
ടെൽ അവീവ്: 15 മാസമായി തുടരുന്ന ഇസ്രയേൽ- ഹമാസ് യുദ്ധത്തിനു താത്കാലിക വിരാമം. വെടി നിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിനു ഇസ്രയേൽ മന്ത്രിസഭയുടെ ഉന്നത സുരക്ഷാ സമിതി അംഗീകാരം നൽകി. 33 അംഗ സമ്പൂർണ മന്ത്രി സഭ കൂടി ഇനി കരാറിനു അംഗീകാരം നൽകേണ്ടതുണ്ട്. ഭൂരിപക്ഷം അംഗങ്ങളും അനുകൂലിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
ഹമാസ് കരാർ ലംഘിച്ചാൽ ഇസ്രയേൽ യുദ്ധത്തിലേക്ക് മടങ്ങും. അമേരിക്കയുടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നു തനിക്കു ഉറപ്പു ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ക്യാബിനറ്റിൽ വ്യക്തമാക്കി. കരാർ പ്രാബല്യത്തിൽ വന്നാൽ ബന്ദികളെ ഞായറാഴ്ച പുലർച്ചെ മുതൽ മോചിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായും നെതാന്യാഹു പറഞ്ഞു.
ബന്ദികളെ സ്വീകരിക്കാനും അവർക്കു വേണ്ട ചികിത്സ ഉറപ്പാക്കാനുമുള്ള സൗകര്യം ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദീർഘ കാലത്തേക്ക് ബന്ദികളായവർക്ക് ആരോഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നാല് ദിവസമെങ്കിലും ചുരുങ്ങിയത് ഇവരെ ആശുപത്രിയിൽ താമസിപ്പിക്കുന്നതിനുള്ള നിർദ്ദേശവും നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
യുഎസ് പിന്തുണയിൽ ഈജിപ്റ്റും ഖത്തറും മധ്യസ്ഥം വഹിച്ച് മാസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വെടി നിർത്തൽ സാധ്യമാകുന്നത്. ഖത്തറാണ് ചർച്ചയിൽ മുഖ്യമായി മധ്യസ്ഥം വഹിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക