കണങ്കാലില്‍ മുറിവ്; മാംസം തിന്നുന്ന ബാക്ടീരിയ അണുബാധയെ തുടര്‍ന്ന്  11കാരന്‍ മരിച്ചു

അമേരിക്കയില്‍ 11കാരന്‍ അപൂര്‍വ്വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 11കാരന്‍ അപൂര്‍വ്വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് മരിച്ചു. കണങ്കാലില്‍ മുറിവ് ഉണ്ടായി ദിവസങ്ങള്‍ക്കകം മാംസം തിന്നുന്ന ബാക്ടീരിയ അണുബാധയെ തുടര്‍ന്നാണ് മരണം. 

ഫ്‌ളോറിഡയിലാണ് സംഭവം. വിന്റര്‍ പാര്‍ക്കിലെ ലേക്‌മോണ്ട് എലിമെന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ജെസി ബ്രൗണിനാണ് അണുബാധ ഉണ്ടായത്. രോഗം പിടിപെട്ട് രണ്ടാഴ്ചക്കകം മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മുറിവില്‍ നിന്നാകാം കുട്ടിക്ക് രോഗം പിടിപെട്ടതെന്നാണ് ഡോക്ടര്‍ പറയുന്നത്. ശരീരത്തില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന അപൂര്‍വ്വ ബാക്ടീരിയ അണുബാധയായ നെക്രോട്ടൈസിങ് ഫാസിയൈറ്റിസ് ബാധിച്ചാണ് കുട്ടി മരിച്ചത്. മാംസം തിന്നുന്ന ബാക്ടീരിയ കോശങ്ങളെ ആക്രമിക്കുന്നത് വഴി രോഗിയുടെ ആരോഗ്യനില വഷളാവുന്നതാണ് അസുഖത്തിന്റെ സ്വഭാവം. 

ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ കാലില്‍ ചുവന്ന നിറത്തില്‍ ചതവ് പോലെ തടിപ്പ് കണ്ടതാണ് തുടക്കമെന്ന് ബന്ധു പറയുന്നു.  മാംസം ഭക്ഷിക്കുന്ന ഗ്രൂപ്പ് എ സ്‌ട്രെപ്പ്  ബാക്ടീരിയ ബാധിച്ചതിന്റെ പ്രഥമ ലക്ഷണമായിരുന്നു അത്. തുടര്‍ന്ന്് രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്ക് വ്യാപിച്ച ബാക്ടീരിയ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കിയതായും ബന്ധു പറയുന്നു. ആരോഗ്യനില വഷളായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കകം ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധു പറയുന്നു. 

ഗ്രൂപ്പ് എ സ്‌ട്രെപ്പ് ബാക്ടീരിയ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് നെക്രോട്ടൈസിങ് ഫാസിയൈറ്റിസ്. കടുത്ത പനി, തൊണ്ടവേദന, കടുത്ത ശരീരവേദന, തൊലിയുടെ നിറംമാറല്‍, ക്ഷീണം, വയറിളക്കം, ഛര്‍ദി, അണുബാധയേറ്റ ഭാഗത്ത് ചുവന്ന തടിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണം. ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിവേഗം പടരുന്ന ബാക്ടീരിയ ശരീരത്തിലെ ഓരോ അവയവങ്ങളെയും ആക്രമിക്കാന്‍ തുടങ്ങും. ശരീരത്തില്‍ ഉണ്ടാവുന്ന മുറിവ്, പൊള്ളല്‍ തുടങ്ങിയവ വഴിയാണ് ബാക്ടീരിയ അകത്തു പ്രവേശിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com