ചരിത്രം കുറിച്ച് കമലാ ഹാരിസ്; ഒരു മണിക്കൂര്‍ 25 മിനുട്ട് യു എസ് പ്രസിഡന്റ് പദവിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2021 10:43 AM  |  

Last Updated: 20th November 2021 10:43 AM  |   A+A-   |  

Kamala Harris first woman to get US presidential powers

ഫയല്‍ ചിത്രം

 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ഒരു മണിക്കൂര്‍ 25 മിനുട്ടു നേരമാണ് കമല ഹാരിസ് യു എസ് പ്രസിഡന്റ് പദവിയില്‍ ഇരുന്നത്.  ആരോഗ്യ പരിശോധനകള്‍ക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായ കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ബൈഡനെ പതിവ് കൊളോണോസ്‌കോപി പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനായി അനസ്‌തേഷ്യ നല്‍കുന്നതിനാലാണ് താല്‍കാലികമായി അധികാരം കൈമാറിയത്. യുഎസ് സമയം രാവിലെ 10.10നായിരുന്നു അധികാരക്കെമാറ്റം. 11.35 ആയപ്പോള്‍ ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. 

വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിലുള്ള ഓഫീസില്‍ നിന്നാണ് കമല ഹാരിസ് ചുമതലകള്‍ നിര്‍വഹിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത സായുധ സേനകളുടേയും അണ്വായുധങ്ങളുടെയും നിയന്ത്രണാധികാരത്തിലെത്തുന്നത്. 79-ാം ജന്മദിനത്തിന്റെ തലേന്നാണ് ബൈഡന്‍ കൊളോണോസ്‌കോപി പരിശോധനയ്ക്ക് വിധേയനായത്.  യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡന്‍. 

ഇത്തരം സാഹചര്യങ്ങളിലുള്ള അധികാര കൈമാറ്റം അഭൂതപൂര്‍വമായ ഒന്നല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. 2002 ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും സമാനമായി അധികാരം കൈമാറിയിരുന്നു. യു എസ് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിത കൂടിയാണ് തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള കമലാ ഹാരിസ്.