

വത്തിക്കാന്‍ സിറ്റി: അധികാരമില്ലാത്തവരുടെ ശബ്ദമാകാന്‍ ശ്രമിച്ച വലിയ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യയാത്രയില്‍ ലോക നേതാക്കളുടെ നീണ്ട നിര. ലോക നേതാക്കള്‍ക്ക് പുറമെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, ബ്രിട്ടണില്‍ നിന്നും വില്യം രാജകുമാരന്‍, യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയ നേതാക്കള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കാളിയായി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നേതൃത്വത്തിലുള്ള സംഘവും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കാളിയായി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മനാടിന്റെ പ്രതിനിധി എന്ന നിലയില്‍ അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിയും ചടങ്ങില്‍ ശ്രദ്ധ നേടി. 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സംസ്‌കാരചടങ്ങുകളുടെ ഭാഗമാകുന്നത്.
ഏകദേശം രണ്ട് ലക്ഷത്തിലധികം പേര്‍ മാര്‍പാപ്പയുടെ അന്ത്യകര്‍മ്മങ്ങളുടെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള നാല് കിലോമീറ്ററോളം നീളുന്ന വിലാപയാത്രയില്‍ മൂന്ന് ലക്ഷത്തോളം പേര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കുമെന്നാണ് കണക്കുകള്‍. ആഡംബരങ്ങളില്ലാത്ത ശവമഞ്ചത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മൃതദേഹം സെന്റ് ലൂയിസില്‍ നിന്ന് പുറത്തേക്കെടുത്തപ്പോള്‍ സ്തൂതിഗീതങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നവരുടെ എണ്ണവും നിരവധിയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ സൗകര്യപൂര്‍വം വീക്ഷിക്കാന്‍ വലിയ സ്‌ക്രീനുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തില്‍ നടക്കുന്ന ചടങ്ങിന് 2500 പൊലീസുകാരെയും 1500 സൈനികരെയുമാണ് ഇറ്റലി നിയോഗിച്ചിരിക്കുന്നത്. വത്തിക്കാന്‍ തീരത്ത് ടോര്‍പ്പിഡോ കപ്പലുകളും നിലയുറപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
