ഗാബോണില്‍ സൈനിക അട്ടിമറി; പ്രസിഡന്റും കുടുംബവും തടവില്‍, പട്ടാളത്തിന് നന്ദി പറഞ്ഞ് ജനം, തെരുവില്‍ ആഘോഷം

55 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിഡന്റ് അലി ബോംഗോ ഒഡിംബ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് സൈനിക അട്ടിമറിയുണ്ടായത്
സൈനികര്‍ക്കൊപ്പം ആഹ്ലാദം പങ്കുവയ്ക്കുന്ന ആള്‍ക്കൂട്ടം/ട്വിറ്റര്‍ വീഡിയോ സക്രീന്‍ഷോട്ട്
സൈനികര്‍ക്കൊപ്പം ആഹ്ലാദം പങ്കുവയ്ക്കുന്ന ആള്‍ക്കൂട്ടം/ട്വിറ്റര്‍ വീഡിയോ സക്രീന്‍ഷോട്ട്

ധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ പട്ടാള അട്ടിമറി. 55 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിഡന്റ് അലി ബോംഗോ ഒഡിംബ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് സൈനിക അട്ടിമറിയുണ്ടായത്. 64കാരനായ പ്രസിഡന്റും കുടുംബവും തങ്ങളുടെ തടവിലാണെന്ന് സൈന്യം പ്രഖ്യാപിച്ചു. തുടര്‍ന്ന്, ഗാംബോയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തി. 

സൈനികര്‍ക്കൊപ്പം ദേശീയ ഗാനം ആലപിച്ചാണ് തലസ്ഥാന നഗരമായ ലിബ്രെവില്ലെയില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തിയത്.വര്‍ഷങ്ങളായി ഈ ഭരണം അവസാനിക്കാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സൈന്യത്തിന് നന്ദി പറയുന്നെന്നും ആഹ്ലാദ പ്രകടനത്തിന് എത്തിയവര്‍ പറഞ്ഞു. എവിടെയാണ് പ്രസിഡന്റിനെ തടവിലാക്കിയിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

ലിബ്രെവില്ലെയിലെ പ്രധാന തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. കപ്പലുകള്‍ക്ക് തീരം വിടാനുള്ള അനുമതി സൈന്യം റദ്ദാക്കി. റിപ്പബ്ലിക്കിലെ എല്ലാ സ്ഥാപനങ്ങളുടെയും ഭരണം പിരിച്ചുവിടാന്‍ സൈന്യം നിര്‍ദേശിച്ചു. 

നൈജറില്‍ ജനാധിപത്യ സര്‍ക്കാകരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തിന് പിന്നാലെയാണ് ഗാബോണിലും പട്ടാള അട്ടിമറി നടന്നത്. നൈജറില്‍ സൈനിക നീക്കത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഗാബോണില്‍ ജനങ്ങള്‍ സൈന്യത്തിനൊപ്പമാണ് നില്‍ക്കുന്നത്.

മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച്, ഗാബോണിന്റെ വലിയ തോതിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നില്ല.  ഓഗസ്റ്റ് മുതല്‍ കടുത്ത വിലക്കയറ്റത്തെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. സബ് സഹാറന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ എട്ടാമത്തെ ഇന്ധന ഉത്പാദക രാജ്യമാണ് ഗാബോണ്‍. പ്രതിദിനം 181,000 ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യം, ഒപ്പെക് സഖ്യത്തിലും അഗംമാണ്. 

ഫ്രാന്‍സിന്റെ കോളനി ആയിരുന്ന ഗാബോണില്‍, ഫ്രഞ്ചുകാര്‍ക്ക് എതിരെ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്. രാജ്യത്ത് വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍, പാരിസില്‍ എത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവാല്‍ മാക്രോണുമായി ഗാബോണ്‍ പ്രസിഡന്റ് അലി ബോംഗോ ചര്‍ച്ച നടത്തിയതും ജനങ്ങളെ സൈന്യത്തിന് അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. 

ഫ്രാന്‍സുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും ബോംഗോ കുടുംബത്തിന്റെ പലര്‍ക്കും എതിരെ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും ഫ്രാന്‍സില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.41 വര്‍ഷം ഭരിച്ച ഒമര്‍ ബോംഗോയുടെ മരണത്തെ തുടര്‍ന്ന് 2009ലാണ് അലി ബോംഗോ ഭരണം ഏറ്റെടുത്തത്. 2019ല്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് അലി ബോംഗോ ചികിത്സ തേടിയ സമയത്ത് പട്ടാള അട്ടിമറി ശ്രമം നടന്നെങ്കിലും വിജയിച്ചിരുന്നില്ല.  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com