കൊളംബോ : ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഇന്നലെ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി ഉയര്‍ന്നു. 500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് വക്താവ് അറിയിച്ചു. മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ 35 വിദേശികളുമുണ്ട്.
സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസിഡന്‍ര് മൈത്രിപാല സിരിസേന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു. തലസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെത്തിയതെന്നും ശ്രീലങ്കന്‍ വ്യോമസേന ഇത് നിര്‍വീര്യമാക്കിയെന്നും പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന ടെര്‍മിനലിലേക്കുള്ള വഴിയിലാണ് ബോംബ് കിടന്നിരുന്നത്.
കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി,കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി, കൊളംബോയിലെ ആഡംഹര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ് ബെറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകോടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രാദേശിക സമയം 8.45 ഓടെയായിരുന്നു ആദ്യ സ്‌ഫോടനങ്ങളുണ്ടായത്. എട്ട് സ്‌ഫോടനങ്ങളില്‍ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനങ്ങൾക്ക് പിന്നിൽ നാഷണൽ തൗഹീദ് ജമാ അത്ത് ( എൻടിജെ) ആണെന്നാണ് പ്രധാന സംശയം. എന്‍ടിജെ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ചതോടെയാണ് എന്‍ടിജെ സംഘടന ശ്രദ്ധാകേന്ദ്രമാകുന്നത്. അതേസമയം സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates