യുഎസ് സൈനിക നീക്കത്തിനിടെ ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടു?; ട്രംപ് മാധ്യമങ്ങളെ കാണും

യുഎസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്
യുഎസ് സൈനിക നീക്കത്തിനിടെ ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടു?; ട്രംപ് മാധ്യമങ്ങളെ കാണും

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. യുഎസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനിടെ,അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് അഭ്യൂഹങ്ങള്‍ സത്യമാണ് എന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നു.ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.

സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്‌ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.ഡിഎന്‍എ ബയോമെട്രിക് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ. അതിനിനിയും സമയമെടുക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച 9മണിക്ക്(ഇന്ത്യന്‍ സമയം ആറ് മണി) വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗന്‍ ഹിഡ്‌ലി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ് നേതാവാകുന്നത്. പിന്നീട് അല്‍ഖ്വെയ്ദയെ സംഘടനയില്‍ ലയിപ്പിച്ച് ഭീകരപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബാഗ്ദാദിയാണ്.

ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടോ എന്ന  കാര്യത്തില്‍ ഉടന്‍ സ്ഥിരീകരണമുണ്ടാകുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com