
ഗാസ സിറ്റി: ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തെ പ്രധാന ഇടനാഴിയില്‍നിന്ന് പിന്മാറി ഇസ്രയേല്‍ സൈന്യം. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥപ്രകാരമാണ് ഇസ്രയേല്‍ പിന്മാറ്റം. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും ഇടയില്‍ നെത്‌സാരിം ഇടനാഴിയില്‍നിന്നാണ് സൈന്യം പിന്മാറിയത്.
ജനുവരി 19 ലെ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ ഇതുവരെ 16 ഇസ്രായേല്‍ ബന്ദികളെയും 566 പലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൈനികമേഖലയായി ഇസ്രയേല്‍ പ്രഖ്യാപിച്ച ആറുകിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴിയില്‍ നിന്നുള്ള പിന്മാറ്റം.
സൈന്യം പിന്മാറിയതോടെ കാറുകളിലും മറ്റുവാഹനങ്ങളിലുമായി കിടക്കകളും വീട്ടുസാധനങ്ങള്‍ നിറച്ച് നൂറുകണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ തുടങ്ങി. ഇസ്രയേല്‍സൈന്യം ഇടനാഴിയില്‍നിന്ന് പൂര്‍ണമായി പിന്മാറുന്നതോടെ 15 മാസമായി തുടരുന്ന യാത്രാനിയന്ത്രണത്തിനുകൂടിയാണ് അവസാനമാകുന്നത്.
വെടിനിര്‍ത്തല്‍ക്കരാര്‍ നിലവില്‍വന്നതു മുതല്‍ ഈ മേഖലയിലൂടെ വടക്കന്‍ ഗാസയിലേക്ക് പലസ്തീന്‍കാരെ ഇസ്രയേല്‍സൈന്യം കടത്തിവിട്ടുതുടങ്ങിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോള്‍ 33 ബന്ദികളെയും 1,900 തടവുകാരെയും മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 33 പേരില്‍ എട്ട് പേര്‍ മരിച്ചതായി ഇസ്രായേല്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക