സെലന്‍സ്‌കിയെ കൊല്ലാന്‍ റഷ്യന്‍ രഹസ്യ പദ്ധതി, ഒരാഴ്ചയ്ക്കിടെ മൂന്നു തവണ വധശ്രമം നടത്തി; റിപ്പോര്‍ട്ട് 

24 ഉന്നത ഉദ്യോഗസ്ഥരുടെ കില്‍ ലിസ്റ്റ് ഇവരുടെ പക്കലുണ്ട്
സെലന്‍സ്‌കി/ ട്വിറ്റർ
സെലന്‍സ്‌കി/ ട്വിറ്റർ

ലണ്ടന്‍: യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയതിനു ശേഷം മൂന്നു തവണ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിക്കു നേരെ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ട്. റഷ്യയില്‍ തന്നെയുള്ള യുദ്ധ വിരുദ്ധര്‍ നല്‍കിയ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെലന്‍സ്‌കി വധശ്രമങ്ങളില്‍നിന്നു രക്ഷപ്പെട്ടതെന്ന് ബ്രിട്ടനിലെ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലുള്ള, യുദ്ധത്തെ എതിര്‍ക്കുന്നവരാണ് പ്രസിഡന്റിനെ വധിക്കുന്നതിനുള്ള പദ്ധതിയുടെ വിവരം നല്‍കിയതെന്ന് യുക്രൈന്‍ നാഷനല്‍ സെക്യൂരിറ്റി സെക്രട്ടറിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംലിന്റെ പിന്തുണയുള്ള വാഗനര്‍ ഗ്രൂപ്പാണ് രണ്ടു തവണ പദ്ധതി ആസൂത്രണം ചെയ്തതത്. പദ്ധതി വിജയിച്ചാലും റഷ്യയുടെ പങ്ക് തെളിയിക്കാനാവാത്ത വിധമാണ് വധഗൂഢാലോചന നടന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വാഗനര്‍ ഗ്രൂപ്പിലെ നാനൂറിലേറെ അംഗങ്ങള്‍ ഇപ്പോഴും കീവില്‍ ഉണ്ടെന്നാണ് കരുതുന്നത്. പ്രത്യേക ദൗത്യവുമായാണ് അവര്‍ എത്തിയിട്ടുള്ളത്. 24 ഉന്നത ഉദ്യോഗസ്ഥരുടെ കില്‍ ലിസ്റ്റ് ഇവരുടെ പക്കലുണ്ട്. ഇവരെ ഇല്ലാതാക്കിയാല്‍ കീവ് ഭരണകൂടം ദുര്‍ബലമാവും. ഇതോടെ യുക്രൈന്റെ പ്രതിരോധം തകരുമെന്നാണ് റഷ്യ വിലയിരുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ സെലസന്‍സ്‌കിയെ കീവില്‍ നിന്ന് ഒഴിപ്പിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സെലന്‍സ്‌കി ഇതു തള്ളി. രാജ്യത്ത് യുദ്ധം നടക്കുമ്പോള്‍ സുരക്ഷിത കേന്ദ്രം തേടി പോവാനില്ലെന്നായിരുന്നു പ്രസിഡന്റ് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com