ന്യൂയോര്‍ക്ക്: തുടര്‍ച്ചയായിട്ടല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രണ്ടാമത്തേയാള്‍ എന്ന റെക്കോര്‍ഡ് ഡോണള്‍ഡ് ട്രംപിന്. ഈ നേട്ടമുണ്ടാക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്ലാന്‍ഡ് ആണ്. 2017 മുതല്‍ 2021 വരെയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്നത്. കഴിഞ്ഞ തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.
ഗ്രോവര്‍ ക്ലീവ്ലാന്‍ഡ് 1885ലാണ് ആദ്യമായി പ്രസിഡന്റ് ആകുന്നത്. 1889 വരെ ആ പദവിയില്‍ തുടര്‍ന്നു. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, 1893ല്‍ വൈറ്റ് ഹൗസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും വിജയിക്കുകയും 1897 വരെ സേവനം തുടരുകയും ചെയ്തു. 1884-ല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോള്‍, ബഫലോ ഗാര്‍മെന്റ് വ്യവസായ സൂപ്പര്‍വൈസര്‍ ആയിരുന്ന മരിയ ഹാല്‍പിന്‍ എന്ന സ്ത്രീ തന്റെ കുഞ്ഞിന്റെ അച്ഛന്‍ ക്ലീവ്‌ലാന്‍ഡ് ആണ് എന്ന് ആരോപണം ഉന്നയിച്ചു. കുട്ടിയെ മറ്റൊരു കുടുംബം ദത്തെടുത്തപ്പോള്‍ ക്ലീവ്ലാന്‍ഡ് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഹാല്‍പിനെ ഒരു മാനസികരോഗ വാര്‍ഡില്‍ പാര്‍പ്പിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിരാളിയായ ജെയിംസ് ബ്ലെയ്നെ അദ്ദേഹം കഷ്ടിച്ചാണ് പരാജയപ്പെടുത്തിയത്. 1865ല്‍ അവസാനിച്ച ആഭ്യന്തരയുദ്ധത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് അദ്ദേഹം. പിന്നീട് 1888ല്‍ മുന്‍ പ്രസിഡന്റ് വില്യം ഹെന്റി ഹാരിസണിന്റെ ചെറുമകന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ബെഞ്ചമിന്‍ ഹാരിസണെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 1893-ല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ക്ലീവ്‌ലാന്‍ഡ് വിജയിക്കുകയായിരുന്നു. ക്ലീവ്ലാന്‍ഡിന് പുറമേ, മാര്‍ട്ടിന്‍ വാന്‍ ബ്യൂറനും തുടര്‍ച്ചയായിട്ടല്ലാതെ രണ്ടാം തവണയും വിജയിക്കാന്‍ ശ്രമിച്ചു. 1837 മുതല്‍ 1841 വരെ അദ്ദേഹം യുഎസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1848 ല്‍ അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക