ഇസ്രയേല്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ശക്തമായി നേരിടും; ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ്

ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി തെക്കന്‍ ഗാസയിലേക്ക് പ്രവര്‍ത്തനം മാറ്റി
ഇസ്രയേൽ സേന ​ഗാസയിലേക്ക് ആക്രമണം നടത്തുന്നു/ പിടിഐ
ഇസ്രയേൽ സേന ​ഗാസയിലേക്ക് ആക്രമണം നടത്തുന്നു/ പിടിഐ

ജെറുസലേം:  ഇസ്രയേല്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന് ഹമാസ്. ഇതുവരെ കാണാത്ത തിരിച്ചടിയാകും ഉണ്ടാകുക. ഇസ്രയേലിന് കനത്ത നാശനഷ്ടമാകും ഉണ്ടാകുകയെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹമാസിന്റെ മുന്നറിയിപ്പ്. 

വടക്കന്‍ ഗാസയിലെ 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാനാണ് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഗാസ നദിയുടെ വടക്കുഭാഗത്തുള്ളവരെ 24 മണിക്കൂറിനകം തെക്കോട്ടു മാറ്റണമെന്നാണ് ഇസ്രയേല്‍ യു എന്നിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

ഗാസയിലെ നിരപരാധികളായ ജനങ്ങള്‍ ആക്രമിക്കപ്പെടരുത് എന്നതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ജൊനാഥന്‍ കോര്‍ണിക്കസ് പറഞ്ഞു. ജനങ്ങളെ ഒഴിപ്പിക്കല്‍ അപ്രായോഗികമാണെന്ന് യുഎന്‍ അറിയിച്ചിട്ടുണ്ട്. ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി തെക്കന്‍ ഗാസയിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്. 

വടക്കന്‍ ഗാസയില്‍ ഭൂഗര്‍ഭ അറകളിലും ബങ്കറുകളിലും മറ്റും ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിപ്പുണ്ടെന്നും, വ്യോമാക്രമണം കൊണ്ടു മാത്രം അവരെ തുരത്താനാകില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ സേന ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നത്. ഏതു നിമിഷവും കരയുദ്ധം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെള്ളിയാഴ്ച "രോഷ ദിനം" ആചരിക്കാനും ജനകീയ പ്രതിഷേധത്തിനും ഹമാസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് മറുപടിയായി,  ലോകമെമ്പാടുമുള്ള ഇസ്രായേലികളും ജൂതന്മാരും ജാഗരൂകരായിരിക്കാനും പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിലും വിദേശകാര്യ മന്ത്രാലയവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com