'കാനഡയ്ക്കു നന്ദി'; ബോംബ് ഭീഷണിയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യാ യാത്രക്കാരുമായി കനേഡിയന്‍ വിമാനം ഷിക്കാഗോയിലേക്ക്
ഒട്ടാവ: ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡ വിമാനത്താവളത്തില്‍ ഇറക്കിയ എയര്‍ ഇന്ത്യാ വിമാനത്തിലെ 191 യാത്രികരുമായി കനേഡിയല്‍ വിമാനം ഷിക്കാഗോയിലേക്ക് യാത്ര തിരിച്ചു. 20 ജീവനക്കാരുള്‍പ്പടെ 211 പേരാണ് വിമാനത്തിലുള്ളത്. എയര്‍ ഇന്ത്യയുടെ ഡല്‍ഹി - ഷിക്കാഗോ വിമാനമാണ് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി പരിശോധന നടത്തിയത്.
AI-127 വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനമായ ഷിക്കാഗോയിലേക്കുള്ള യാത്രയിലാണെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ഇഖാലൂടില്‍ നിന്ന് 3.54ന് പുറപ്പെട്ട കനേഡിയന്‍ വിമാനം 7.48ന് ഷിക്കാഗോയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. അപ്രതീക്ഷിത തടസ്സത്തിനിടയില്‍ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യക്കും നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും കാനേഡിയന്‍ വിമാനക്കമ്പനിക്കും ഇഖാലൂട് വിമാനത്താവള അധികൃതര്‍ക്കും എയര്‍ ഇന്ത്യ നന്ദി അറിയിച്ചു.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 777- 300 ഇആര്‍ വിമാനമാണ് ബാംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ അടിയന്തരമായ ലാന്‍ഡ് ചെയ്തത്.
വ്യാജ ബോംബ് ഭീഷണികളെത്തുടര്‍ന്ന് 48 മണിക്കൂറിനിടെ പത്തോളം ഇന്ത്യന്‍ വിമാനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലത്തിറക്കി പരിശോധിക്കേണ്ടിവന്നത്. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക