

കരിങ്കടലിന് മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന തങ്ങളുടെ ഡ്രോണ്‍ റഷ്യന്‍ യുദ്ധവിമാനം തകര്‍ത്തെന്ന് അമേരിക്ക. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അമേരിക്ക ആരോപിച്ചു. അമേരിക്കയുടെ എംക്യു-9 റീപ്പര്‍ ഡ്രോണിലാണ് റഷ്യന്‍ വിമാനം ഇടിച്ചത് എന്നാണ് അമേരിക്കയുടെ ആരോപണം.
എന്നാല്‍ അമേരിക്കന്‍ ആരോപണം റഷ്യ നിഷേധിച്ചു. ക്രിമിയയ്ക്ക് സമീപം റഷ്യന്‍ യുദ്ധവിമാനങ്ങളുമായി നേര്‍ക്കുനേര്‍ വന്നതിനാല്‍ ഡ്രോണ്‍ മനപ്പൂര്‍വ്വം കടലില്‍ വീഴ്ത്തുകയായിരുന്നു എന്നാണ് റഷ്യ പറയുന്നത്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ വിഷയം പ്രസിഡന്റ് ബൈഡനെ ധരിപ്പിച്ചു. റഷ്യയുമായി നേരിട്ട് സംസാരിക്കുമെന്നും വിഷയത്തിലെ ആശങ്ക റഷ്യയെ അറിയിക്കുമെന്നും ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. പ്രതിഷേധം അറിയിക്കാനായി റഷ്യന്‍ അംബാസഡറെ വിളിച്ചു വരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യോമപാതയില്‍ കരിങ്കടലിന് മുകളില്‍ വെച്ച് റഷ്യയുടെ രണ്ട് എസ്-യു 27 ഫൈറ്റര്‍ ജെറ്റുകള്‍ ഡ്രോണിനെ തടയുകയായിരുന്നു എന്നാണ് യുഎസ് യൂറോപ്യന്‍ കമാന്‍ഡ് പറയുന്നത്. ഇതില്‍ ഒരെണ്ണം എംക്യു-9ന്റെ പ്രൊപ്പല്ലറില്‍ ഇടിച്ചു. അതിനാല്‍ ഡ്രോണ്‍ കടലില്‍ ഇടിച്ചിറക്കേണ്ടിവന്നെന്നും യുഎസ് കമാന്‍ഡ് പറയുന്നു.
ഡ്രോണിന് മുന്നില്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ നിരവധി തവണ പറക്കുകയും ഡ്രോണിലേക്ക് ഇന്ധനം പമ്പ് ചെയ്യുകയുമുണ്ടായി എന്നും അമേരിക്ക ആരോപിച്ചു. റഷ്യന്‍ വിമാനങ്ങള്‍ 30-40 മിനിറ്റ് ഡ്രോണിന് സമീപം പറന്നെന്ന് പെന്റഗണ്‍ പറയുന്നു. അതേസമയം, ഡ്രോണില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നോ എന്നതില്‍ യുഎസ് വിശദീകരണം നടത്തിയിട്ടില്ല. കടലില്‍ വീണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തിട്ടുമില്ല.
യുക്രൈന്‍ യുദ്ധത്തില്‍ തങ്ങളുടേതാണ് പ്രഖ്യാപിച്ച മേഖലയിലേക്ക് യുഎസ് ഡ്രോണ്‍ അതിക്രമിച്ചു കയറി സൈനികരുട നീക്കങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട എംക്യു-9 കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് റഷ്യന്‍ വിശദീകരണം. യുഎസിന്റെ യുദ്ധ വിമാനങ്ങളും കപ്പലുകളും റഷ്യന്‍ അതിര്‍ത്തിക്ക് സമീപം വരേണ്ട ഒരു സാഹചര്യവുമില്ലെന്നും ഡ്രോണിന്റെ കടന്നുകയറ്റം തീര്‍ത്തും പ്രകോപനപരമാണെന്നും അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റോനോവ് പറഞ്ഞു.
2014ല്‍ ക്രിമിയ പിടിച്ചെടുത്തതിന് ശേഷം, യുഎസ് നിരീക്ഷണ വിമാനങ്ങള്‍ ക്രിമിയന്‍ അതിര്‍ത്തിയിലേക്ക് വരുന്നതിന് എതിരെ റഷ്യ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തിന് ശേഷം, ആദ്യമായാണ് റഷ്യ-യുഎസ് യുദ്ധ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാകുന്നത് എന്നതും പ്രസക്തമാണ്. യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആരോപണവുമായി യുഎസ് രംഗത്തെത്തിയതോടെ, യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പങ്കാളികളാകുമോ എന്ന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും പൊലീസ്; തടഞ്ഞ് പ്രവര്‍ത്തകര്‍, ലാഹോറില്‍ സംഘര്‍ഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates