ട്രംപ് മോഡല്‍ യുകെയിലും, ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍, ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ 
വ്യാപക പരിശോധന

ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ പരിശോധന
UK illegal migration
യുകെയിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നുഎക്സ്
Updated on

ലണ്ടന്‍: 'ട്രംപ് മോഡലി'നെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ബ്രിട്ടീഷ് സർക്കാരും. ഇതിനോടകം 800 പേരെ നാടുകടത്തിയതായാണ് റിപ്പോർട്ട്. യുകെ സർക്കാരിന്റെ നടപടിയെ വലിയ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഏറ്റവും കൂടുതൽ കുടിയേറിയിട്ടുള്ള രാജ്യമാണ് യുകെ. വിദ്യാര്‍ഥി വിസകളില്‍ ബ്രിട്ടനില്‍ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുണ്ട്. ഇവരെ കൂട്ടത്തോടെ തിരിച്ചയക്കാനാണ് നീക്കം.

ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ ജനുവരിയിൽ രാജ്യത്തെ 828 സ്ഥാപനങ്ങളിൽ റെയ്‌ഡ്‌ നടന്നതായും മുൻവർഷത്തെ അപേക്ഷിച്ച്‌ 48 ശതമാനത്തിന്റെ വർധനയുണ്ടായെന്നും അധികൃതർ അറിയിച്ചു. പരിശോധനയില്‍ 609 പേർ അറസ്റ്റിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 73 ശതമാനം പേർ അധികമായി അറസ്റ്റിലായതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ റസ്റ്റോറന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു.

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ റെസ്‌റ്റോറെന്റില്‍ നിന്ന് മാത്രം മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാലുപേരെ പിടികൂടിയതായാണ് വിവരം. വിവിധ രാജ്യങ്ങളിൽ നിന്ന് യുകെയിൽ അനധികൃതമായി കുടിയേറിയ 800 പേരെ നാല് ചാർട്ടേഡ് വിമാനങ്ങളിലായി നാടുകടത്തിയെന്നാണ് റിപ്പോർട്ട്. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം യുകെയില്‍ നിന്ന് നാടുകടത്തിയ ആളുകളില്‍ മയക്കുമരുന്ന്, മോഷണം, ലൈംഗിക കുറ്റകൃത്യം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരുമുണ്ടെന്നാണ് ബ്രിട്ടനിലെ അധികൃതര്‍ നല്‍കുന്ന വിവരം. അനധികൃതമായി ആളുകള്‍ ബ്രിട്ടനില്‍ എത്തുന്നത് തടയാന്‍ അന്താരാഷ്ട്ര കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റത്തിന്റെ പേരില്‍ ആളുകള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഈ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com