സൂചി,നിങ്ങളുടെ മൗനം വലിയ ആഴമുള്ളതാണ്; റോഹിങ്ക്യ വിഷയത്തില്‍ ആങ് സാന്‍ സൂചിയെ വിമര്‍ശിച്ച് ഡസ്മണ്ട് ടുട്ടു

മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്‌ലിമുകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കാന്‍ അങ് സാന്‍ സൂചിയോട് ആവശ്യപ്പെട്ട് നോബേല്‍ പുരസ്‌കാര ജേതാവ് ഡസ്മണ്ട് ടുട്ടു 
സൂചി,നിങ്ങളുടെ മൗനം വലിയ ആഴമുള്ളതാണ്; റോഹിങ്ക്യ വിഷയത്തില്‍ ആങ് സാന്‍ സൂചിയെ വിമര്‍ശിച്ച് ഡസ്മണ്ട് ടുട്ടു

മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്‌ലിമുകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കാന്‍ അങ് സാന്‍ സൂചിയോട് ആവശ്യപ്പെട്ട് നോബേല്‍ പുരസ്‌കാര ജേതാവ് ഡസ്മണ്ട് ടുട്ടു. മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്ക് നേരെ നടക്കുന്നത് നിര്‍വചിക്കാന്‍ കഴിയാത്ത ക്രൂരതയാണെന്ന് മുന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ് ടുട്ടു സൂചിയ്ക്ക് അയച്ച തുറന്ന കത്തിലൂടെ ചൂണ്ടിക്കാട്ടി. മ്യാന്‍മര്‍ സുരക്ഷാ സൈന്യം നടത്തുന്ന കൂട്ട നരഹത്യ ഒരിക്കല്‍ ആത്മാര്‍ത്ഥ സഹോദരി എന്ന് വിളിച്ച സൂചിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ടുട്ടുവിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. 

എനിക്ക് വാര്‍ദ്ധക്യം ബാധിക്കുകയും റിട്ടയര്‍ ചെയ്യുകയും ചെയ്തു,എന്നാല്‍ സമൂഹത്തില്‍ നടക്കുന്ന തീവ്രമായ ക്രൂരതകളോട് പ്രതികരിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി എന്റെ പക്കല്‍ നിങ്ങളുടെ ഫോട്ടോഗ്രാഫുണ്ട്. അത് മ്യാന്‍മര്‍ ജനയതയ്ക്ക് വേണ്ടി നിങ്ങള്‍ സഹിച്ച യാതനകളുടെ ഓര്‍മ്മയ്ക്കായ് ഉള്ളതായിരുന്നു. നിങ്ങളുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് റോഹിങ്ക്യകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ അവസാനപ്പിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, ഞങ്ങളിപ്പോള്‍ കാണുന്നത് ക്രൂരമായ തുടച്ചു നീക്കലാണ്, സാമൂഹ്യ മാധ്യമത്തിലെഴുതിയ തുറന്ന കത്തില്‍ അദ്ദേഹം പറയുന്നു. 

ഇപ്പോള്‍ നടക്കുന്ന പ്രവൃത്തികള്‍ രാജ്യത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. നിങ്ങള്‍ മ്യാന്‍മര്‍ പരമാധികാരത്തിന്റെ ഉന്നത പദവിയില്‍ എത്തിയതിനുള്ള വില മൗനമാണെങ്കില്‍ ആ വില വളരെ ആഴമുള്ളതാണ്,അദ്ദേഹം കുറിച്ചു. ലോകം ഒട്ടാകെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം താനും ചേരുന്നുവെന്ന് കുറിച്ചാണ് ടുട്ടു കത്ത് അവസാനിപ്പിക്കുന്നത്. 

റോഹിങ്ക്യകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സുചി പ്രതികരിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സൂചി നിലപാട് വ്യക്തമാക്കിയത്.

രഖൈന്‍ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങള്‍ക്കും മ്യാന്‍മര്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുണ്ട്. മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തമായ അറിവും ബോധ്യവുമുണ്ട്. അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ സാമൂഹികവും രാഷ്ട്രീയവും മാനുഷികവുമായ അവകാശങ്ങള്‍ക്ക് ഈ രാജ്യത്ത് അര്‍ഹതയുണ്ടെന്ന് സൂചി വ്യക്തമാക്കി.

റോഹ്യങ്കന്‍ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സൂചി പ്രതികരിക്കണമെന്ന് പാകിസ്ഥാനിലെ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com