എലിസബത്ത് രാജ്ഞിയുടെ മരണ ശേഷം ചാൾസ് രാജാവ് അധികാരത്തിലേറിയതോടെ അദ്ദേഹത്തിന്റെ സ്വത്തുക്കൾ മകനായ വില്യം രാജകുമാരൻ ഏറ്റെടുത്തു. ഏകദേശം 400 മില്യൻ ഡോളർ (3,295 കോടി രൂപ) വിലമതിപ്പുള്ള വസ്തുവകകളാണ് വില്യത്തിന്റെ കൈവശമെത്തിയിരിക്കുന്നത്.
ഗ്ലൗസെസ്റ്റർഷയറിൽ സ്ഥിതി ചെയ്യുന്ന ഹൈഗ്രോവ് എന്ന ബംഗ്ലാവടക്കം ഇനി രാജകുമാരന്റെ അധികാര പരിധിയിലായിരിക്കും. ഇവയ്ക്കൊപ്പം ഒരു ജയിൽ കൂടി വില്യം രാജകുമാരന് സ്വന്തമായി. എച്ച്എംപി ഡാർട്മൂർ എന്ന ജയിലാണ് വില്യം രാജകുമാരന് ലഭിച്ചിട്ടുള്ളത്. പുരുഷന്മാരെ പാർപ്പിക്കുന്ന സി കാറ്റഗറിയിൽ ഉൾപ്പെട്ട ജയിലാണിത്.
ഡെവൻ പ്രവിശ്യയിലെ പ്രിൻസ് ടൗണിലാണ് ഡാർട്മൂർ ജയിൽ സ്ഥിതി ചെയ്യുന്നത്. 1809ലാണ് ജയിലിന്റെ പ്രവർത്തനം ആരംഭിച്ചത്.
ഇവിടുത്തെ അന്തേവാസികൾക്ക് തടവു ശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഏതെങ്കിലും മേഖലയിൽ തൊഴിൽ ചെയ്യാനും പുനരധിവാസത്തിനുമുള്ള പരിശീലനം നൽകുന്ന കേന്ദ്രമായാണ് ജയിൽ പ്രവർത്തിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം മുതൽ സർവകലാശാല വിദ്യാഭ്യാസം വരെ നേടാനുള്ള അവസരവും ജയിലിൽ അടയ്ക്കപ്പെട്ടവർക്ക് ലഭിക്കുന്നുണ്ട്. ഇതിനുപുറമേ ഇലക്ട്രോണിക്സ്, കെട്ടിട നിർമാണം, മരപ്പണി, പെയിന്റിങ് തുടങ്ങി ഡെസ്ക്ടോപ്പ് പബ്ലിഷിങ് അടക്കമുള്ള നിരവധി മേഖലകളിലേക്ക് തൊഴിൽ പരിശീലനവും നൽകുന്നു.
പ്രത്യേകം സെല്ലുകളുള്ള ആറ് വിങ്ങുകളായാണ് ജയിലിന്റെ നിർമാണം. ചരിത്രപരമായും വാസ്തുവിദ്യാപരമായും പ്രാധാന്യമുള്ളതാണ് ഡാർട്മൂർ ജയിൽ. ഇതിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പൈതൃക കെട്ടിടങ്ങളുടെ പട്ടികയിൽ ഡാർട്മൂർ ഇടം നേടിയിട്ടുണ്ട്. യുദ്ധ തടവുകാരെ പാർപ്പിച്ചതടക്കമുള്ള ചരിത്ര ശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നതിനായി ജയിൽ മ്യൂസിയവും തുറന്നിട്ടുണ്ട്.
അത്ര നല്ല ചരിത്രമല്ല ഈ ജയിലിനുള്ളത്. 1815ൽ ജയിലിലെ അപര്യാപ്തമായ സൗകര്യങ്ങളും ശുദ്ധ വായുവിന്റെ അഭാവവും മൂലം 270 ഓളം അമേരിക്കൻ യുദ്ധത്തടവുകാരും ഫ്രാൻസ് സ്വദേശികളായ 1200 ൽപരം തടവുകാരും മരിച്ചിട്ടുണ്ട്. പിന്നീട് 35 വർഷത്തോളം ജയിൽ അടഞ്ഞു കിടന്നു. 1920 ലാണ് യുകെയിലെ കുറ്റവാളികളെ ജയിലിൽ പാർപ്പിച്ച് തുടങ്ങിയത്. കൊലപാതകികളും മോഷ്ടാക്കളും അടക്കം ബ്രിട്ടനിലെ കൊടും കുറ്റവാളികളിൽ പലരും ഇവിടെ പാർത്തിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് തടവുചാടാൻ ശ്രമിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
2002ലാണ് താരതമ്യേന കുറഞ്ഞ കുറ്റം ചുമത്തപ്പെട്ടിട്ടുള്ള ആളുകളെ ഇവിടെ പാർപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡാർട്മൂർ ജയിൽ നിരവധി തവണ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടിരുന്നു. 2023ൽ ജയിൽ പ്രവർത്തനം നിലക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2021ൽ നടന്ന ചർച്ചകളെ തുടർന്ന് തീരുമാനം പിൻവലിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates