ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഇസ്ലാമബാദിൽ അരങ്ങേറിയ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. 4 അർധ സൈനികരും 2 പൊലീസുകാരുമാണ് മരിച്ചത്.
താനടക്കമുള്ള എല്ലാ തടവുകാരേയും മോചിപ്പിക്കാൻ ഇമ്രാൻ ഖാൻ നടത്തിയ ആഹ്വാനത്തിനു പിന്നാലെയാണ് അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജുഡീഷ്യറിയേക്കാൾ അധികാരം സർക്കാരിനു നൽകുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഇമ്രാൻ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധക്കാർ സുരക്ഷാ സൈനികർക്കു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്.
സർക്കാർ ഇസ്ലാമബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടായാൽ വെടി വയ്ക്കാനുള്ള ഉത്തരവമുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക