ട്രംപ് - മോദി ബന്ധത്തില്‍ വിള്ളല്‍?; സത്യപ്രതിജ്ഞയ്ക്ക് മോദിയില്ല; എസ്. ജയശങ്കര്‍ പങ്കെടുക്കും

പുതിയ ഭരണകൂടത്തിലെ പ്രമുഖരുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുമെന്നുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി
Donald Trump
ട്രംപും മോദിയും ഫയൽ
Updated on

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുതിയ ഭരണകൂടത്തിലെ പ്രമുഖരുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുമെന്നുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ക്ഷണം അനുസരിച്ച്, അമേരിക്കന്‍ ഐക്യനാടുകളുടെ 47-ാമത് പ്രസിഡന്റായി നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ജെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യാ സര്‍ക്കാരിനെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പ്രതിനിധീകരിക്കും. വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം 20 നാണ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം വട്ടം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്.

ജനുവരി 20 ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് വാഷിംഗ്ടൺ ഡിസിയിലെ യു എസ് ക്യാപിറ്റോളിൽ ആരംഭിക്കുക. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള ലോകനേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത്. തെരഞ്ഞെടുപ്പിൽ ട്രംപിന് 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ, എതിരാളി ഇന്ത്യൻ വംശജയായ കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഡോണൾഡ് ട്രംപിന് പ്രസിഡന്‍റ് സ്ഥാനം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡ‍ന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ പ്രസിഡന്‍റ് ചിട്ടയോടെ അധികാര കൈമാറ്റം ഉറപ്പാക്കണമെന്ന അമേരിക്കയിലെ പരമ്പരാഗത ശൈലി 2020 ൽ പ്രസിഡന്‍റായിരുന്ന ട്രംപ് തെറ്റിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com