
ജെറുസലേം: 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാര്‍ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നടപ്പാകുന്ന സമയത്തിന് അരമണിക്കൂര്‍ മുമ്പ് ഇസ്രയേല്‍ കരാറില്‍നിന്ന് പിന്മാറുകയായിരുന്നു. ഇക്കാരണത്താല്‍ നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
വെള്ളിയാഴ്ച 6 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലിന്റെ പൂര്‍ണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നല്‍കിയത്. നേരത്തേ സുരക്ഷാ കാബിനറ്റും അനുമതി നല്‍കിയിരുന്നു. 3 ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവില്‍ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കും. ആദ്യ ദിവസം 3 സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക. ഏഴാം ദിവസം 4 പേരെയും. തുടര്‍ന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും.
ഗാസയിലുള്ള ഇസ്രയേല്‍ സൈനികര്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബഫര്‍ സോണിലേക്കു പിന്‍വാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീന്‍കാര്‍ക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടു കഴിഞ്ഞ് വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികള്‍ സുഗമമല്ലെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നു. ഗാസയില്‍ പ്രവേശിക്കാനായി സഹായവിതരണത്തിനുള്ള നൂറുകണക്കിനു ട്രക്കുകള്‍ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ ഇടനാഴിയില്‍ എത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക