വാഷിങ്ടണ്‍: കയറ്റുമതി നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എയ്‌റോസ്‌പേസ് ഭാഗങ്ങള്‍ വാങ്ങിയെന്ന കുറ്റത്തിന് 57കാരനായ ഇന്ത്യന്‍ പൗരന്‍ യുഎസില്‍ അറസ്റ്റില്‍. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എയര്‍ ചാര്‍ട്ടര്‍ സര്‍വീസ് പ്രൊവൈഡറായ അരെസോ ഏവിയേഷന്റെ മാനേജിങ് പാര്‍ട്ണറായ സഞ്ജയ് കൗശികിനെ ഒക്ടോബര്‍ 17ന് മിയാമിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
എയര്‍ ചാര്‍ട്ടറുകള്‍, എയര്‍ ആംബുലന്‍സുകള്‍, എയര്‍ ക്രാഫ്റ്റ് സ്‌പെയര്‍ പാര്‍ട്‌സ്, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വ്യോമയാന സ്ഥാപനമാണ് അരെസോ ഏവിയേഷന്‍. അറസ്റ്റിലായ കൗശിക് ഒറിഗോണ്‍ ജയിലില്‍ തടവിലാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ കൗശികിന് പരമാവധി 20 വര്‍ഷം വരെ തടവും ഒരു മില്യണ്‍ യുഎസ് ഡോളര്‍ പിഴയും ചുമത്തും.
റഷ്യയിലെ സ്ഥാപനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് വ്യോമയാന ഭാഗങ്ങളും സാങ്കേതിക വിദ്യയും നിയമവിരുദ്ധമായി നേടിയെടുക്കുന്ന അനധികൃത ശൃംഖലയുടെ ഭാഗമാണ് കൗശികെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കൗശിക് വിമാനത്തിന്റെ ഭാഗങ്ങളും ഘടകങ്ങളും യുഎസില്‍ നിന്ന് റഷ്യയിലേയ്ക്കും തിരിച്ചും കയറ്റുമതി ചെയ്തു. ഇതിനാവശ്യമായ ലൈസന്‍സോ വാണിജ്യ വകുപ്പിന്റെ അനുമതിയോ തേടിയിട്ടില്ല. കൗശികിന്റെ ഐക്ലൗഡ് അക്കൗണ്ടില്‍ നിന്നും ഇടപാടുകള്‍ നടത്തുമ്പോഴുണ്ടായ ആശയവിനിമയത്തിന്റെ രേഖകള്‍ കണ്ടെത്തിയതായും കോടതി രേഖകളിലുണ്ട്. 1 ( 126,185 യുഎസ് ഡോളര്‍)കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ കൗശിക് നടത്തിയതായും കോടതി രേഖകളില്‍ പറയുന്നുണ്ട്. സാമ്പത്തിക ഇടപാടുകളും മറ്റും നടത്തിയതിന്റെ ഇമെയില്‍ വിവരങ്ങള്‍ അടക്കമാണ് കൗശികിനെതിരെ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക