
ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ശബ്ദ സന്ദേശം അവാമി ലീഗ് പാര്‍ട്ടി ഓണ്‍ലൈനില്‍ പങ്കിട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യം വിട്ടതിനെക്കുറിച്ചും ഓഗസ്റ്റ് 26ന് നടന്ന ഗ്രനേഡ് ആക്രമണത്തില്‍ താനും സഹോദരിയും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്നും ശബ്ദ സന്ദേശത്തില്‍ വിശദീകരിക്കുന്നു. കൊല്ലാന്‍ ശ്രമിച്ച രാഷ്ട്രീയ എതിരാളികളില്‍ നിന്ന് തന്നെ രക്ഷിച്ചതിന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിലാണ് ഷേഖ് ഹസീനയുടെ വാക്കുകള്‍.
പ്രധാനമന്ത്രി പദം രാജിവെച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5ന് സഹോദരി റെഹാനയ്‌ക്കൊപ്പം ധാക്കയില്‍ നിന്ന് പലായം ചെയ്ത ഷേഖ് ഹസീന ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷേഖ് ഹസീനയുടെ കൊട്ടാരം പ്രക്ഷോഭകാരികള്‍ വളഞ്ഞതിനെത്തുടര്‍ന്ന് രാജ്യം വിടുകയായിരുന്നു ഹസീന.
''ഞങ്ങള്‍ വെറും 20-25 മിനിറ്റിനുള്ളില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഓഗസ്റ്റ് 21ന് നടന്ന കൊലപാതകങ്ങളില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു. കൊട്ടാലിപ്പാറയിലെ ബോംബില്‍ നിന്ന് രക്ഷപ്പെട്ടു. അല്ലാഹുവിന്റെ ഇഷ്ടം, അല്ലാഹുവിന്റെ കൈ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇത്തവണ ഞാന്‍ അതിജീവിക്കുമായിരുന്നില്ല'', ഓഡിയോ ക്ലിപ്പില്‍ ബംഗ്ലാ ഭാഷയിലാണ് അവര്‍ പറഞ്ഞത്.
2004 ഓഗസ്റ്റ് 21ന് നടന്ന ഗ്രനേഡ് ആക്രമണത്തെക്കുറിച്ചാണ് ഈ പരാമര്‍ശം. അന്നത്തെ ആക്രമണത്തില്‍ പരിക്കുകളോടെയാണ് അവര്‍ രക്ഷപ്പെട്ടത്. രാജ്യം വിടേണ്ട സാഹചര്യത്തെക്കുറിച്ചും സന്ദേശത്തില്‍ പറയുന്നു. രാഷ്ട്രീയ എതിരാളികള്‍ തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതെങ്ങനെയെന്ന് ലോകം കണ്ടുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അല്ലാഹു താന്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് അതിജീവിച്ചതെന്നും ഹസീന പറയുന്നു.
''ഞാന്‍ കഷ്ടപ്പെടുകയാണ്, എന്റെ രാജ്യവും വീടും ഇല്ലാതെ. എല്ലാം കത്തി നശിച്ചു...'',പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശത്തിലെ വാക്കുകള്‍. ഷേഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഷേഖ് ഹസീനയുടെ വിസ കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. ഷേഖ് മുജീബുര്‍ റഹ്മാന്റെ മകള്‍ ഷേഖ് ഹസീന ഓഗസ്റ്റ് 5 വരെ ബംഗ്ലാദേശിനെ ഭരിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യം വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക