തുര്‍ക്കിയില്‍ എര്‍ദോഗന് 'എളുപ്പമല്ല' കാര്യങ്ങള്‍; 51 ശതമാനം വോട്ടില്ല, തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്

തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക്. നിലവിലെ പ്രസിഡന്റ് തയ്യീപ് എര്‍ദോഗനാണ് മുന്നിലെങ്കിലും 99 ശതമാനം വോട്ടും എണ്ണി തീര്‍ത്തിട്ടും ജയിക്കാനുള്ള 51 ശതമാനം വോട്ട് നേടാന്‍ സാധിക്കാതെ വന്നതോടെയാണ് രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്.

രണ്ട് പതിറ്റാണ്ടായി രാജ്യം ഭരിക്കുന്ന എര്‍ദോഗന്‍, പ്രധാന എതിരാളി കെമാല്‍ ക്ലിച്ച്ദരോല്‍നെക്കാള്‍ മുന്നിലാണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ സമ്പൂര്‍ണ ആധിപത്യമില്ല. ആഭ്യന്തര വോട്ടുകളില്‍ 99.4 ശതമാവും രാജ്യാന്തര വോട്ടുകളില്‍ 84 ശതമാനവും എണ്ണിക്കഴിഞ്ഞപ്പോള്‍, എര്‍ദോഗന്‍ 49.4 ശതമാനം വോട്ട് നേടി. കെമാല്‍ 45ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ സിനാന്‍ ഓഗന്‍ 5.2 ശതമാനം വോട്ടും നേടിയിട്ടുണ്ട്.

51 ശതമാനം വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. ഇല്ലെങ്കില്‍ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും. രണ്ടാംഘട്ട വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തുള്ള സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി, പ്രധാന രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലാകും പോരാട്ടം.  
ഇത്തവണയും താന്‍ തന്നെ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച എര്‍ദോഗന്‍, എന്നിരുന്നാലും രണ്ടാം ഘട്ട വോട്ടെടുപ്പിലെ ജനവിധി എന്തായാലും മാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ നേഷന്‍ അലയന്‍സിന്റെ സ്ഥാനാര്‍ത്ഥിയാണ് കെമാല്‍ ക്ലിച്ച്ദരോല്‍. അഭിപ്രായ സര്‍വെകളില്‍ കെമാലിനാണ് നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്നത്.

രണ്ടാം റൗണ്ടില്‍ താന്‍ വിജയിക്കുമെന്ന് കെമാലും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. 600 അംഗ പാര്‍ലമെന്റില്‍ എര്‍ദോഗന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്പ്മെന്റ് പാര്‍ട്ടിയാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. 49.3ശതമാനം വോട്ട് ഇതിനോടകം ജസ്റ്റിസ് പാര്‍ട്ടി നേടിയിട്ടുണ്ട്. കെമാലിന്റെ നേഷന്‍ അലയന്‍സ് 35.2 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്.

തുര്‍ക്കിയെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പം നടന്നതിന് പിന്നാലെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് എര്‍ദോഗന് എതിരെ വിമര്‍ശനം ശക്തമായിരുന്നു.

ഖുര്‍ദിഷ് പാര്‍ട്ടിയുടെ പിന്തുണ കെമാലിന് ആണെന്നും അദ്ദേഹം തീവ്രവാദികള്‍ക്കൊപ്പം സന്ധി ചെയ്യുന്നു എന്നുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിക്ക് എതിരായ എര്‍ദോഗന്റെ പ്രധാന ആരോപണം.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com