

സോൾ: പ്രതിഷേധം കനത്തതോടെ ദക്ഷിണ കൊറിയയിൽ നടപ്പിലാക്കിയ പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൺ സുക് യോൾ. ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ് പട്ടാള നിയമം പിൻവലിച്ച് ഉത്തരവിറക്കിയത്. പട്ടാള നിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു. ഇതോടെ വലിയ പ്രതിഷേധങ്ങളുയർന്നു.
നാഷണൽ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിൻവലിക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂൺ പറഞ്ഞു. ഇതിനായി വിന്യസിച്ചിട്ടുള്ള സൈന്യത്തെയും പിൻവലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ശക്തികളിൽ നിന്ന് ലിബറൽ ദക്ഷിണ കൊറിയയെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കാനുമായി പട്ടാള നിയമം പ്രഖ്യാപിക്കുന്നു'- എന്നാണ് തത്സമയ ടെലിവിഷൻ സംപ്രേഷണത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് അറിയിച്ചത്.
പ്രതിപക്ഷത്തെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ച യൂൺ രാജ്യത്തെ ലിബറൽ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റിൽ യൂനും പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പുകയുകയാണ്. അടുത്ത വർഷത്തെ ബജറ്റിനെ ചൊല്ലി യൂനിന്റെ പവർ പാർട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണ് യൂൺ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates