വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് വിജയത്തിലേക്ക്. 230 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ട്രംപ് നേടിയിട്ടുള്ളത്. 51 ശതമാനം ജനകീയ വോട്ടുകള്‍ ട്രംപിന് ലഭിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസ് 210 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഏറെ പിന്നിലായിരുന്ന കമല പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ സ്റ്റേറ്റുകളില്‍ ലീഡ് നേടാനായതാണ് ട്രംപിന് തുണയായത്. സ്വിങ്ങ് സ്റ്റേറ്റുകളിലൊന്നായ നോർത്ത് കരോലിന ട്രംപ് വിജയിച്ചു. മറ്റ് അഞ്ചു സംസ്ഥാനങ്ങളില്‍ ട്രംപ് ലീഡ് തുടരുകയാണ്. ജോര്‍ജിയ, അരിസോണ, പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ട്രംപ് മുന്നേറ്റം തുടരുന്നത്. മിനസോട്ട, മെയ്ന്‍, ന്യൂ ഹാംപ്ഷയര്‍ തുടങ്ങിയ സ്റ്റേറ്റുകളില്‍ കമല ഹാരിസും ലീഡ് ചെയ്യുന്നുണ്ട്. ലീഡിലെ മുന്നേറ്റം ട്രംപ് ക്യാമ്പുകളില്‍ ആവേശം നിറച്ചിട്ടുണ്ട്.
മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത ഇന്നലെ വിധിയെഴുതിയത്. യുഎസില്‍ 538 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ഉള്ളത്. ആകെ വോട്ടര്‍മാര്‍ 16 കോടിയാണ്. ഏഴു കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തിരുന്നു. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷം നേടാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിന് നടക്കും.
കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിട്ടുള്ളത്. കമല ഹാരിസ് (60) ജയിച്ചാല്‍ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണള്‍ഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാല്‍ അതും പുതിയ ചരിത്രമാകും. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായിട്ടല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. 2017 മുതല്‍ 2021 വരെയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക