

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും ഇളവുകള്‍ നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും അടിയന്തരമായി റദ്ദാക്കിയെന്നും സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും വിമാനക്കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും എയര്‍ ഇന്ത്യ, എക്സില്‍ പങ്കുവെച്ച കുറിപ്പിലുണ്ട്.
രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കടുത്തതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടിരുന്നു. പിന്നീടവര്‍ സൈനിക വിമാനത്തില്‍ സഹോദരിക്കൊപ്പം ഡല്‍ഹിയിലെത്തി. അവിടെ നിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം, ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ സൈന്യം ഭരണം ഏറ്റെടുത്തു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണ്. സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates