26-ാം വയസ്സില്‍ രാജ്ഞി; സിംഹാസനത്തില്‍ ഏഴു പതിറ്റാണ്ട്; ചരിത്രസംഭവങ്ങളുടെ നേര്‍സാക്ഷി

ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും കഴിഞ്ഞ ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
3 min read


ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം രാജസിംഹാസനത്തില്‍ ഇരുന്ന വ്യക്തിയെന്ന ബഹുമതിക്ക് ഉടമയാണ് എലിസബത്ത് രാജ്ഞി. കിരീടധാരണത്തിന്റെ ഏഴുപതാം വര്‍ഷത്തിലായിരുന്നു അന്ത്യം. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും കഴിഞ്ഞ ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ വ്യക്തി കൂടിയാണ് ക്യൂന്‍ എലിസബത്ത്. 

ജോര്‍ജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോര്‍ജ് അഞ്ചാമന്റെ ഭരണകാലത്താണ് എലിസബത്ത് ജനിച്ചത്. ലണ്ടനിലെ മേഫെയറിലുള്ള ബ്രുട്ടന്‍ സ്ട്രീറ്റിലുള്ള വസതിയില്‍ 1926ലാണ് ജനനം. എലിസബത്ത് അലക്‌സാന്‍ഡ്ര മേരി വിന്‍ഡ്‌സര്‍ എന്നായിരുന്നു പേര്. ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പിന്തുടര്‍ച്ചാവകാശത്തില്‍ അമ്മാവന്‍ എഡ്വേഡിനും പിതാവിനും പിന്നില്‍ മൂന്നാമതായിരുന്നു എലിസബത്ത്. ജോര്‍ജ് അഞ്ചാമന്റെ മരണത്തെ തുടര്‍ന്ന് എഡ്വേഡ് രാജാവ് ആയി. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, എഡ്വേഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തു. 

എലിസബത്ത് രാജ്ഞി-1966ലെയും 2006 ലെയും ചിത്രങ്ങള്‍/ പിടിഐ
എലിസബത്ത് രാജ്ഞി-1966ലെയും 2006 ലെയും ചിത്രങ്ങള്‍/ പിടിഐ

രാജ്ഞിയായി കിരീടധാരണം
 

തുടര്‍ന്ന് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായി. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് മൂത്തമകളായ എലിസബത്ത് അധികാരത്തിലെത്തുന്നത്. 1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം നടന്നു. 26-ാം വയസ്സിലാണ് രാജ്യഭാരമേറ്റത്. മക്കളായ ചാള്‍സും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായി ചുമതലയേല്‍ക്കുന്നത്. 1947ലാണ് ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനുമായി എലിസബത്തിന്റെ വിവാഹം. 

എലിസബത്ത് ഭര്‍ത്താവിനൊപ്പം/ പിടിഐ
എലിസബത്ത് ഭര്‍ത്താവിനൊപ്പം/ പിടിഐ

നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍നിന്ന് ബ്രിട്ടൻ പുറത്തുവന്നുകൊണ്ടിരുന്ന കാലത്താണ് എലിസബത്ത് അധികാരത്തിലേറുന്നത്. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് എലിസബത്തിന്റെ ഭരണകാലയളവ് സാക്ഷ്യംവഹിച്ചു. 1960-70 കാലയളവില്‍ ആഫ്രിക്കയും കരീബിയന്‍ രാജ്യങ്ങളും കോളനിവാഴ്ചയില്‍നിന്ന് മോചിതമായി. ഇക്കാലയളവില്‍ ഏകദേശം 20 രാജ്യങ്ങളാണ് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. കോളനികള്‍ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് സാമ്രാജ്യം തകർന്നു. 1973-ല്‍ എഡ്വാര്‍ഡ് ഹീത്ത് പ്രധാനമന്ത്രിയായിരിക്കെയാണ് ബ്രിട്ടൻ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നത്.

15 പ്രധാനമന്ത്രിമാരാണ് എലിസബത്തിന്റെ കാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തിയത്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആയിരുന്നു എലിസബത്തിന്റെ ഭരണകാലയളവിലെ ആദ്യ ബ്രിട്ടൻ പ്രധാനമന്ത്രി. അന്ന് ജോസഫ് സ്റ്റാലിന്‍ ആയിരുന്നു സോവിയറ്റ് യൂണിയന്റെ തലപ്പത്ത്. 1979-ല്‍ മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റതും എലിസബത്തിന്റെ കാലത്താണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസമാണ് ലിസ് ട്രസിനെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി എലിസബത്ത് രാജ്ഞി നിയമിച്ചത്. 

എലിസബത്ത് ഇന്ദിരാഗാന്ധിക്കൊപ്പം/ പിടിഐ
എലിസബത്ത് ഇന്ദിരാഗാന്ധിക്കൊപ്പം/ പിടിഐ

ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരി

ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്. നൂറിലധികം ലോകരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. രാജകുടുംബത്തിൽ നിന്നും സേനയിൽ ചേർന്ന ആദ്യ വനിതയാണ്. 1945 ൽ ബ്രിട്ടീഷ് സേനയുടെ ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്നു.  ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജ്ഞിയാണ് എലിസബത്ത്. 1986ലായിരുന്നു സന്ദർശനം.  ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ നാലായിരത്തോളം നിയമങ്ങളിലാണ് രാജ്ഞി ഒപ്പുവെച്ചത്. 500 ലധികം സംഘടനകളുടെ പാട്രൺ ആയി പ്രവർത്തിച്ചു.

ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്.  2022 ജൂണില്‍, എലിസബത്ത് അധികാരത്തില്‍ ഏറിയതിന്റെ ഏഴുപതാം വാര്‍ഷികമായിരുന്നു. 1977, 2002, 2012 വര്‍ഷങ്ങളില്‍ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവര്‍ണം, വജ്രം, പ്ലാറ്റിനം ജൂബിലികള്‍ യഥാക്രമം ആഘോഷിച്ചിരുന്നു.

എലിസബത്ത് രാജ്ഞിയുടെ കുടുംബചിത്രം/ പിടിഐ
എലിസബത്ത് രാജ്ഞിയുടെ കുടുംബചിത്രം/ പിടിഐ

രാജസിംഹാസനത്തിൽ രണ്ടാമത്

രാജവാഴ്ചയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നതിലെ ഒന്നാംസ്ഥാനം ഫ്രാന്‍സിന്റെ ലൂയി പതിനാലാമനാണ്. രണ്ടാം സ്ഥാനത്തുള്ള എലിസബത്ത് 70 വർഷവും 214 ദിവസവുമാണ് രാജപദവിയിലിരുന്നത്.  മൂന്നാംസ്ഥാനത്തുള്ളത് തായ്ലന്‍ഡിന്റെ ഭൂമിബോല്‍ അതുല്യതേജാണ്. 1927-നും 2016-നും ഇടയില്‍ എഴുപതുവര്‍ഷവും 126 ദിവസവുമാണ് അദ്ദേഹം രാജപദവി വഹിച്ചത്. 2016-ല്‍ ആണ് അദ്ദേഹം അന്തരിച്ചത്.

എലിസബത്ത് രാജ്ഞിയും ഭര്‍ത്താവും ജോണ്‍പോള്‍ മാര്‍പാപ്പയ്‌ക്കൊപ്പം/ പിടിഐ
എലിസബത്ത് രാജ്ഞിയും ഭര്‍ത്താവും ജോണ്‍പോള്‍ മാര്‍പാപ്പയ്‌ക്കൊപ്പം/ പിടിഐ

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com