കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം. അനുര കുമാര ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. 225 ല്‍ 159 സീറ്റുകളില്‍ ജയം നേടി എന്‍പിപി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുറപ്പിച്ചു. 61 ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിത്തീര്‍ത്തത്.
2010ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള സമാഗി ജന ബലവേഗയ 40 സീറ്റുകള്‍ മാത്രമാണ് നേടിയത്. പരമ്പരാഗത തമിഴ് ദേശീയ പാര്‍ട്ടികളെ മറികടന്ന് വടക്കന്‍ ജാഫ്‌ന ജില്ലയില്‍ വിജയിച്ച് എന്‍പിപി ചരിത്രം കുറിക്കുകയും ചെയ്തു. സിംഹള ഭൂരിപക്ഷ പാര്‍ട്ടികളൊന്നും ജാഫ്‌നയില്‍ ഇതുവരെ ജയിച്ചിട്ടില്ല. 80,000ത്തിലധികം വോട്ടുകള്‍ക്കാണ് എന്‍പിപി ജാഫ്‌ന ജില്ലയില്‍ വിജയിച്ചത്.യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുമ്പ് ജാഫ്‌നയില്‍ ഒരു സീറ്റ് നേടിയിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളോട് പ്രസിഡന്റ് ദിസനായകെ നന്ദി പറഞ്ഞു. ഒരു സമുദായത്തെ ഭിന്നിപ്പിച്ച് മറ്റൊന്നിനെതിരെ നിര്‍ത്തുന്ന യുഗം അവസാനിച്ചുവെന്നും, ആളുകള്‍ എന്‍പിപിയെ സ്വീകരിച്ചു കഴിഞ്ഞുവെന്നും ദിസനായകെ പറഞ്ഞു.
സെപ്തംബറില്‍ പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ തന്നെ ദിസനായകെ പാര്‍ലമെന്റ് പിരിച്ചു വിട്ടതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അടുത്തയാഴ്ച പുതിയ പാര്‍ലമെന്റ് യോഗം ചേരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക