ഒളിച്ചുകളിക്കാൻ കണ്ടെയ്നറിൽ കയറി, ഉറങ്ങിപ്പോയി; ബം​ഗ്ലാദേശി ബാലൻ ആറു ദിവസത്തിനുശേഷം ഇറങ്ങിയത് മലേഷ്യയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2023 08:48 AM  |  

Last Updated: 30th January 2023 08:49 AM  |   A+A-   |  

bangladesh boy in container

കണ്ടെയ്നറിൽ നിന്ന് ഇറങ്ങിവരുന്ന ബം​ഗ്ലാദേശി ബാലൻ/ വിഡിയോ സ്ക്രീൻഷോട്ട്

 

ധാക്ക; ഒളിച്ചു കളിക്കുന്നതിനായി ഷിപ്പിങ് കണ്ടെയ്നറിൽ കയറിയ ബം​ഗ്ലാദേശി ബാലൻ ആറു ദിവസത്തിനു ശേഷം ഇറങ്ങിയത് മലേഷ്യയിൽ. പതിനഞ്ചുകാരനായ ഫഹിം ആണ് ഭക്ഷണവും വെള്ളവുമില്ലാതെ കണ്ടെയ്നറിനുള്ളിൽ ആറു ദിവസം കഴിച്ചുകൂട്ടിയത്. 

ബംഗ്ലദേശിലെ ചിറ്റഗോങ് തുറമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്നു ഫഹിം. കൂട്ടുകാർക്ക് പിടികൊടുക്കാതിരിക്കാനായി ഫഹിം കണ്ടെയ്നറിൽ കയറി ഒളിച്ചു. അതിനിടെ ഉറങ്ങിപ്പോയതോടെ കണ്ടെയ്നർ യാത്ര ആരംഭിച്ചവിവരം ഫഹിം അറിഞ്ഞില്ല. 3000 കിലോമീറ്റർ പിന്നിട്ട് മലേഷ്യയിലെ പോർട്ട് ക്ലാങ്ങിലാണ് പിന്നീട് കുട്ടി ഇറങ്ങുന്നത്. 

ഈ മാസം 17ന് എത്തിയ കപ്പലിലെ കണ്ടെയ്നറിൽ നിന്ന് അധികൃതർ കുട്ടിയെ കണ്ടെത്തിയത്. കണ്ടെയ്നറിനകത്തുനിന്ന് ശബ്ദം കേട്ടാണു ജീവനക്കാർ ശ്രദ്ധിച്ചത്. തുടർന്ന് വാതിൽ തുറന്നപ്പോഴാണ് കുട്ടിയെ കണ്ടത്. അപരിചിതമായ സ്ഥലത്ത് എത്തപ്പെട്ടതിന്റെ അമ്പരപ്പോടെ കരയുന്ന കുട്ടിയുടെ വിഡിയോയും പുറത്തുവന്നു. എന്തു ചെയ്യണം എന്നറിയാതെ നിന്ന കുട്ടിയെ ജീവനക്കാർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തിയാണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ അറിയുകയായിരുന്നു. 

മനുഷ്യക്കടത്താണ് എന്ന് അധികൃതർ പേടിച്ചിരുന്നു. പിന്നീട് കുട്ടിയിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയതോടെയാണ് കളി കാര്യമായതാണെന്ന് മനസിലാക്കിയത്. കുട്ടിയെ കണ്ടെത്തുമ്പോൾ കടുത്ത പനിയുണ്ടായിരുന്നു. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണ്. കുട്ടിയെ അതേ കപ്പലിൽ നാട്ടിലേക്ക് തിരിച്ചയച്ചെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മോദി ഡോക്യുമെന്ററി; ബിബിസി ആസ്ഥാനത്ത് ഇന്ത്യക്കാരുടെ പ്രതിഷേധം (വീഡിയോ)​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ