യുഎഇ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയം അറിയിച്ചു.മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങള്‍, സ്വകാര്യമേഖല എന്നിവയ്ക്ക് മൂന്ന് ദിവസത്തെ അവധിയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
73 വയസായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. 2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. 1945 ജനുവരി 25നു ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസ്സില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനു ശേഷം 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവന്‍ കൂടിയായിരുന്നു ഖലീഫ.
പുതുയുഗത്തിലേക്കു യുഎഇയെ നയിക്കുന്നതിന്റെ ഭാഗമായി ഖലീഫ നടപ്പാക്കിയ വനിതാക്ഷേമപ്രവര്‍ത്തനങ്ങളും രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടു. അധികാരമേറ്റ ഉടന്‍ 2004 നവംബറില്‍ തന്നെ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം നല്‍കി. ഷെയ്ഖ ലൂബ്ന അല്‍ ഖാസിമിയാണ് യുഎഇയിലെ ആദ്യ വനിതാ മന്ത്രി. രാജ്യത്തെ പ്രഥമ വനിതാ ജഡ്ജിമാരായി ആലിയ സയിദ് അല്‍ കഅബിയെയും ആതിഖ അവാദ് അല്‍ കത്തീരിയെയും 2008 ജനുവരിയില്‍ നിയമിച്ചു. സര്‍ക്കാരിലെ ഉന്നതപദവികളില്‍ സ്ത്രീകള്‍ക്കു 30% പ്രാതിനിധ്യം നല്‍കി. ബിസിനസ് മേഖലയിലും സ്ത്രീകള്‍ക്കു കൂടുതല്‍ പരിഗണനയും പ്രോല്‍സാഹനവുമാണു ഷെയ്ഖ് ഖലീഫ നല്‍കിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates