

ബെത്ലഹേം (വെസ്റ്റ് ബാങ്ക്) : ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിലാണ്. എല്ലാം മറന്ന് വിശ്വാസികള്‍ സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പകര്‍ന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പിറവി നടന്നെന്ന് വിശ്വസിക്കുന്ന ബെത്‌ലഹേം ഇത്തവണ പ്രേതനഗരം പോലെയാണ്.
ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ഇടങ്ങളെല്ലാം പ്രേതനഗരം പോലെ അവശേഷിക്കപ്പെട്ടിരിക്കുന്നു. മാങ്കര്‍ സ്‌ക്വയറില്‍ ക്രിസ്മസ് ട്രീയോ ലൈറ്റുകളോ ഇല്ല. ആഘോഷങ്ങളുടെ ഒരു ലക്ഷണങ്ങളും ഇല്ല. ആധുനിക ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബെത്‌ലഹേമിലെ യേശുവിന്റെ ജന്മസ്ഥലവും മാങ്കര്‍ സ്‌ക്വയറും ഇങ്ങനെ ആഘോഷങ്ങളില്ലാതെ ശൂന്യമായി കാണുന്നത്. ക്രിസ്മസിന് മാസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങിയിരിക്കുന്ന സ്ഥലങ്ങളെല്ലാം യുദ്ധത്തെത്തുടര്‍ന്ന് നാശം സംഭവിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ്.
ബാന്‍ഡ് മേളത്തിന്റെ അടകമ്പടിയില്‍ ഘോഷയാത്ര പോകേണ്ടിയിരുന്ന വഴികളിലെല്ലാം പലസ്തീന്‍ സേനയുടെ പട്രോളിങ്ങാണ് നടക്കുന്നത്. ഗാസയില്‍ കൊലചെയ്യപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ ഓര്‍മയില്‍, ശുഭ്രവസ്ത്രത്തില്‍ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ തിരുരൂപം മാത്രമാണ് മാംഗര്‍ സ്വകയറില്‍ ഉള്ളത്. ഈ വര്‍ഷം ആഘോഷങ്ങളൊന്നും ഇല്ലെന്ന് നേരത്തെ തന്നെ എല്ലാ പള്ളികളും ബന്ധപ്പെട്ട അധികാരികളും അറിയിച്ചിരുന്നു. ക്രിസ്മസ് ആഘോഷം റദ്ദാക്കിയത് നഗരത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. തിരുപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിദേശികള്‍ അടക്കം ബെത്‌ലഹേമിലേക്ക് ഒഴുകിയെത്തിയിരുന്നു.
ബെത്ലഹേമിന്റെ സമ്പദ്വ്യവസ്ഥയില്‍ 70 ശതമാനവും ടൂറിസം മേഖലയില്‍ നിന്നാണ്. മുന്‍ വര്‍ഷങ്ങളില്‍ ക്രിസ്മസ് കാലത്ത് വരുമാനം കുത്തനെ ഉയര്‍ന്നിരുന്നു. ഇക്കൊല്ലമാകട്ടെ വിമാനം അടക്കമുള്ളവ റദ്ദാക്കിയതിനാല്‍ വിദേശികള്‍ക്ക് ബെത്ലഹേം സന്ദര്‍ശിക്കാനുള്ള വഴിയടഞ്ഞു. നഗരത്തിലെ 70ലധികം ഹോട്ടലുകള്‍ അടച്ചു പൂട്ടി. ആയിരക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരായി. പ്രതികൂല സാഹചര്യം അവഗണിച്ച് ചില ഗിഫ്റ്റ് ഷോപ്പുകള്‍ തുറന്നെങ്കിലും അവിടെയും സമ്മാനം വാങ്ങാന്‍ അധികമാരും എത്തിയില്ല. യുദ്ധത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അന്തിയുറങ്ങാന്‍ വീടില്ലാതാകുകയും ചെയ്ത സാഹചര്യത്തില്‍ ട്രീകള്‍ ഒരുക്കിയും വര്‍ണ വെളിച്ചം കത്തിച്ചും ആഘോഷിക്കാന്‍ മാത്രം മനസിന് വലുപ്പമില്ലെന്ന് ബെത്‌ലഹേം ഒന്നിച്ച് പറയുകയായിരുന്നു.
'ബെത്ലഹേമിലെ ക്രിസ്മസ് മണികള്‍ മുഴങ്ങുന്നു, ഗാസയിലെ വെടിനിര്‍ത്തലിനായി' എന്നെഴുതിയ ഒരു ബാനറുണ്ട് നഗരത്തിന്റെ ഹൃദയ ഭാഗത്ത്. സാന്താക്ലോസിന്റെ മുഖം മൂടികളും മറ്റും വില്‍പ്പന നടത്തുന്ന ചിലര്‍ ബാനറിന് സമീപം ഉണ്ട്. അതുവഴി പോകുന്നവരാരും അത് ശ്രദ്ധിക്കുന്നതേയില്ല. യുദ്ധ ഭീകരതയില്‍ ഇപ്പോഴും ജീവിക്കുന്നവരുടെ മനസില്‍ നിറങ്ങളോ ആഘോഷങ്ങളോ ഇല്ല. പ്രിയപ്പെട്ടവര്‍ ഇല്ലാതായതിന്റെ നീറ്റുന്ന വേദന താങ്ങാനാവാതെയും എപ്പോഴാണ് ഇനി സ്വന്തം ജീവന്‍ ഇല്ലാതാവുന്നതെന്ന ഭയത്തിലും ജീവിക്കുന്നവര്‍ ചിരിക്കാന്‍ പോലും മറന്നു പോയിടത്ത് എന്ത് ആഘോഷങ്ങളാണ് അവശേഷിക്കുക.
ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇരുഭാഗത്തു നിന്നും പതിനായിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. സ്ത്രീകളും കുട്ടികളും ആണ് മരിച്ചവരില്‍ ഏറെയും. ഒക്ടോബര്‍ 7ന് ഹമാസ് പലസ്തീനില്‍ ആക്രമണം തുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ യുദ്ധം മൂന്ന് മാസം അറുതിയില്ലാതെ തുടരുകയാണ്. പ്രൗഢഗംഭീര ആഘോഷം നടത്തേണ്ട ജെറുസലേമും ബെത്‌ലഹേമും വിറങ്ങലിച്ച ദിനങ്ങളുടെ ഓര്‍മയില്‍ ആഘോഷങ്ങളൊന്നും ഇല്ലാതെ പരമ്പരാഗത ക്രിസ്മസ് ആരാധനയില്‍ മാത്രം ഒതുങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates