വാഷിങ്ടണ്‍: ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ ഡോണള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവില്‍ ട്രംപ് വെള്ളിയാഴ്ച ഒപ്പുവയ്ക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തെ ഐക്യം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കുന്നതോടെ സാധിക്കും എന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.
ഇതുസംബന്ധിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പുവയ്ക്കുന്നതോടെ ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്ക് ഭാഷാ സഹായം നല്‍കണമെന്ന മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കപ്പെടും. എന്നാല്‍ ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകളില്‍ രേഖകളും സേവനങ്ങളും നല്‍കുന്നത് തുടരണോ എന്ന് ഫെഡറല്‍ ഫണ്ടിംഗ് ലഭിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘടനകള്‍ക്കും തിരുമാനിക്കാനുള്ള വിവേചനാധികാരം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണമെന്ന് വാദിക്കുന്ന വിഭാഗമായ യു എസ് ഇംഗ്ലീഷ് കണക്കുകള്‍ അനുസരിച്ച് നിലവില്‍ 30-ലധികം സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നുണ്ട്. അതേസമയം തന്നെ ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി നിയോഗിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനുള്ള ശ്രമങ്ങളും യുഎസില്‍ പതിറ്റാണ്ടുകളായി നടന്നുവന്നിരുന്നു.
യുഎസ് പ്രസിഡന്റായി ട്രംപ് കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഔദ്യോഗിക വൈറ്റ് ഹൗസ് വെബ്സൈറ്റിന്റെ സ്പാനിഷ് ഭാഷാ പതിപ്പ് പിന്‍വലിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയവരോട് വെബ് സൈറ്റ് ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ വെബ് സൈറ്റ് പുനഃസ്ഥാപിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക