ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

അല്‍ അഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ പൊലീസ്; വന്‍ സംഘര്‍ഷം, 350പേര്‍ അറസ്റ്റില്‍

ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇരച്ചുകയറി ഇസ്രയേല്‍ പൊലീസ്.

റുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇരച്ചുകയറി ഇസ്രയേല്‍ പൊലീസ്. പ്രദേശത്ത് വന്‍ സംഘര്‍ഷം. പള്ളിയുടെ പ്രാര്‍ത്ഥന ഹാളിലാണ് ഇസ്രയേല്‍ സേന പ്രവേശിച്ചത്. കലാപമുണ്ടാക്കുന്നവരെ അമര്‍ച്ച ചെയ്യാനാണ് പൊലീസ് സംഘം എത്തിയത് എന്നാണ് ഇസ്രയേല്‍ വിശദീകരണം. 


350ഓളം പലസ്തീന്‍കാരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. കല്ലുകളും പടക്കങ്ങളുമായി പ്രതിഷേധക്കാര്‍ പൊലീസിനെ നേരിട്ടു. ആള്‍ക്കൂട്ടത്തിന് നേരെ ഇസ്രയേല്‍ സേന  ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

12പേര്‍ക്ക് പരിക്കേറ്റതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. അല്‍ അഖ്‌സ പള്ളിയിലേക്ക് കടക്കുന്നതില്‍ നിന്ന് തങ്ങളുടെ മെഡിക്കല്‍ സംഘത്തെ ഇസ്രയേല്‍ സേന തടഞ്ഞെന്നും റെഡ് ക്രസന്റ് ആരോപിച്ചു. 

മുഖംമൂടി ധരിച്ച പ്രക്ഷോഭകാരികള്‍ പൊലീസ് സേനയെ മസ്ജിദിനുള്ളില്‍ തടഞ്ഞു വച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇസ്രയേല്‍ പൊലീസ് നല്‍കുന്ന വിശദീകരണം. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജെറുസലേമിലും മാസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. റംസാന്‍ മാസം ആരംഭിച്ചതിന് പിന്നാലെ, നിരവധി പലസ്തീന്‍കാര്‍ അല്‍ അഖ്‌സ മസ്ജിദിലേക്ക് എത്തുന്നുണ്ട്. ഇതിനിടെയാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. 

പൊലീസ് നടപടിക്ക് ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇത്മര്‍ ബെന്‍ ഗിവര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേല്‍ സേനയുടെ ആക്രമണം പ്രതിരോധിക്കാനായി അല്‍ അഖ്‌സയിലേക്ക് പല്‌സ്തീന്‍കാര്‍ കൂട്ടത്തോടെ എത്തണമെന്ന് ഹമാസ് ആഹ്വാനം ചെയ്തു. കഴിഞ്ഞദിവസം രാത്രി, ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിട്ടു. 

ഇസ്രയേല്‍ അധിനിവേശ ജറുസലേമില്‍ സ്ഥിതി ചെയ്യുന്ന അല്‍ അഖ്‌സ ഇസ്ലാം വിശ്വാസപ്രകാരം, മൂന്നാമത്തെ പ്രധാന ആരാധനാലയമാണ്. ജൂത മതവിശ്വാസ പ്രകാരമുള്ള ടെമ്പിള്‍ മൗണ്ടിന് മുകളിലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ഇസ്രയേല്‍ പറയുന്നത്. എല്ലാവര്‍ഷവും റംസാന്‍ മാസങ്ങളില്‍ ഇവിടെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം പതിവാണ്. 2021ല്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പലസ്തീനും ഇസ്രയേലും തമ്മില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധമുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com