'ചിഡോ'യില്‍ തകര്‍ന്നടിഞ്ഞ് ഫ്രഞ്ച് മയോട്ടെ; ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ്

മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റില്‍ ദ്വീപ് സമൂഹം താറുമാറായി
cyclone chido
ചിഡോ ചുഴലിക്കാറ്റ് നാശം വിതച്ച മയോട്ടെ എപി
Updated on

പാരീസ്: ഈ നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റില്‍ ഫ്രഞ്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ടെ ദ്വീപ് സമൂഹത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റില്‍ ദ്വീപ് സമൂഹം താറുമാറായി. വീടുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവകള്‍ക്കെല്ലാം കനത്ത നാശനഷ്ടമുണ്ടായതായി ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കി.

മരങ്ങള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വീണ നിലയിലാണ് പലയിടത്തും. വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി. മയോട്ടെ ദ്വീപസമൂഹത്തില്‍ 90 വര്‍ഷത്തിനിടെ അടിച്ച ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണ് ചിഡോ. മയോട്ടെയില്‍ 3.2 ലക്ഷം ആളുകളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. 1841ല്‍ ആണ് മയോട്ടെ ഫ്രാന്‍സിന്റെ അധീനതയിലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ കൊമോറോസില്‍നിന്നും ഇങ്ങോട്ടേക്ക് വലിയ തോതില്‍ അഭയാര്‍ഥി പ്രവാഹമുണ്ടാകുന്നുണ്ട്.

ഫ്രാന്‍സിന്റെ 18 മേഖലകളിലൊന്നാണ് മയോട്ടെ. ഓവര്‍സീസ് ഡിപ്പാര്‍ട്‌മെന്റ് എന്ന ഗണത്തില്‍പെടുന്ന സ്ഥലമാണിത്. യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും അകലെയുള്ള മേഖല എന്ന പ്രത്യേകതയും മയോട്ടെയ്ക്കുണ്ട്. ഗ്രാന്‍ഡ് ടെറി അല്ലെങ്കില്‍ മായോറെയാണ് പ്രധാനപ്പെട്ടതും വലുതുമായ ദ്വീപ്. 39 കിലോമീറ്റര്‍ നീളവും 22 കിലോമീറ്റര്‍ വീതിയും ഈ ദ്വീപിനുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച മയോട്ടെക്ക് സഹായം എത്തിച്ച ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നന്ദി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com