ്റ് യൂണിയന്‍ തകരാന്‍ തുടങ്ങിയപ്പോള്‍ മിഖായേല്‍ ഗോര്‍ബച്ചേവിനു വാക്കാല്‍ നല്‍കിയ ഉറപ്പിനു വിരുദ്ധമായി ഇപ്പോള്‍ കിഴക്കോട്ടു നടക്കുന്ന നാറ്റോ വികസനവും ശ്രദ്ധിക്കണം. അന്ന് ഐക്യ ജര്‍മ്മനിയെ നാറ്റോയുടെ ഭാഗമാക്കാന്‍ ഗോര്‍ബച്ചേവ് അനുവദിക്കുകയായിരുന്നു.

നൂറ്റാണ്ടിന്റെ ചരിത്രം നോക്കുമ്പോള്‍ ശ്രദ്ധേയമായ വഴങ്ങിക്കൊടുക്കല്‍ എന്നു പറയാം. കിഴക്കന്‍ ജര്‍മ്മനിയിലേക്കുള്ള കടന്നുകയറ്റം ഒരിക്കല്‍ നടന്നതാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നാറ്റോ റഷ്യന്‍ അതിര്‍ത്തിയിലേക്കു വികസിപ്പിച്ചു. റഷ്യയുടെ തന്ത്രപ്രധാനമായ ഹൃദയഭൂമിയില്‍ യുക്രെയിന്‍ പോലും ഇപ്പോള്‍ കടുത്ത ഭീഷണിയിലാണ്. വാര്‍സോ കരാര്‍ ഇപ്പോള്‍ നിലവില്‍ ഉണ്ടായിരുന്നെങ്കില്‍ അമേരിക്ക എങ്ങനെയാകും പ്രതികരിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളു. ലാറ്റിന്‍ അമേരിക്ക ഏറെക്കുറെ പൂര്‍ണമായും ചേര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ മെക്‌സിക്കോയും കാനഡയും.

ഇതിനെല്ലാം പുറമെ റഷ്യയും ചൈനയും(അതേ കാരണത്താല്‍ യു.എസ് തന്ത്രജ്ഞരും)ഒരു കാര്യം മനസ്‌സിലാക്കിക്കഴിഞ്ഞു–റഷ്യന്‍ അതിര്‍ത്തിയിലുള്ള അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനം യഥാര്‍ത്ഥത്തില്‍ തന്ത്രപരമായ അധീശത്വം നേടുന്നതിനായി ആദ്യം ആക്രമിക്കാനുള്ള ആയുധമാണ്. ചില വിദഗ്ദ്ധര്‍ വാദിക്കുന്നതുപോലെ ഒരുപക്ഷേ, അവരുടെ ദൗത്യം അപ്രായോഗികമാകാം. എന്നാല്‍ ആക്രമണ ലക്ഷ്യങ്ങളായി കരുതുന്ന രാഷ്ട്രങ്ങള്‍ക്ക് അതുകൊണ്ടൊരിക്കലും ആശ്വാസം ലഭിക്കുന്നില്ല. മാത്രമല്ല, റഷ്യയുടെ സൈനിക പ്രതിനീക്കങ്ങള്‍ പാശ്ചാത്യലോകത്തിനു ഭീഷണിയായാണ് നാറ്റോ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
''നിര്‍ണ്ണായകമായ ഭൂമിശാസ്ത്ര വൈരുദ്ധ്യം'' എന്നു പറഞ്ഞ് ഒരു ബ്രിട്ടീഷ്-യുക്രെയിന്‍ പണ്ഡിതന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തുകയാണ്: ''നാറ്റോ നിലനില്‍ക്കുന്നത് അതിന്റെ നിലനില്‍പ്പുകൊണ്ടുണ്ടായ ഭീഷണി നേരിടുന്നതിനാണ്.''


ഭയാശങ്കകള്‍ ഇപ്പോള്‍ വളരെ വലിയ സത്യമാണ്. ഭാഗ്യവശാല്‍ 2015 നവംബറില്‍ റഷ്യന്‍ വിമാനത്തെ ടര്‍ക്കിഷ് എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടത് രാജ്യാന്തര പ്രശ്‌നമായി മാറിയില്ല. പക്ഷേ, സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ അത് അങ്ങനെ ആകേണ്ടതായിരുന്നു. വിമാനം സിറിയയില്‍ ബോംബിങ് നടത്താനുള്ള ദൗത്യത്തിലായിരുന്നു. സിറിയയിലേക്കു തള്ളി നില്‍ക്കുന്ന ടര്‍ക്കിഷ് പ്രദേശത്തിനു മുകളിലൂടെ വെറും 17 സെക്കന്‍ഡാണ് അതു പറന്നത്. അതിന്റെ ലക്ഷ്യസ്ഥാനം അതു തകര്‍ന്നുവീണ സിറിയയുമായിരുന്നു. ഒരാവശ്യവുമില്ലാത്ത, വീണ്ടുവിചാരമില്ലാത്ത പ്രകോപനമാണ് അതിനെ വെടിവച്ചിട്ട പ്രവൃത്തി, പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതും. 


എല്ലാ ബോംബര്‍ വിമാനങ്ങള്‍ക്കും ഇനിമേല്‍ ജെറ്റ് യുദ്ധവിമാനത്തിന്റെ അകമ്പടി ഉണ്ടാകുമെന്നും സിറിയയില്‍ വിമാനവേധ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തുമെന്നുമാണ് ഇതിന്റെ പ്രതികരണമായി റഷ്യ പ്രഖ്യാപിച്ചത്. ദീര്‍ഘദൂര വ്യോമ പ്രതിരോധ സംവിധാനമുള്ള മിസൈല്‍ വാഹിനിക്കപ്പലായ 'മോസ്‌ക്വാ'യോടു തീരത്തേക്കു കൂടുതല്‍ അടുക്കാനും ''നമ്മുടെ വിമാനങ്ങള്‍ക്ക് ആകാശത്തുനിന്നു വരുന്ന ഏതു ഭീഷണിയേയും- കരുതിയിരിക്കാനും പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു നിര്‍ദ്ദേശം നല്‍കി. ഇതെല്ലാം മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഏറ്റുമുട്ടലിനുള്ള അരങ്ങൊരുക്കി.


ഇരുവശത്തുനിന്നുമുള്ള സൈനിക നീക്കങ്ങളുടെ ഫലമായി നാറ്റോ-റഷ്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ എപ്പോഴുമുണ്ട്. അന്ത്യവിധിദിന ക്‌ളോക്ക് അര്‍ദ്ധരാത്രിയോട് അടുപ്പിച്ചതിനു തൊട്ടുപിന്നാലെ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു: ''അമേരിക്കന്‍ സായുധ സൈനിക വാഹനം ബുധനാഴ്ച റഷ്യയിലേക്കു തള്ളി നില്‍ക്കുന്ന എസ്‌റ്റോണിയന്‍ നഗരത്തില്‍ റോന്തുചുറ്റി. ശീതസമരത്തിനുശേഷം പശ്ചാത്യരാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘര്‍ഷം ഏറ്റവും രൂക്ഷമായ സമയത്ത് ഇരുവിഭാഗങ്ങളുടേയും അവകാശവാദങ്ങളെ ബലപ്പെടുത്തുന്നതാണ് നീക്കം.'' ഇതിനു തൊട്ടുമുന്‍പ് ഒരു ഡാനിഷ് യാത്രാവിമാനവുമായി കൂട്ടിയിടിക്കുന്നതിനു സെക്കന്‍ഡുകളുടെ അടുത്തുവരെ ഒരു റഷ്യന്‍ യുദ്ധവിമാനം എത്തിയിരുന്നു. ഇരുവിഭാഗവും നാറ്റോ–റഷ്യന്‍ അതിര്‍ത്തിയില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുകയാണെന്നു മാത്രമല്ല, 'യുദ്ധം അചിന്ത്യമല്ലെന്ന്'' കരുതുകയും ചെയ്യുന്നു.

അതിജീവനത്തിനുള്ള 
സാധ്യതകള്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവശവും ഭ്രാന്തിനും അപ്പുറത്തുള്ള അവസ്ഥയിലാണ്. എന്തുകൊണ്ടെന്നാല്‍ ഒരു യുദ്ധം വന്നാല്‍ എല്ലാം നശിപ്പിക്കപ്പെടുമെന്ന് അവര്‍ ക്കറിയാം. ഒരു വലിയ സൈനിക ശക്തിയില്‍നിന്നുള്ള ആദ്യ ആക്രമണം, അതു നടത്തുന്ന രാജ്യത്തെത്തന്നെ നശിപ്പിക്കുമെന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പേ തിരിച്ചറിഞ്ഞതാണ്. അതാണ് ആണവശൈത്യം നല്‍കുന്ന ആദ്യപാഠം.
പക്ഷേ, ഇത് ഇന്നത്തെ ലോകമാണ്. ഇന്നത്തെ മാത്രമല്ല, നമ്മള്‍ 70 വര്‍ഷമായി ജീവിക്കുന്ന ഇടം. ജനതയുടെ സുരക്ഷിതത്വം നയങ്ങള്‍ രൂപീകരിക്കുന്നവരുടെ വലിയ പരിഗണനാവിഷയമല്ല  എന്നു നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. നയരൂപീകരണം നടക്കുന്നവരുടെ ഇടയില്‍ ആണവയുഗത്തിന്റെ തുടക്കം മുതല്‍ അത് അങ്ങനെയായിരുന്നു; പ്രത്യക്ഷമായി അതിനെ എങ്ങനെ തടയണം എന്ന ചിന്തപോലും ഉണ്ടായിട്ടില്ല. 
ഇതായിരുന്നു നമ്മള്‍ ജീവിച്ച ലോകം, ഇപ്പോഴും ജീവിക്കുന്ന ഇടവും. ആണവായുധങ്ങള്‍ ക്ഷണനേരംകൊണ്ടു നാശമുണ്ടാക്കുന്ന നിതാന്തഭീഷണിയായി തുടരുന്നു. എന്നാല്‍, അതിനെ എങ്ങനെ അതിജീവിക്കാമെന്നും എങ്ങനെ പൂര്‍ണമായും ഇല്ലാതാക്കാമെന്നും ആണവ നിര്‍വ്യാപന കരാറിന്റെ (പലപ്പോഴും ലംഘിക്കപ്പെട്ടിട്ടുള്ള) ഉപാധികളില്‍നിന്നു നമുക്കറിയാം. വളരെ പെട്ടെന്നു തീവ്രതകൂടാമെങ്കിലും ആഗോളതാപനം ക്ഷണനേരംകൊണ്ടു നമ്മെ നശിപ്പിക്കില്ല. അതിനെ നേരിടാന്‍ നമുക്കു കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയുമില്ല. ഒരു കാര്യം ഉറപ്പാണ്, നടപടികളെടുക്കാന്‍ എത്ര വൈകുന്നുവോ നാശത്തിന്റെ ആഘാതം അത്രയും കൂടും. 
കാര്യങ്ങള്‍ക്കു മാറ്റമുണ്ടായില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് അതിജീവിക്കാനുള്ള സാധ്യത വിരളമാണ് എന്നു പറയേണ്ടിവരും. ഉത്തരവാദിത്വം നമ്മുടെ കയ്യിലാണ-അവസരങ്ങളും.

(നോം ചോംസ്‌കിയുടെ ഏറ്റവും പുതിയ പുസ്തകമായ ഹു റൂള്‍സ് ദി വേള്‍ഡില്‍ നിന്നുള്ള  അധ്യായത്തിന്റെ പരിഭാഷ. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് പുസ്തകം പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com