മുട്ടുമടക്കി ഇറാൻ സർക്കാർ; മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി 

ടെഹ്റാനിൽ നടന്ന ഒരു മത സമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി ആണ് ഈ വിവരം പുറത്തുവിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടെഹ്റാന്‍: മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കാൻ ഇറാൻ സർക്കാരിന്റെ തീരുമാനം. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത മഹ്സ അമിനി കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ രാജ്യത്ത് പടർന്നു പിടിച്ചിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും പ്രക്ഷോഭങ്ങൾ കൂടുതൽ പടരുകയാണ്. ഇതേത്തുടർന്നാണ് സുപ്രധാന തീരുമാനം. 

ടെഹ്റാനിൽ നടന്ന ഒരു മത സമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി ആണ് ഈ വിവരം പുറത്തുവിട്ടത്. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. 

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പൊലീസാണ് 22കാരിയായ മഹ്സ അമിനിയെ കസ്റ്റഡിയിൽ എടുത്തത്. അവിടെ വച്ച് അവർക്ക് മസ്തിഷ്ക മരണം സംഭവിച്ചു. സെപ്തംബര്‍ 13 നായിരുന്നു മഹ്സ അമിനിയെ കസ്റ്റഡിയില്‍ എടുത്തത്. 

അന്ന് മുതൽ ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിങ് ചെയ്ത കലാപമെന്നാണ് നേരത്തെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി വിലയിരുത്തിയത്.  

ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിനെതിരെ ബ്രിട്ടനും അമേരിക്കയും ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. റഷ്യക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറാനു മേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചു.  

അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ത്ഥിനികളും തെരുവിലിറങ്ങിയിരുന്നു. പിന്നാലെയാണ് സർക്കാർ നിർണായക തീരുമാനവുമായി പിന്നാക്കം പോയിരിക്കുന്നത്. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com