കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന ഏഴ് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. ആക്രമണത്തിൽ നേരിട്ടു പങ്കുള്ളവരാണിവർ. മൂന്നു സ്ത്രീകളടക്കം ഏഴു പേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ പേരും മറ്റുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവേറുകളായ രണ്ട് യുവാക്കളുടെ പിതാവായ കോടീശ്വരനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 76 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശിക തീവ്ര ഇസ്ലാമിക് സംഘടനയായ നാഷണൽ തൗഹീദ് ജമാ അത്തിലെ (എൻടിജെ) അംഗങ്ങളായ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയത്.
സുഗന്ധവ്യഞ്ജന വ്യാപാരി മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായ പിതാവ്. ഇയാളുടെ മക്കളായ ഇൽഹാം അഹമ്മദും ഇസ്മത് അഹമ്മദും ചാവേറുകളായി ഹോട്ടലുകളിൽ മരിച്ചിരുന്നു. സഹോദരന്മാരിൽ മൂത്തയാളായ ഇൽഹാമാണ് സിനമൺ ഗ്രാൻഡ് ഹോട്ടലിൽ സ്ഫോടനം നടത്തിയത്. ഇയാളെ മുൻപൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ പുറത്തുവന്നു. യുവാക്കളിലൊരാൾ ഓസ്ട്രേലിയയിലും ബ്രിട്ടനിലും പഠിച്ചതാണെന്ന് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു.
തുടർന്ന് ഇവരുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്കു ചെന്നപ്പോൾ ഇൽഹാമിന്റെ ഭാര്യയും സ്ഫോടകവസ്തുക്കൾക്കു തീ കൊളുത്തി ചാവേറായി മരിച്ചിരുന്നു. നഗരപ്രാന്തത്തിലെ കൊട്ടാരസമാനമായ വീട് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മക്കൾക്ക് നാഷനൽ തൗഹിദ് ജമാഅത്ത് സംഘടനയുമായുള്ള ബന്ധവും ആക്രമണങ്ങൾക്കുള്ള നീക്കവും പിതാവ് മുഹമ്മദ് യൂസഫിന് അറിയാമായിരുന്നോയെന്ന് അന്വേഷിക്കുന്നു.
മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് ഈസ്റ്റർ ദിനത്തിൽ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സ്‌ഫോടന പരമ്പരയില്‍ 359ല്‍ ഏറെ പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടത് 253 പേരാണെന്നും, ചിലരുടെ പേരുകൾ ഒന്നിലധികം തവണ പട്ടികയിൽ ഉൾപ്പെട്ടതാണു തെറ്റുവരാൻ കാരണമെന്നും വ്യക്തമാക്കി.
അഞ്ഞൂറോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. ഭീകരർക്കായി പൊലീസ് റെയ്ഡ് തുടരുകയാണ്. അന്വേഷണത്തിൽ സഹായിക്കാൻ യുഎസിൽ നിന്ന് എഫ്ബിഐയുടെയും ബ്രിട്ടനിൽ നിന്നു സ്കോട്‌ലൻഡ് യാർഡിന്റെയും സംഘങ്ങളെത്തി.
അതിനിടെ ടൂറിസം വളർച്ചയ്ക്കായി 39 രാജ്യങ്ങളിലെ പൗരന്മാർക്ക് അനുവദിച്ചിരുന്ന ഓൺ അറൈവൽ വീസ സൗകര്യം ശ്രീലങ്ക തൽക്കാലം നിർത്തലാക്കി. ചാവേറുകൾക്കു വിദേശസഹായം ലഭിച്ചെന്നും ഉദാര വീസാ വ്യവസ്ഥകൾ ദുർവിനിയോഗം ചെയ്തെന്നും കണ്ടെത്തിയതിനാലാണു നടപടിയെന്ന് ടൂറിസം മന്ത്രി ജോൺ അമരതുംഗെ പറഞ്ഞു. ശ്രീലങ്കയിലേക്കു പോകരുതെന്ന് ചൈനയും ബ്രിട്ടനും പൗരൻമാർക്കു നിർദേശം നൽകിയിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates