ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി യുക്രൈനിലേക്ക് പറന്നു; ഷിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിനിടെ അപ്രതീക്ഷിത നീക്കവുമായി ജപ്പാന്‍ പ്രധാനമന്ത്രി

യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ
ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്കൊപ്പം/ എഎഫ്പി
ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്കൊപ്പം/ എഎഫ്പി


കീവ്: യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് റഷ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് കിഷിദയുടെയും സന്ദര്‍ശനം. ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് കിഷിദ യുക്രൈനിലേക്ക് പറന്നത്. ഈ മാസം 19 മുതല്‍ 21 വരെയാണ് കിഷിദ ഇന്ത്യാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച അപ്രതീക്ഷിതമായി സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ പോളണ്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് യുക്രൈനിലെത്തിയത്. 

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഷി ജിന്‍പിങ് നീക്കം നടത്തുന്നതിനിടെയാണ് ചൈനയുമായി ശത്രുത പുലര്‍ത്തുന്ന ജപ്പാന്റെ പ്രധാനമന്ത്രി യുക്രൈനില്‍ എത്തിയത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങള്‍ പാടെ തെറ്റിച്ചികൊണ്ടുള്ളതാണെന്ന് കിഷിദയും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ജപ്പാനും യുക്രൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയിലെത്തി. യുക്രൈന്‍ മണ്ണില്‍ നിന്ന് റഷ്യന്‍ സേന എത്രയും വേഗം പിന്‍മാറണമെന്നും കിഷിദയും സെലന്‍സ്‌കിയും ആവശ്യപ്പെട്ടു. യുക്രൈന്‍ ജനതയ്ക്കും ഊര്‍ജ മേഖല അടക്കമുള്ളവയ്ക്ക് നേരെയും റഷ്യ നടത്തുന്ന ആക്രമണത്തെയും കിഷിദ വിമര്‍ശിച്ചു. 

അതേസമയം, റഷ്യന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മടങ്ങി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ കുറിച്ച് ഷിയും പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ സൂചിപിക്കുന്നത്. റഷ്യയും ചൈനയും തമ്മില്‍ നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തി.

യുക്രൈന്‍ യുദ്ധം രാഷ്ട്രീയമായി അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഷി ജിന്‍പിങ്ങിന്റെ റഷ്യാ സന്ദര്‍ശനത്തെ ചൈന അവതരിപ്പിക്കുന്നത്. സെലന്‍സ്‌കിയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന അറിയിച്ചിരുന്നു. ഇറാന്‍-സൗദി ശത്രുത അവസാനിപ്പിക്കാനുള്ള നീക്കത്തിന് ശേഷമാണ് ഷി റഷ്യന്‍ സന്ദര്‍ശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. പഴയ സോവിയറ്റ് യൂണിയന്‍ അംഗങ്ങളായിരുന്ന രാജ്യങ്ങളുമായി കൂടുതല്‍ നയതന്ത്ര ബന്ധങ്ങള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും ചൈന അറിയിച്ചിട്ടുണ്ട്. ചൈന-സെന്‍ട്രല്‍ ഏഷ്യ സമ്മിറ്റില്‍ പങ്കെടുക്കാനായി ഖസക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്മിനിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ചൈന ക്ഷണിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com