സോഫിയയുടെയും അരുണിന്റെയും സമാഗമങ്ങള്‍ നിരീക്ഷിച്ച് രഹസ്യപൊലീസ് ; സാമിന് വിഷം നല്‍കിയത് ഉറങ്ങിക്കിടന്നപ്പോള്‍ 

2015 ഒക്ടോബറിലാണ് പുനലൂര്‍ സ്വദേശി സാം എബ്രഹാമിനെ മെല്‍ബണിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്
സോഫിയയുടെയും അരുണിന്റെയും സമാഗമങ്ങള്‍ നിരീക്ഷിച്ച് രഹസ്യപൊലീസ് ; സാമിന് വിഷം നല്‍കിയത് ഉറങ്ങിക്കിടന്നപ്പോള്‍ 

മെല്‍ബണ്‍ : പുനലൂര്‍ സ്വദേശി സാം എബ്രഹാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്തുകൊന്ന കേസിലെ വിചാരണ മെല്‍ബണ്‍ കോടതിയില്‍ തുടരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഭാര്യ സോഫിയയുടെയും കാമുകനായ അരുണിന്റെയും നീക്കങ്ങള്‍ പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രഹസ്യപൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 

സാമിന്റെ മരണത്തിന് ശേഷം സോഫിയയും അരുണും ലഞ്ചിനും ഷോപ്പിംഗിനായും ഹോട്ടലുകളിലും മറ്റും കറങ്ങിനടന്നതിന്റെ ഫോട്ടാഗ്രാഫുകളും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. മെല്‍ബണിലെ റോയല്‍ പാര്‍ക് ഹോട്ടലില്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് അരുണ്‍ ഫോണ്‍ ചെയ്യുന്നതും, മണിക്കൂറുകള്‍ക്കകം സോഫിയ എത്തിച്ചേരുന്നതുമെല്ലാം കോടതിക്ക് കൈമാറിയ ദൃശ്യങ്ങളിലുള്‍പ്പെടുന്നു. 

സോഫിയ കോടതിയില്‍
സോഫിയ കോടതിയില്‍

2015 നവംബറിനും 2016 മെയിനും ഇടയില്‍ നടത്തിയ രഹസ്യസമാഗമങ്ങളുടെ നിരവധി ഫോട്ടോഗ്രാഫുകള്‍ പ്രോസിക്യൂഷന്‍ കോടതിയെ ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. സോഫിയയുടെയും അരുണിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കാനായി ആറ് രഹസ്യപൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഇവരുടെ ഐഡന്റിറ്റി പക്ഷെ കോടതിയില്‍ വെളിപ്പെടുത്തിയില്ല. പകരം നമ്പറുകളായാണ് ഇവരെ കോടതിയില്‍ പ്രോസിക്യൂട്ടര്‍ കെറി ജൂഡ് അവതരിപ്പിച്ചത്. 

ഉറങ്ങിക്കിടന്ന സാം എബ്രഹാമിന്റെ വായിലേക്ക് സയനൈഡ് കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചുകൊടുക്കുകയായിരുന്നുവെന്ന് കെറി ജൂഡ് കോടതിയില്‍ വ്യക്തമാക്കി. ഉറങ്ങിക്കിടക്കവെ, സാം എബ്രഹാം ദ്രാവകം ബോധപൂര്‍വമല്ലാതെ വിഴുങ്ങിയതാകാമെന്ന് വിക്ടോറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിനിലെ ഡോക്ടര്‍ മൈക്കിള്‍ ബര്‍ക് കോടതിയില്‍ മൊഴി നല്‍കി. ഉറങ്ങിക്കിടക്കുമ്പോള്‍ വായില്‍ എന്തെങ്കിലും ദ്രാവകം ഒഴിച്ചാല്‍ വിഴുങ്ങാന്‍ സാധ്യത ഏറെയാണ്. സാമിന്റെ മരണം സയനൈഡ് അകത്തു ചെന്നാണെന്നും ഡോക്ടര്‍ പറഞ്ഞു. സാമിന്റെ പ്രേതപരിശോധന നടത്തിയത് ഡോക്ടര്‍ ബര്‍കായിരുന്നു.

സാം എബ്രഹാം
സാം എബ്രഹാം

2015 ഒക്ടോബറിലാണ് പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ മെല്‍ബണിലെ എപ്പിംഗിലെ
വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹൃദയാഘാതം ആണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ചേര്‍ന്ന് സാമിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഫിയയുടെയും അരുണിന്റെയും ഇലക്‌ട്രോണിക് ഡയറിക്കുറിപ്പുകള്‍ പ്രോസിക്യൂഷന്‍ പുറത്തുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com