വെള്ളത്തിലേക്ക് വലിച്ചിഴച്ച് കൂറ്റന്‍ മുതല, മരണത്തോട് മുഖാമുഖം; പേനാക്കത്തി 'പ്രയോഗം', അത്ഭുത രക്ഷപ്പെടല്‍

നിരന്തരം കത്തി കൊണ്ട് പ്രത്യാക്രമണം നടത്തിയാണ് മുതലയില്‍ നിന്ന് അറുപതുകാരന്‍ രക്ഷപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിഡ്‌നി: മീന്‍ പിടിക്കുന്നതിനിടെ, കാലില്‍ കടിച്ച് വലിച്ച് വെള്ളത്തിലിട്ട് തന്നെ ആക്രമിക്കാനൊരുങ്ങിയ മുതലയെ മനോധൈര്യം കൈവിടാതെ പേനാക്കത്തി കൊണ്ട് പ്രത്യാക്രമണം നടത്തി വിരട്ടിയോടിച്ച് അറുപതുകാരന്‍. നിരന്തരം കത്തി കൊണ്ട് പ്രത്യാക്രമണം നടത്തിയാണ് മുതലയില്‍ നിന്ന് അറുപതുകാരന്‍ രക്ഷപ്പെട്ടത്. 

ഓസ്‌ട്രേലിയയുടെ വടക്കന്‍ഭാഗത്തുള്ള നോര്‍ത്തേണ്‍ കേപ് യോര്‍ക്ക് മേഖലയിലുള്ള കുഗ്രാമത്തിലാണു സംഭവം. അറുപതുകാരന്‍ ഹോപ് വാലിയില്‍ നദിക്കരയില്‍ നിന്ന് ചൂണ്ടയിടുന്നതിനിടെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്.  നാലര മീറ്ററോളം നീളമുള്ള ഒരു മുതലയായിരുന്നു അത്. തന്നെ ആക്രമിക്കുന്നതിന് തൊട്ടു മുന്‍പാണു മുതലയെ അദ്ദേഹം കണ്ടത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ചൂണ്ട ഉപയോഗിച്ച് മുതലയെ അടിച്ചോടിക്കാന്‍ അദ്ദേഹം മുതിര്‍ന്നെങ്കിലും ഫലം കണ്ടില്ല. 

അറുപതുകാരന്റെ കാലില്‍ കടിച്ച മുതല അദ്ദേഹത്തെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് നദിക്കരയിലുള്ള ഒരു മരത്തില്‍ അള്ളിപ്പിടിച്ചു കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുതല കാലില്‍ വീണ്ടും കടിച്ച് വലിച്ച് വെള്ളത്തിലേക്കിട്ടു. അവിടെ മരണത്തെ മുഖാമുഖം കണ്ട നേരത്താണ് അരയിലെ ബെല്‍റ്റില്‍ പേനാക്കത്തിയുണ്ടെന്ന കാര്യം അദ്ദേഹം ഓര്‍ത്തത്. അരയില്‍ നിന്ന് പേനാക്കത്തി വലിച്ചൂരി ജീവരക്ഷാര്‍ഥം മുതലയെ ആക്രമിച്ചു. 

മിനിറ്റുകള്‍ നീണ്ടു നിന്ന ആക്രമത്തിനൊടുവില്‍ മുതല അദ്ദേഹത്തെ വിട്ടു വെള്ളത്തിലേക്ക് തിരികെ ഊളിയിട്ടു പോയി. നിലവില്‍ അറുപതുകാരന്‍ ഓസ്‌ട്രേലിയയിലെ കുക്ക്ടൗണ്‍ എന്ന ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത്തരമൊരു രക്ഷപ്പെടല്‍ അപൂര്‍വമാണെന്ന് ക്വീന്‍സ്‌ലന്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മാറ്റ് ബ്രയാന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്ര വലുപ്പമുള്ള ഒരു മുതലയുടെ പിടിയില്‍ ഒരാള്‍ ഒറ്റയ്ക്ക് അകപ്പെട്ടാല്‍ രക്ഷപ്പെടുന്നത് അസാധ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com