ജീവിതത്തിലേക്ക് മടങ്ങിവരാന്‍ 50 ശതമാനം മാത്രം സാധ്യത; ബാഷര്‍ അല്‍-അസദിന്റെ ഭാര്യ അസ്മയ്ക്ക് രക്താര്‍ബുദം, റിപ്പോര്‍ട്ട്

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ ഭാര്യ അസ്മ അല്‍ അസദിന് രക്താര്‍ബുദമെന്ന് റിപ്പോര്‍ട്ട്
BASHAR ASSAD AND WIFE
ബാഷര്‍ അസദിനൊപ്പം അസ്മ
Updated on

മോസ്‌കോ: വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ ഭാര്യ അസ്മ അല്‍ അസദിന് രക്താര്‍ബുദമെന്ന് റിപ്പോര്‍ട്ട്. അസ്ഥിമജ്ജയിലും രക്തത്തിലും ഉണ്ടാകുന്ന ഒരു മാരകമായ അര്‍ബുദത്തിനെതിരെ അവര്‍ പോരാടുകയാണെന്നും അതിജീവിക്കാന്‍ 50-50 സാധ്യത മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനായി അസ്മയെ ഐസൊലേറ്റ് ചെയ്ത് ചികിത്സ നല്‍കി വരികയാണെന്നാണ് വിവരം.

ബ്രിട്ടനില്‍ ജനിച്ച മുന്‍ പ്രഥമ വനിതയ്ക്ക് 2019 ല്‍ സ്തനാര്‍ബുദം കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തെ ചികിത്സ കൊണ്ട് രോഗം ഭേദമായി. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം അവര്‍ക്ക് രക്താര്‍ബുദം പിടിപെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1975ല്‍ ലണ്ടനിലാണ് അസ്മ ജനിച്ചത്. മാതാപിതാക്കള്‍ സിറിയക്കാരാണ്. അസ്മയ്ക്ക് ബ്രിട്ടീഷ്-സിറിയന്‍ പൗരത്വമുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്ങില്‍ കരിയര്‍ പിന്തുടരുന്നതിന് മുമ്പ് ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദം പൂര്‍ത്തിയാക്കി. അസ്മ 2000 ഡിസംബറിലാണ് ബാഷര്‍ അല്‍-അസദിനെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

സിറിയന്‍ കലാപം ആരംഭിച്ചതുമുതല്‍ തന്റെ കുട്ടികളോടൊപ്പം ലണ്ടനിലേക്ക് പോകാന്‍ അസ്മ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടെ ബാഷര്‍ അസദില്‍ നിന്നും അസ്മ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയിലെ ജീവിതത്തില്‍ തൃപ്തയാകാത്തതിനെത്തുടര്‍ന്ന് വിവാഹമോചനത്തിന് ഭാര്യ അപേക്ഷ നല്‍കിയതായി തുര്‍ക്കി, അറബ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിമത സേന സിറിയ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് റഷ്യയില്‍ കുടുംബത്തോടൊപ്പമാണ് ബാഷര്‍ അസദ് അഭയം തേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com