കത്തോലിക്കാ സഭയെ നാണക്കേടിലാഴ്ത്തി വീണ്ടും ലൈംഗിക വിവാദം; വത്തിക്കാന്‍ നേതൃത്വത്തിലെ മൂന്നാമനെതിരെ പീഡന കേസ് 

കത്തോലിക്കാ സഭയെ നാണക്കേടിലാഴ്ത്തി വീണ്ടും ലൈംഗിക വിവാദം; വത്തിക്കാന്‍ നേതൃത്വത്തിലെ മൂന്നാമനെതിരെ പീഡന കേസ് 

വത്തിക്കാന്‍: കത്തോലിക്കസഭയെ നാണക്കേടിലാഴ്ത്തി വീണ്ടും ലൈംഗികാരോപണ കേസ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സാമ്പത്തിക ഉപദേശക സമിതി തലവനും സഭാ നേതൃത്വത്തിലെ മൂന്നാമനുമായ  കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ബാല ലൈംഗികപീഡനത്തിനു ഓസ്‌ട്രേലിയന്‍ പൊലീസ് കേസ് ചാര്‍ജ് ചെയ്തു. ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ പുരോഹിതനാണ് പെല്‍. വത്തിക്കാന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരേ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കേസ് ചാര്‍ജ് ചെയ്യുന്നത്. 

ഓസ്‌ട്രേലിയന്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കര്‍ദിനാളിനു സമന്‍സ് അയച്ചിട്ടുണ്ടെന്നു വിക്ടോറിയ പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഷെയ്ന്‍ പാറ്റണ്‍ വ്യക്തമാക്കി. പെല്ലിനെതിരെ ഒന്നിലേറെ ലൈംഗിക പീഡന പരാതികള്‍ ഉണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ കര്‍ദിനാളിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ പാറ്റണ്‍ തയ്യാറായില്ല. ജൂലൈ 18 നു കോടതിയില്‍ ഹാജരാകാനാണു നിര്‍ദേശിച്ചിരിക്കുന്നത്.

മെല്‍ബണിലും സിഡ്‌നിയിലും ആര്‍ച്ച് ബിഷപ്പ് ആയി സേവനമനുഷ്ഠിക്കുന്ന സമയങ്ങളില്‍ കത്തോലിക്ക പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന പരാതികളില്‍ പെല്‍ കുറ്റാരോപിതര്‍ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് ലൈംഗികാരോപണങ്ങള്‍ പെല്ലിനുനേരെയും ഉയരുകയായിരുന്നു. ഇതുമായി ബന്ധപ്പെട് അന്വേഷണത്തിനു ഹാജരാവാന്‍ കഴിഞ്ഞ വര്‍ഷം പൊലീസ് ആവശ്യപ്പെട്ടിട്ടും പെല്‍ ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നില്ല. 1970 കളില്‍ സ്വിമ്മിംഗ് പൂളില്‍വച്ച് തങ്ങളെ പെല്‍ ലൈംഗികവിചാരത്തോടെ സ്പര്‍ശിച്ചിരുന്നതായി ഇപ്പോള്‍ 40 വയസുള്ള രണ്ടുപേര്‍ വെളിപ്പെടുത്തിയതായി വാര്‍ത്തകളുണ്ട്. പെല്‍ മെല്‍ബണില്‍ മുതിര്‍ന്ന പുരോഹിതനായി സേവനം ചെയ്യുമ്പോഴായിരുന്നു ഇത്.

എന്നാല്‍ ആരോപണങ്ങള്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നിഷേധിച്ചതായി സിഡ്‌നി അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 76 കാരനായ പെല്‍ ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലേക്കു പോകുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും കര്‍ദിനാളുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം ജോര്‍ജ് പെല്ലിനെതിരേ ഫ്രാന്‍സീസ് മാര്‍പ്പാപ്പ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കത്തോലിക്ക സഭയുടെ പുരോഹിതര്‍ക്കെതിരേ ലൈംഗികാരോപണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തെറ്റുചെയ്യുന്നവരോട് ഒരുവിധത്തിലും ക്ഷമിക്കില്ല എന്ന നിലപാടാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്കുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com