

ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍, യുഎസ് എംബസി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയില്‍ (ഗ്രീന്‍ സോണ്‍) രാത്രിയില്‍ മോര്‍ട്ടാര്‍ ആക്രമണം. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു. രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് ഇറാന്റെ തിരിച്ചടിയാണെന്നാണ് സൂചന.
ആക്രമണത്തില്‍ ആളപായമില്ലെന്നാണ് സൂചന. എന്നാല്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റതായി 'ദ് മിറര്‍' റിപ്പോര്‍ട്ട് ചെയ്തു. ഒരു മോര്‍ട്ടാര്‍ വന്നുവീണത് സുരക്ഷാമേഖലയ്ക്കുള്ളിലായിരുന്നു, രണ്ടാമത്തേത് പുറത്തും. തുടര്‍ന്ന് അപായസൈറണും മുഴങ്ങി. സര്‍ക്കാര്‍ ഓഫിസുകളും ഒട്ടേറെ വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമുള്ള മേഖലയാണ് ഗ്രീന്‍ സോണ്‍. ഒട്ടേറെ നയതന്ത്രജ്ഞരും സൈനികരും മേഖലയില്‍ താമസിക്കുന്നുണ്ട്.ആക്രമണം ഇറാഖിലെ സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
അതിനു ശേഷമാണ് കാത്യുഷ റോക്കറ്റുകള്‍ വടക്കന്‍ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തില്‍ പതിച്ചത്. ഉടന്‍ തന്നെ അപായ സൈറണ്‍ മുഴങ്ങി. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാന്‍ യുഎസ് ആളില്ലാ ഡ്രോണുകള്‍ അയച്ചു. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകള്‍ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവര്‍ത്തനം. അതിവേഗത്തില്‍ റോക്കറ്റുകളയയ്ക്കാനും സാധിക്കും.
രണ്ടാംലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ ഉപയോഗിച്ചിരുന്നതാണ് കാത്യുഷ റോക്കറ്റുകള്‍. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനില്‍ ഇവയുടെ നിര്‍മാണ യൂണിറ്റുകളുമുണ്ട്. 'മൂന്നാം ലോകമഹായുദ്ധം' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡാകുന്നതിനിടെയാണ് യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണം.
അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികമേധാവി ഖാസീം സുലൈമാനിയുടെ സംസ്‌കാരചടങ്ങുകള്‍ ടെഹ്‌റാനില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കന്‍ എംബസിയെ അടക്കം ലക്ഷ്യം വച്ചുള്ള റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്, ഇറാന്റെ ആത്മീയ ആചാര്യനായ അലി ഖമേനി നേരിട്ടാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച സുലൈമാനിയുടെ മരണത്തിനു പിന്നാലെ ബഗ്ദാദില്‍ ശനിയാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബഗ്ദാദ് വിമാനത്താവളത്തിനു സമീപം സുലൈമാനിയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഏഴു പേരാണു കൊല്ലപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates