Khaleda Zia
ഖാലിദ സിയഫയല്‍

അഴിമതിക്കേസ്: ഖാലിദ സിയയെ കുറ്റവിമുക്തയാക്കി ബംഗ്ലാദേശ് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡോ.സയ്യിദ് റഫാത്ത് അഹമ്മദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Published on

ധാക്ക: അഴിമതിക്കേസില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബിഎന്‍പി ചെയര്‍പേഴ്‌സണുമായ ഖാലിദ സിയയെ കുറ്റവിമുക്തയാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ഖാലിദ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബംഗ്ലാദേശ് സുപ്രീംകോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡോ.സയ്യിദ് റഫാത്ത് അഹമ്മദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രതികാരബുദ്ധിയോടു കൂടിയാണ് കേസെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സിയ ഓര്‍ഫനേജ് ട്രസ്റ്റ് അഴിമതി കേസിലാണ് ഖാലിദ സിയ, പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാന്‍ താരിഖ് റഹ്മാന്‍ തുടങ്ങി എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.

സിയ ഓര്‍ഫനേജ് ട്രസ്റ്റിന്റെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 2018 ഫെബ്രുവരിയിലാണ് സിയയെ പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുന്നത്. സിയയുടെ മകന്‍ താരിഖ്, മുന്‍ ചീഫ് സെക്രട്ടറി കമാല്‍ ഉദ്ദീന്‍ സിദ്ദിഖി എന്നിവരുള്‍പ്പെടെയുള്ള മറ്റു അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും കോടതി വിധിച്ചു. ഇതില്‍ താരിഖ്, സിദ്ദിഖി, മോമിനുര്‍ റഹ്മാന്‍ തുടങ്ങിയ പ്രതികള്‍ ഒളിവിലാണ്. പ്രത്യേക കോടതി വിധിക്കെതിരെ ഖാലിദ സിയ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ശിക്ഷാവിധി 10 വര്‍ഷമായി ഉയര്‍ത്തി. ഇതിനെതിരെയാണ് സിയ സുപ്രീംകോടതിയെ സമീപിച്ചത്.

വര്‍ഷങ്ങളോളം നീണ്ട കാലതാമസത്തിന് ശേഷം 2024 നവംബര്‍ 11നാണ് കോടതി ഖാലിദയുടെ ഹര്‍ജി അംഗീകരിച്ചത്. അന്തിമ വാദം കേള്‍ക്കുന്നത് വരെ ഹൈക്കോടതിയുടെ 10 വര്‍ഷത്തെ തടവ് ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അസുഖബാധിതയായ സിയ ഈ മാസം ആദ്യം വൈദ്യ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയി. 1991 മുതല്‍ 1996 വരെയും 2001ല്‍ മുതല്‍ 2006 വരെയും ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com