96 മണിക്കൂര്‍ മാത്രം ഓക്‌സിജന്‍; യാത്രക്കാരായി അഞ്ച് 'പ്രമുഖര്‍', ടൈറ്റാനിക് 'സമാധി' കാണാന്‍ പോയ ടൈറ്റന് എന്തുപറ്റി?

അറ്റ്‌ലാന്റിക് കടലില്‍ അഞ്ച് യാത്രക്കാരുമായി കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു
ടൈറ്റന്‍ അന്തര്‍വാഹിനി/ട്വിറ്റര്‍
ടൈറ്റന്‍ അന്തര്‍വാഹിനി/ട്വിറ്റര്‍

റ്റ്‌ലാന്റിക് കടലില്‍ അഞ്ച് യാത്രക്കാരുമായി കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. ഞായറാഴാഴ്ച യാത്ര പുറപ്പെട്ട അന്തര്‍വാഹിനിയില്‍ ചില ബിസിനസ് ഭീമന്മാരാണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. വരും മണിക്കൂറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമാണ്. 

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായാണ് വിനോദ സഞ്ചാരികളുമായി അന്തര്‍വാഹിനി പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. 96 മണിക്കൂറാണ് ഈ അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ സപ്ലെ സംവിധാനം പ്രവര്‍ത്തിക്കുക. ഇനി 70 മണിക്കൂര്‍ മാത്രമാണ് അവശേഷിക്കുന്നത്. 

എന്താണ് ടൈറ്റന്‍? 

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന അന്തര്‍വാഹിനിയാണ് ടൈറ്റന്‍. സിനിമാ ചിത്രീകരണങ്ങള്‍, റിസര്‍ച്ചുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. 4,000 മീറ്റര്‍ താഴ്ചയില്‍ ഈ അന്തര്‍വാഹിനിക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഓഷ്യന്‍ ഗേറ്റ്‌സ് എക്‌സിപെഡിറ്റന്‍സ് എന്ന കമ്പനിയാണ് നിലവില്‍ ടൈറ്റന്‍ ഓപ്പറേറ്റ് ചെയ്യുന്നത്. 

10,432 കിലോയാണ് ഈ അന്തര്‍വാഹിനിയുടെ ഭാരമുള്ള ടൈറ്റന്‍, കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 5.5 കിലോമീറ്ററാണ് അന്തര്‍വാഹിനിയുടെ വേഗം. 

ടൈറ്റനില്‍ ആരൊക്കെ? 

അന്തര്‍വാഹിനിയിലെ അഞ്ച് യാത്രക്കാരും പ്രമുഖരാണ് എന്നാണ് വിവരം. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാര്‍ഡിങ് ഈ യാത്രക്കാരില്‍ ഒരാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ കാണാനായി, താന്‍ ഞായറാഴ്ച യാത്ര തിരിക്കുകയാണെന്ന് 58കാരനായ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഏവിയേഷന്റെ ചെയര്‍മാന്‍ ആയ അദ്ദേഹം, ബഹിരാകാശ സഞ്ചാരി കൂടിയാണ്. 

പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദും മകന്‍ സുലേമാനും അന്തര്‍വാഹിനിയില്‍ ഉണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോലെറ്റ് എന്നിവരും അന്തര്‍വാഹിനിയില്‍ ഉണ്ടെന്നാണ് സൂചന. 

12,500 മീറ്റര്‍ താഴ്ചയില്‍ ടൈറ്റാനിക്കിന്റെ 'സമാധി'

3,800 മീറ്റര്‍ താഴ്ചയിലാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത്. ഈ അവശിഷ്ടങ്ങള്‍ കാണാനായി ഓഷ്യന്‍ ഗേറ്റ്‌സ് എക്‌സിപെഡിറ്റന്‍സ് അന്തര്‍വാഹിനി യാത്രകള്‍ സംഘടിപിക്കാറുണ്ട്. എട്ടു ദിവസത്തെ യാത്രക്ക് 25,0000 ഡോളറാണ് (ഏകദോശം രണ്ടു കോടി രൂപ) കമ്പനി ഈടാക്കുന്നത്. 

ടൈറ്റാനിക്കിന്റെ അവശിഷ്ടം/ എഎഫ്പി
 

തെരച്ചിലിന് സംയുക്ത സേന 

യുഎസ് നാവികസേന, യുഎസ് എയര്‍ഫോഴ്‌സ്, കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ്, കനേഡിയന്‍ സൈന്യം എന്നിവയുമായി ചേര്‍ന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡാണ് തെരച്ചില്‍ നടത്തുന്നത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നടക്കുന്ന തെരച്ചില്‍/എഎഫ്പി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com