

ടോക്കിയോ: ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 50 കൊല്ലത്തോളം തടവില്‍ കഴിയുകയും ചെയ്ത ഇവാവോ ഹകമാഡയ്ക്ക് ഒടുവില്‍ നീതി. ജപ്പാനിലാണ് സംഭവം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞയാളാണ് മുന്‍ ബോക്‌സര്‍ കൂടിയായ ഇവാവോ ഹകമാഡ. കുറ്റവിമുക്തനായതിനു പിന്നാലെ, 88 കാരനായ ഹകമാഡയോട് ജാപ്പനീസ് പൊലീസ് മേധാവി ക്ഷമാപണം നടത്തി.
പൊലീസും പ്രോസിക്യൂട്ടര്‍മാരും ഹകമാഡയ്‌ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനും കുറ്റം ചെയ്തതായി സ്ഥാപിക്കാനും ശ്രമിച്ചുവെന്നും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവെന്ന് ഹകമാഡ പറയുന്നു.
നിരപരാധിത്വം തെളിയിക്കാന്‍ നീണ്ട 50 വര്‍ഷത്തോളമുള്ള നിയമപോരാട്ടമാണ് ഹകമാഡ നടത്തിയത്. പൊലീസ് മേധാവി തകയോഷി സുഡ തിങ്കളാഴ്ച അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ട് കണ്ടാണ് വ്യക്തിപരമായി ക്ഷമാപണം നടത്തുന്നുവെന്ന് പറഞ്ഞത്. അറസ്റ്റിന്റെ സമയം മുതല്‍ 58 വര്‍ഷത്തോളം പറഞ്ഞറിയിക്കാനാവാത്ത മാനസിക സമ്മര്‍ദവും വിഷമവും ഉണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നാണ് സന്ദര്‍ശനത്തിന് ശേഷം പൊലീസ് മേധാവി പറഞ്ഞത്. മാത്രവുമല്ല വീഴ്ച പറ്റിയതില്‍ സൂക്ഷ്മവും സുതാര്യവും ആയ അന്വേഷവും നടത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 91 വയസുള്ള സഹോദരിയാണ് ഹകമാഡയുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി അവസാനം വരെ ഒപ്പം പിന്തുണയുമായി നിന്നത്.
1966 ഓഗസ്റ്റില്‍ മധ്യ ജപ്പാനിലെ ഹമാമത്സുവില്‍ മിസോ ബീന്‍ പേസ്റ്റ് കമ്പനിയിലെ ഒരു എക്‌സിക്യൂട്ടീവിനെയും കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തിയ കേസില്‍ ആണ് ഹകമാഡ അറസ്റ്റിലാകുന്നത്. 1968ല്‍ ഡിസ്ട്രിക്ട് കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പുനരന്വേഷണത്തിനായി അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീംകോടതി അത് പരിഗണിച്ചില്ല. 2008ലാണ് സഹോദരി രണ്ടാമതും അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. 2014ല്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ജപ്പാനില്‍ പുനര്‍വിചാരണയില്‍ കുറ്റവിമുക്തനാക്കപ്പെടുന്ന അഞ്ചാമത്തെ വധശിക്ഷാ തടവുകാരന്‍ കൂടിയാണ് ഇദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates