ഒരുവര്‍ഷത്തില്‍ വാരിയെടുക്കുന്നത് അഞ്ഞൂറു കോടി ടണ്‍ മണല്‍; ഭൂമിക്ക് ചുറ്റു മതില്‍കെട്ടിപ്പൊക്കാമെന്ന് യുഎന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 03:38 PM  |  

Last Updated: 26th April 2022 03:38 PM  |   A+A-   |  

sand-mining

പ്രതീകാത്മക ചിത്രം

 

ജനീവ: ഒരുവര്‍ഷത്തില്‍ ലോകത്ത് മനുഷ്യന്‍ വാരിയെടുക്കുന്നത് അഞ്ഞൂറുകോടി ടണ്‍ മണല്‍ ആണെന്ന് യുഎന്‍. ഈ അളവില്‍ മണലുണ്ടെങ്കില്‍ ഭൂമിക്ക് ചുറ്റും 27 മീറ്റര്‍ ഉയരത്തിലും 27 മീറ്റര്‍ വീതിയിലും ഒരു മതില്‍തന്നെ കെട്ടിപ്പൊക്കാമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജലം കഴിഞ്ഞാല്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവമാണ്‌
മണല്‍. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ അമൂല്യ സമ്പത്ത് നഷ്ടപ്പെടുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മണലിനെ തന്ത്രപ്രധാനമായ ഒരു വിഭവമായി അംഗീകരിക്കുകയും അതിന്റെ വേര്‍തിരിച്ചെടുക്കലും ഉപയോഗവും സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തേണ്ടത് ആവശ്യമാണെന്ന് യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മണല്‍ ലോക സാമ്പത്തിക ക്രമത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വീടുകളും ആശുപത്രികളും റോഡുകളും ഉള്‍പ്പെടെ ലോകത്തെ എല്ലാത്തരം നിര്‍മ്മാണങ്ങള്‍ക്കും മണല്‍ അത്യാവശ്യമാണ്. പ്രകൃതി സ്വാഭാവികമായി മണല്‍ രൂപപ്പെടുത്തുന്നതിനെക്കാള്‍ വേഗത്തില്‍, അതിന്റെ ഉപയോഗം നടക്കുന്നുണ്ട്. വിഭവങ്ങളുടെ വേര്‍തിരിച്ചെടുതക്കലിനും ഉപയോഗത്തിനുമായി വിദഗ്ധരില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യുഎന്‍ഇപി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

അമിതമായ മണലെടുക്കല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും ജൈവ വൈവിധ്യത്തിനെ ബാധിക്കുന്ന പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മണല്‍ ഒരു തന്ത്രപ്രധാനമായ വിഭവമായി അംഗീകരിക്കപ്പെടണം, നിര്‍മ്മാണത്തിനുള്ള ഒരു വസ്തുവായി മാത്രമല്ല, പരിസ്ഥിതി സന്തുലനത്തില്‍ മണല്‍ നിര്‍ണായ പങ്കുവഹിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

തീരദേശ പ്രതിരോധം, പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് ബീച്ചുകളില്‍ നിന്ന് മണല്‍ എടുക്കുന്നത് നിരോധിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.മണല്‍ വിഭവം പരിമിതമാണെന്നും അത് വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

മാലിന്യങ്ങള്‍ മണ്ണിട്ട് മൂടുന്നത് തടയുക, മണല്‍ പുനരുപയോഗം ചെയ്യല്‍ പ്രോക്‌സാഹിപ്പിക്കുക തുടങ്ങി സംരക്ഷണത്തിന് വേണ്ടിയുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പാറപ്പൊടിയും ഖനനത്തില്‍ നിന്ന് ലഭിക്കുന്ന അയിര് മണലും മണലിന് പകരമായി ഉപയോഗിക്കാന്‍ പറ്റുന്ന പ്രകൃതി വിഭവങ്ങളാണെന്നും അവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം  പരാഗ് അഗ്രവാള്‍ തുടരുമോ?; ട്വിറ്റര്‍ സിഇഒയെ മാറ്റിയാല്‍ നല്‍കേണ്ടത് 321 കോടി രൂപ!

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ