വോട്ടെടുപ്പിനൊടുവില്‍ ബാലറ്റുകള്‍ കത്തിക്കും, ചിമ്മിനിയില്‍ വെളുത്ത പുകയെങ്കില്‍ 'പാപ്പയെ കണ്ടെത്തി'

POPE FRANCIS
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ലോകം AP
Updated on
1 min read

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തോടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്കു കടക്കുകയാണ്, ആഗോള കത്തോലിക്കാ സഭ. അതീവ രഹസ്യവും കീഴ് വഴക്കങ്ങളാല്‍ കര്‍ക്കശവുമാണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍. കര്‍ദിനാള്‍മാരുടെ സമ്മേളനമാണ് സഭയുടെ പുതിയ നായകനെ തെരഞ്ഞെടുക്കുക.

മാര്‍പാപ്പയുടെ മരണത്തിന് പതിനഞ്ചു ദിവസത്തിനു ശേഷവും ഇരുപതു ദിവസത്തിനു മുമ്പും ഇടയിലുള്ള ദിവസങ്ങളില്‍ കര്‍ദിനാള്‍ കോണ്‍ക്ലേവ് ചേരണമെന്നാണ് ചട്ടം. വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലിലാണ് പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ തന്നെ പേപ്പല്‍ കോണ്‍ക്ലേവ് ചേരുന്നത്. 80 വയസ്സു കഴിഞ്ഞിട്ടില്ലാത്ത കര്‍ദിനാള്‍മാര്‍ക്കാണ് പുതിയ പാപ്പയെ കണ്ടെത്തുന്നതിനുള്ള വോട്ടവകാശത്തിന് അര്‍ഹതയുള്ളത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 252 കര്‍ദിനാള്‍മാരില്‍ 135 പേര്‍ക്കാണ് കോണ്‍ക്ലേവില്‍ വോട്ടിങ് അവകാശം. ഇതില്‍ 108 പേരും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചവരാണ്. 53 പേര്‍ യൂറോപ്പില്‍നിന്നുള്ളവരാണ്. 20 പേര്‍ വടക്കേ അമേരിക്കയില്‍നിന്നും 18 പേര്‍ ആഫ്രിക്കയില്‍നിന്നും 17 പേര്‍ തെക്കേ അമേരിക്കയില്‍നിന്നും 23 പേര്‍ ഏഷ്യയില്‍നിന്നുമാണ്. ഏഷ്യയില്‍നിന്നുള്ളവരില്‍ നാലു പേര്‍ ഇന്ത്യയില്‍നിന്നാണ്. സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ്, വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോര്‍ജ് ജേക്കബ് കൂവക്കാട്, ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല, ഗോവ മെട്രൊപൊളിറ്റന്‍ ആര്‍ച്ചബിഷപ്പ് കര്‍ദിനാള്‍ ഫിലിപ് നേരി അന്റോണിയോ സെബാസ്റ്റിയനോ ഡോ റൊസാരിയോ എന്നിവര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള നിയോഗം. മേജര്‍ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് 80 വയസ്സു കഴിഞ്ഞതിനാല്‍ സിറോ മലബാര്‍ സഭയ്ക്ക് കോണ്‍ക്ലേവില്‍ വോട്ടവകാശം ഉണ്ടാവില്ല. കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചല്ല, സെന്റ് അന്റോണിയോ ഡി പഡോവ ഡീക്കന്‍ എന്ന നിലയിലാവും കോണ്‍ക്ലേവില്‍ പങ്കെടുക്കുക.

POPE FRANCIS
മാര്‍പാപ്പയ്ക്ക് ആദരമര്‍പ്പിച്ച് ലോകരാജ്യങ്ങള്‍; ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം

അതീവ രഹസ്യമാണ് കോണ്‍ക്ലേവിലെ നടപടികള്‍. തുടക്കത്തില്‍തന്നെ കര്‍ദിനാള്‍മാര്‍ രഹസ്യ പ്രതിജ്ഞയെടുക്കും. ഓരോ ദിവസവും നാലു വോട്ടിങ് വീതമാവും ഉണ്ടാവുക. രണ്ടെണ്ണം രാവിലെയും രണ്ടെണ്ണം വൈകിട്ടും. ആരെങ്കിലും ഒരാള്‍ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുന്നതു വരെ ഇതു തുടരും.

ഓരോ സെഷനു ശേഷവും വോട്ടിങ് നടത്തിയ ബാലറ്റുകള്‍ കത്തിച്ചു കളയും. ചാപ്പലിലെ പുകക്കുഴലിലൂടെ വരുന്ന പുകയുടെ നിറമാവും പുറംലോകത്തിന് പുതിയ പാപ്പയെ തെരഞ്ഞെടുത്തതു സംബന്ധിച്ച സ്ഥിരീകരണം നല്‍കുക. കറുത്ത പുകയെങ്കില്‍ പാപ്പയെ കണ്ടെത്തിയില്ലെന്നും വെളുത്ത പുകയെങ്കിലും തെരഞ്ഞെടുപ്പു പൂര്‍ത്തിയായെന്നും അര്‍ഥം. വെള്ളപ്പുക ഉയരുന്നതിനു പിന്നാലെ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ മണികള്‍ മുഴങ്ങും.

Summary

Vatican’s secret process for choosing a new pope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com