കടലിനടിയിലെ മലനിരകളും മോശം കാലാവസ്ഥയും വെല്ലുവിളി, ഇന്നുച്ചയ്ക്ക് മുന്‍പ് ഓക്‌സിജന്‍ തീരും; രക്ഷിക്കാനാകുമോ ടൈറ്റനിലെ അഞ്ചുജീവനുകള്‍?, പ്രാര്‍ഥനയോടെ ലോകം 

ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് യാത്രക്കാരുമായി  അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
ടൈറ്റന്‍ അന്തര്‍വാഹിനി/ട്വിറ്റര്‍
ടൈറ്റന്‍ അന്തര്‍വാഹിനി/ട്വിറ്റര്‍

ലണ്ടന്‍:  ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് യാത്രക്കാരുമായി  അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. ബ്രിട്ടീഷ് സമയം അനുസരിച്ച് അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ ഉച്ചയോടെ തീരുമെന്ന നിഗമനത്തില്‍ എങ്ങനെയെങ്കിലും സഞ്ചാരികളെ കണ്ടെത്തി രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. അതിനിടെ കടലിനടിയിലെ മലനിരകളും കാലാവസ്ഥ മാറ്റവും തിരച്ചിലിന് പ്രതികൂലമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

തിരച്ചില്‍ നടത്തുന്ന പ്രദേശത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ആഴത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കടലിന്റെ അടിയില്‍ നിന്ന് നിരന്തരം കേട്ട മുഴക്കം സഞ്ചാരികളെ രക്ഷിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയില്‍ തിരച്ചില്‍ നടത്തുന്ന ദൗത്യസംഘത്തിന് ആവേശം പകര്‍ന്നിരുന്നു. എന്നാല്‍ സമുദ്രത്തില്‍ മുഴക്കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനിടെ, ടൈറ്റന്‍ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.പേടകം ജലോപരിതലത്തിലേക്ക് ഉയര്‍ത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയര്‍ന്നു വന്നാല്‍ത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണെന്നും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ മറൈന്‍ എന്‍ജിനീയറിങ് പ്രഫസര്‍ അലിസ്റ്റെയര്‍ ഗ്രേഗ് അഭിപ്രായപ്പെട്ടു.

പേടകം പുറത്തുനിന്ന് ബോള്‍ട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികര്‍ക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിയ നിലയിലാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകും. അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാല്‍ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഓഷന്‍ ഗേറ്റ് ടൈറ്റന്‍' സമുദ്രപേടകത്തിന് ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30നാണു മാതൃപേടകമായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോള്‍ 4 ദിവസത്തേക്കുള്ള ഓക്‌സിജനാണു പേടകത്തിലുണ്ടായിരുന്നത്. ഇന്നുച്ചയ്ക്ക് അതു തീരും. ഇതിന് മുന്‍പ് പേടകം കണ്ടെത്തിയാല്‍ മാത്രം പോരാ, 5 ജീവനുകള്‍ രക്ഷിക്കുകയും വേണം. 

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണു പേടകത്തിനുള്ളില്‍.

കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം യുഎസ് കോസ്റ്റ്ഗാര്‍ഡും ഫ്രാന്‍സും പങ്കെടുക്കുന്ന തീവ്രമായ തിരച്ചില്‍ തുടരുകയാണ്. ഡീപ് എനര്‍ജി എന്ന കപ്പലും കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് സി  130 വിമാനങ്ങളും അരിച്ചുപെറുക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com