നാശം വിതച്ച് ഇര്‍മ: ഫ്‌ലോറിഡയില്‍ നിന്നും 56 ലക്ഷം പേരെ ഒഴിപ്പിച്ചു

അതിവിനാശകാരിയായ ഇര്‍മ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപരാഷ്ട്രങ്ങള്‍ കടന്ന് അമേരിക്കന്‍ തീരത്തേക്ക്.
നാശം വിതച്ച് ഇര്‍മ: ഫ്‌ലോറിഡയില്‍ നിന്നും 56 ലക്ഷം പേരെ ഒഴിപ്പിച്ചു

വാഷിങ്ടന്‍: അതിവിനാശകാരിയായ ഇര്‍മ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപരാഷ്ട്രങ്ങള്‍ കടന്ന് അമേരിക്കന്‍ തീരത്തേക്ക്. കൂറ്റന്‍ തിരമാലകളുമായി പാഞ്ഞെത്തിയ ചുഴലിക്കാറ്റ് ശനിയാഴ്ച ക്യൂബയില്‍ കനത്ത നാശം വിതച്ചാണ് അമേരിക്കയിലേക്ക് നീങ്ങുന്നത്. ഞായറാഴ്ച പുലര്‍ച്ചയോടെ യുഎസ് തീരത്തെത്തും. ഭീതി പരത്തി കരയിലേക്കു നീങ്ങുന്ന ഇര്‍മ ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചില്‍നിന്നും നാലിലേക്കു മാറിയതു മാത്രമാണ് നേരിയ ആശ്വാസം. അതേസമയം, ഇര്‍മ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ നിന്ന് 56 ലക്ഷം പേരെ ഒഴിപ്പിച്ചു കഴിഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ നാലിലൊന്നാണിത്. ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ളവരോട് തീരപ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഫ്‌ളോറിഡയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഫ്‌ലോറിഡയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
ഫ്‌ലോറിഡയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

അതേസമയം കരാക്കസ്, ഹവാന, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. യുഎസ് തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്ക് വിസയും പാസ്‌പോര്‍ട്ടും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇര്‍മ ചുഴലിക്കാറ്റ് ക്യൂബ മേഖലയിലെത്തിയപ്പോഴാണ് ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ ഉള്‍പ്പെടുന്ന കാറ്റഗറി അഞ്ചിലേക്കു മാറിയത്. എന്നാല്‍ ക്രമേണ കാറ്റിന്റെ വേഗത കുറയുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1851നു ശേഷം കാറ്റഗറി അഞ്ചില്‍പ്പെട്ട ചുഴലിക്കാറ്റ് മൂന്നു തവണ മാത്രമാണു യുഎസിലെത്തിയിട്ടുള്ളത്.

അമേരിക്കയിലെ ഫ്‌ലോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്. കരയോട് അടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നൊരുക്കവും ഒഴിപ്പിക്കലുമാണ് പല തീരമേഖലകളിലും നടത്തിയത്. 

ചുഴലിക്കാറ്റ് ഇതുവരെ പത്തു ലക്ഷത്തിലേറെപ്പേരെ ബാധിച്ചതായാണു കണക്ക്. കൂടുതല്‍ പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇര്‍മ തീരത്തെത്തിക്കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായതിനാല്‍ കഴിയുന്നതും വേഗം ഒഴിഞ്ഞുപോകാനാണ് നിര്‍ദ്ദേശം.

ഇര്‍മയുടെ പ്രഹരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടര്‍ക്‌സ് ആന്‍ഡ് കയ്‌ക്കോസ് ഐലന്‍ഡ്‌സ്, ബഹാമസ്, സെന്റ് മാര്‍ട്ടിന്‍ ഐലന്‍ഡ്‌സ്, ബാര്‍ബുഡ, ആംഗില, സെന്റ് മാര്‍ട്ടിന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, പ്യൂട്ടോറിക്കോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശം വിതച്ച ഇര്‍മ, ക്യൂബ മേഖലയിലാണ് ഇപ്പോഴുള്ളത്.

ദ്വീപുരാജ്യമായ ബാര്‍ബുഡ ഏതാണ്ടു പൂര്‍ണമായി തകര്‍ന്നടിഞ്ഞു. രണ്ടു ചെറുദ്വീപുകള്‍ അടങ്ങുന്ന ബാര്‍ബുഡയില്‍ പത്തില്‍ ഒന്‍പതു കെട്ടിടങ്ങളും തകര്‍ന്നു. ദീപില്‍ ആകെ രണ്ടായിരത്തില്‍ താഴെ ജനങ്ങളേയുള്ളൂ. ഇവരില്‍ പകുതിയോളം പേരുടെ വീടുകള്‍ നശിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍.

ഇര്‍മയ്ക്കു പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നില്‍പ്പെട്ട കാത്യ ചുഴലിക്കാറ്റും കിഴക്കന്‍ മെക്‌സിക്കോ തീരങ്ങളിലേക്കു നീങ്ങുകയാണ്. ഹോസെ ചുഴലിക്കാറ്റും ഇര്‍മയുടെ പിന്നാലെ ശക്തിപ്രാപിച്ച് കാറ്റഗറി നാലിലേക്കു പ്രവേശിച്ചു. വരുംദിവസങ്ങളില്‍ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം.

ടെക്‌സസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതിനു പിന്നാലെയാണ് മറ്റൊരു കൊടുങ്കാറ്റിന്റെ വരവ്. ഹാര്‍വി നിമിത്തം 9,000 വീടുകള്‍ നിലംപൊത്തിയിരുന്നു. 1,85,000 വീടുകള്‍ക്കു കേടുപറ്റി. വീടു നഷ്ടപ്പെട്ട 42,000 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com